കോഴിക്കോട്: സമീപകാലസംഭവങ്ങൾ മാധ്യമസ്വാതന്ത്ര്യത്തിൽ കേരളത്തിലുള്ള പ്രതീക്ഷയും നഷ്ടപ്പെടുത്തിയെന്ന് ടെലഗ്രാഫ് എഡിറ്റർ ആർ. രാജഗോപാൽ. ജനാധിപത്യവേദി സംഘടിപ്പിച്ച കെ.എസ്. ബിമൽ അനുസ്മരണത്തിന്റെ ഭാഗമായി നടന്ന ‘ജനാധിപത്യം, മാധ്യമസ്വാതന്ത്ര്യം’ സംവാദത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

To advertise here,

ഉത്തരേന്ത്യയിലും മറ്റും മാധ്യമസ്വാതന്ത്ര്യം ചോദ്യംചെയ്യപ്പെടുമ്പോൾ പിന്തുണയ്ക്കായി കേരളത്തെയാണ് ഉറ്റുനോക്കിയിരുന്നത്. എന്നാൽ, കാര്യങ്ങൾ മാറിയിരിക്കുന്നു. അഭിപ്രായസ്വാതന്ത്ര്യത്തിനെതിരേ കേന്ദ്രഭരണകൂടം തയ്യാറാക്കിയ അച്ച് അതേപടി ഇവിടെയും ഉപയോഗിക്കപ്പെടുന്നു. മറ്റു കേസുകളിൽ കാണാത്ത ശുഷ്കാന്തിയാണ് മാധ്യമപ്രവർത്തകരുടെപേരിലുള്ള കേസുകളിലുണ്ടാവുന്നത്. -രാജഗോപാൽ പറഞ്ഞു.

കന്നട മാധ്യമപ്രവർത്തകൻ ശിവസുന്ദർ, കെ. സഹദേവൻ, എൻ.പി. ചെക്കുട്ടി എന്നിവരും സംവാദത്തിൽ പങ്കെടുത്തു. എൻ.വി. ബാലകൃഷ്ണൻ മോഡറേറ്ററായി. കാമ്പസ് കവിതാപുരസ്കാരം വൈഷ്ണവ് സതീഷിനുവേണ്ടി പിതാവ് കെ.എസ്. സതീഷ് കുമാർ, ബിമലിന്റെ മാതാപിതാക്കളായ കേളപ്പൻ, സുശീല എന്നിവരിൽനിന്ന് ഏറ്റുവാങ്ങി. കൺവീനർ കെ.പി. ചന്ദ്രൻ, ചെയർമാൻ പി.കെ. പ്രിയേഷ് കുമാർ, ആർ. ഷാജി എന്നിവർ സംസാരിച്ചു.