കൊച്ചി: നഗരത്തില്‍ സ്വകാര്യ ബസുകള്‍ക്ക് നിയന്ത്രണവുമായി ഹൈക്കോടതി. നഗരമേഖലയില്‍ ഹോണടിക്കുന്നത് തടയണം. ഓവര്‍ടേക്കിങ് കര്‍ശനമായി നിരോധിക്കണം. സ്വകാര്യ ബസുകള്‍ റോഡിന്റെ ഇടതുവശം ചേര്‍ന്ന് പോകണമെന്നും കോടതി നിര്‍ദേശിച്ചു. 

To advertise here,

പോലീസിനും മോട്ടോര്‍വാഹന വകുപ്പിനുമാണ് കോടതി നിര്‍ദേശം നല്‍കിയിരിക്കുന്നത്. ഓട്ടോറിക്ഷകള്‍ക്കും ഈ നിയന്ത്രണം ബാധകമാക്കണമെന്നും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. 

പെരുമ്പാവൂര്‍ നഗരപരിധിയിലെ ഓട്ടോറിക്ഷാ പെര്‍മിറ്റുകളുമായി ബന്ധപ്പെട്ട ഹര്‍ജിയില്‍ വാദം കേള്‍ക്കവെയാണ് ഹൈക്കോടതി കൊച്ചിയിലെ വിഷയത്തില്‍ ഇടപെട്ടത്. നഗരത്തിലെ ബസുകളുടെ ചീറിപ്പായലും തോന്നിയതുപോലുള്ള വാഹനമോടിക്കലും ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ക്കും മോട്ടോര്‍വാഹന വകുപ്പിനും നിര്‍ദേശം നല്‍കിയത്.

ബന്ധപ്പെട്ട വകുപ്പുകള്‍ ഇതുസംബന്ധിച്ച ഉത്തരവിറക്കണമെന്ന് കോടതി നിര്‍ദേശം നല്‍കിയിട്ടുണ്ട്.