കൊച്ചി: എൻഡിഎയുടെ ഘടകകക്ഷി കേന്ദ്രമന്ത്രി ജിതൻ റാം മഞ്ജിയുടെ നേതൃത്വത്തിലുള്ള ഹിന്ദുസ്ഥാനി അവാം മോർച്ച (സെക്കുലർ)-ഹം പാർട്ടി കേരളത്തിൽ പ്രവർത്തനം ശക്തിപ്പെടുത്തുന്നു. ജെഎസ്എസിലെ എ. വി താമരാക്ഷൻ വിഭാഗവും കേരള കോൺഗ്രസ് നേതാവും മുൻ എംഎൽഎയുമായ മാതു സ്റ്റീഫൻ, റിപ്പബ്ലിക്ക് പാർട്ടി ഓഫ് ഇന്ത്യ നേതാവ് ഷെരീഫ് ബാബു എന്നിവരുടെ നേതൃത്വത്തിലുളള വിഭാഗവും ഹം പാർട്ടിയിൽ ലയിച്ചു.

To advertise here,

എറണാകുളത്തെ ഹോട്ടൽ റിണൈ കൊച്ചി ഓഡിറ്റോറിയത്തിൽ നടന്ന സമ്മേളനത്തിലായിരുന്നു എ. വി താമരാക്ഷന്റെയും മാത്യു സ്റ്റീഫന്റെയും നേതൃത്വത്തിലുള്ള നേതാക്കളും പ്രവർത്തകരും ഹം പാർട്ടിയിൽ ലയിച്ചത്. ബിഹാർ മന്ത്രി സന്തോഷ് കുമാർ സുമൻ ലയന സമ്മേളനം ഓൺ ലൈനായി ഉദ്ഘാടനം ചെയ്തു. രാജ്യത്തെ സാധാരണക്കാരായ ജനങ്ങളുടെ ഉന്നമനം ലക്ഷ്യമിട്ട് രൂപീകരിച്ച പാർട്ടിയാണ് ഹം പാർട്ടിയെന്നും ഉത്തരേന്ത്യയ്ക്ക് പിന്നാലെ കേരളത്തിലൂടെ ദക്ഷിണേന്ത്യയിലേക്കും പാർട്ടിയുടെ പ്രവർത്തനം വ്യാപിക്കുകയാണെന്നും സന്തോഷ് കുമാർ സുമൻ പറഞ്ഞു. വരും നാളുകളിൽ മറ്റുപാർട്ടികളിലെ കൂടുതൽ നേതാക്കളും പ്രവർത്തകരും ഹം പാർട്ടിയുടെ കൊടിയുടെ കീഴിൽ അണി നിരക്കുമെന്നും അദ്ദേഹം പറഞ്ഞു.

പാർട്ടിയിലേക്ക് എത്തിയ നേതാക്കളെയും പ്രവർത്തകരെയും ദേശീയ മുഖ്യ ജനറൽ സെക്രട്ടറി രാജേഷ്‌കുമാർ പാണ്ഡേ ഷാളണിയിച്ച് സ്വീകരിച്ചു. ഹം പാർട്ടിയുടെ വെബ്സൈറ്റിന്റെ ലോഞ്ചിംഗും അംഗത്വ വിതരണ ക്യാമ്പയിനും രാജേഷ്‌കുമാർ പാണ്ഡേ ചടങ്ങിൽ നിർവ്വഹിച്ചു. കേരള രാഷ്ട്രീയത്തിൽ വരും നാളുകളിൽ ഹം പാർട്ടി നിർണ്ണായക ശക്തിയായി മാറുമെന്ന് എ. വി താമരാക്ഷൻ പറഞ്ഞു. സാധാരണക്കാരുടെയും കർഷകരുടെയും ക്ഷേമത്തിനും ഐശ്വര്യത്തിനുമായി ഹം പാർട്ടി മുന്നിലുണ്ടാകുമെന്ന് മാത്യു സ്റ്റീഫൻ പറഞ്ഞു. പാർട്ടിയുടെ പ്രവർത്തനം കേരളത്തിൽ വ്യാപിക്കുന്നതിന്റെ ഭാഗമായി ജനുവരി 10 മുതൽ ഫെബ്രുവരി 10 വരെ കാസർകോട് നിന്നും തിരുവനന്തപുരം വരെ വാഹന പ്രചരണ ജാഥ സംഘടിപ്പിക്കുമെന്ന് ദേശീയ ഓർഗനൈസിംഗ് ജനറൽ സെക്രട്ടറി സുബീഷ് വാസുദേവ് പറഞ്ഞു.

എസ്എസ്ഡി മൂകാംബിക ട്രസ്റ്റ് സ്വാമി നിത്യ ചൈതന്യ യതി, വിവിധ ക്രൈസ്തവ സഭാ നേതാക്കളായ ആർച്ച് ബിഷപ്പ് ഡോ.ബാബു ജോർജ്ജ്, ബിഷപ്പ് കേസരി (ബിഷപ്പ് കൗൺസിൽ ഓഫ് ഇന്ത്യ), ബിഷപ്പ്. ഡോ. ബെസേലിയോസ് മാർത്തോമാ യാക്കോബ് പ്രഥമൻ, ബിഷപ്പ് മാർലിയോസ് യോഹനന്നാൻ കുര്യാക്കോസ് സണ്ണി ആലപ്പാട്ട്, ഡോ. മാർക്കസ് മാർ സൈമൺ പള്ളിക്കുന്ന്, ബിഷപ്പ് സണ്ണി അബ്രാഹം, ബിഷപ്പ് ജോൺ ബെർത്തലോമിയോസ്, ഫാ. മാത്തുക്കുട്ടി, ഫാ. ബിജു സാം, ഫാ. മത്തായി ചാക്കോ, ഫാ. ബിജു. സി വള്ളവനാടൻ, ജെ.എസ്.എസ് താമരാക്ഷൻ വിഭാഗം നേതാവ് ബാലരാമപുരം സുരേന്ദ്രൻ, ഹം പാർട്ടി ദേശിയ ജനറൽ സെക്രട്ടറി വിനോദ് കുമാർ, സെക്രട്ടറി റെസ് ലി മാംഗാശ്ശേരി, സംസ്ഥാന പ്രസിഡന്റ് സിബി ജോർജ്ജ്, ചീഫ് ജനറൽ സെക്രട്ടറി ശിവശങ്കർ, കർണാടക പ്രസിഡന്റ് മായാ പ്രദീപ്, തമിഴ്നാട് പ്രസിഡന്റ് എം. ബാലാജി, വിജയ് ഫാൻസ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് സനൂപ് യൂസഫ് തുടങ്ങിയവർ സംസാരിച്ചു.