കൊച്ചി: ആന എഴുന്നള്ളത്തിന് കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തി ഹൈക്കോടതി. എഴുന്നള്ളത്തിന് എത്തുന്ന ആനകളും ജനങ്ങളും തമ്മിൽ എട്ടു മീറ്റർ അകലവും ബാരിക്കേഡും വേണമെന്നത് ഉൾപ്പടെ കർശന വ്യവസ്ഥകളാണ് കോടതി മുന്നോട്ടുവെച്ചത്. 

To advertise here,

ആന എഴുന്നള്ളത്തുമായി ബന്ധപ്പെട്ട് കർശന വ്യവസ്ഥകൾ ഏർപ്പെടുത്തുമെന്ന് കോടതി നേരത്തേ മുന്നറിയിപ്പ് നൽകിയിരുന്നു. നിലവിലുള്ള നിയമത്തിന്റെ അടിസ്ഥാനത്തിൽ മാത്രമുള്ള മാർ​ഗരേഖയാണ് പുറപ്പെടുവിച്ചിരിക്കുന്നത് എന്നാണ് കോടതി വ്യക്തമാക്കിയിരിക്കുന്നത്. തിരുവിതാംകൂർ, കൊച്ചി, മലബാർ, ​ഗുരുവായൂർ ദേവസ്വങ്ങളെ കോടതി കക്ഷി ചേർക്കുകയും ചെയ്തു. 

എതിർപ്പുകൾ ഉണ്ടാകാനുള്ള സാധ്യത മുന്നിൽ കണ്ട്, മാർ​ഗരേഖ പുറത്തിറക്കാൻ സംസ്ഥാന സർക്കാർ മടിച്ചുനിൽക്കുകയായിരുന്നു. വളരെ സെൻസിറ്റീവായ വിഷയമാണിതെന്നും എല്ലാവരേയും കേൾക്കണം എന്നുമായിരുന്നു കഴിഞ്ഞ തവണ കേസ് പരി​ഗണിച്ചപ്പോൾ സംസ്ഥാന സർക്കാർ കോടതിയിൽ നിലപാട് അറിയിച്ചത്.  

ഹൈക്കോടതിയുടെ പ്രധാന നിർദേശങ്ങൾ

  • എഴുന്നള്ളത്തിന് ഒരു മാസം മുൻപ് ബന്ധപ്പെട്ടവർ ജില്ലാതല സമിതിക്ക് അപേക്ഷ നൽകണം. ഏതെല്ലാം ആനകളെയാണ് കൊണ്ടുവരുന്നത് എന്നത് ഉൾപ്പടെയുള്ള വിശദാംശങ്ങളും അപേക്ഷയിൽ വ്യക്തമാക്കണം. 
  • രണ്ട് ആനകൾ തമ്മിലുള്ള ദൂരം മൂന്ന് മീറ്റർ ഉണ്ടെന്ന് ഉറപ്പാക്കണം. 
  • പത്തു മിനിറ്റിലധികം ആനകളെ വെയിലത്ത് നിർത്തരുത്. ആനകളെ നിർത്തുമ്പോൾ മേൽക്കൂരയും തണലും ഉറപ്പാക്കണം. 
  • ആനകളെ സ്വകാര്യ ഡോക്ടർമാർ പരിശോധിച്ച സർട്ടിഫിക്കറ്റ് സ്വീകരിക്കരുതെന്നും സർക്കാർ വെറ്റിനറി ഡോക്ടർമാരുടെ സർട്ടിഫിക്കറ്റ് മാത്രം സ്വീകരിച്ചാൽ മതിയെന്നും ജില്ലാതല സമിതികൾക്ക് നിർദേശം.  
  • 125 കിലോമീറ്ററിലധികം ദൂരം ആനകളെ ഒരിടത്തുനിന്ന് മറ്റൊരിടത്തേക്ക് കൊണ്ടുപോകാനോ ആറ് മണിക്കൂറിലധികം തുടർച്ചയായി യാത്ര ചെയ്യിപ്പിക്കാനോ പാടില്ല.  
  • ആനയെ കൊണ്ടുപോകുന്ന വാഹനങ്ങൾ മണിക്കൂറിൽ 25 കിലോമീറ്ററിൽ കൂടുതൽ വേ​ഗത്തിൽ സഞ്ചരിക്കാൻ പാടില്ല. ഇതിന് സ്പീഡ് ​ഗവർണർ വേണം. മോട്ടോർ വാഹനവകുപ്പ് ഇക്കാര്യം ഉറപ്പുവരുത്തണം. 
  • ഒന്നിൽ കൂടുതൽ എഴുന്നള്ളത്തുകൾക്കിടയിൽ ആനകൾക്ക് മതിയായ വിശ്രമം ലഭിച്ചിട്ടുണ്ടെന്ന് ഉറപ്പാക്കണം. എഴുന്നള്ളത്തിന് 10ദിവസം മുൻപത്തേയും എഴുന്നള്ളത്ത് കഴിഞ്ഞ് അഞ്ചുദിവസത്തിന് ശേഷവുമുള്ള യാത്രാരേഖകൾ പരിശോധിക്കണം. 
  • രാവിലെ ഒൻപതിനും വൈകീട്ട് അഞ്ചിനും ഇടയിൽ ആനകളെ പൊതുനിരത്തിലൂടെ എഴുന്നള്ളിക്കരുത്. ഇതേ സമയങ്ങളിൽ ആനയെ ലോറിയിൽ കയറ്റി കൊണ്ടുപോകാനും പാടില്ല.