ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രത്തിലെ മുതിർന്ന കീഴ്ശാന്തി കീഴേടം രാമൻ നമ്പൂതിരിയെ കീഴ്ശാന്തി ജോലിയിൽനിന്ന് ഒഴിവാക്കിയിട്ട് നൂറു ദിവസം പിന്നിട്ടു. ഒരു ഭരണസമിതിയംഗത്തിന്റെ പരാതിയിലാണ് ഗുരുവായൂർ ദേവസ്വം നടപടിയെടുത്തത്. ഇതുസംബന്ധിച്ച് ബി.ജെ.പി. ദേശീയ നിർവാഹകസമിതിയംഗം കുമ്മനം രാജശേഖരൻ സാമൂഹിക മാധ്യമങ്ങളിൽ എഴുതിയതോടെ വിഷയം കൂടുതൽ ചർച്ചയായി. കഴിഞ്ഞ ദിവസം കുമ്മനം ഗുരുവായൂരിലെത്തിയിരുന്നു.

To advertise here,

കഴിഞ്ഞ ഒക്ടോബർ 20-നായിരുന്നു സംഭവങ്ങൾക്ക് തുടക്കം. അന്ന് ദീപാരാധന സമയത്ത് ഭരണസമിതിയംഗം തൊഴാനെത്തി. അപ്പോഴേയ്ക്കും ക്ഷേത്രനട അടയ്ക്കേണ്ട സമയമായിരുന്നുവെന്നാണ് പറയുന്നത്. കീഴേടം രാമൻ നമ്പൂതിരി ക്ഷേത്രം ശ്രീലകവാതിൽ അടച്ചു. ഈ സംഭവം ദേവസ്വം ഭരണസമിതിയിൽ പരാതിയായി വന്നു. ഈ സമയത്ത് നാലമ്പലത്തിൽ ഡ്യൂട്ടിക്കുണ്ടായിരുന്ന സെക്യൂരിറ്റി ഉദ്യോഗസ്ഥൻ, ക്ഷേത്രം മാനേജർ എന്നിവരിൽനിന്ന് ദേവസ്വം വിവരങ്ങൾ തേടുകയുമുണ്ടായി. ഇതിന്റെ അടിസ്ഥാനത്തിൽ കീഴേടം രാമൻ നമ്പൂതിരിയെ ദേവസ്വം ഭരണസമിതിയിലേക്ക് വിളിപ്പിച്ച് വിശദീകരണം ആവശ്യപ്പെട്ടു. സമയമായതുകൊണ്ടാണ് ശ്രീലകവാതിൽ അടച്ചതെന്നായിരുന്നു വിശദീകരണം. വിശദീകരണം തൃപ്തികരമല്ലാത്തതിനാൽ അദ്ദേഹത്തെ കീഴ്ശാന്തിജോലിയിൽനിന്ന് മാറ്റി നിർത്താൻ ഭരണസമിതി തീരുമാനിക്കുകയായിരുന്നു. കഴിഞ്ഞ ഏകാദശിച്ചടങ്ങുകളിൽ കീഴേടം രാമൻ നമ്പൂതിരിയെ പങ്കെടുപ്പിച്ചില്ല.

ഇനി ഏറ്റവും പ്രധാനപ്പെട്ട ഉത്സവവും വരാനിരിക്കുകയാണ്. അദ്ദേഹത്തെ തിരിച്ചെടുക്കേണ്ട കാര്യത്തിൽ ദേവസ്വത്തിന്റെ ഭാഗത്തുനിന്ന് തീരുമാനമൊന്നുമായിട്ടില്ല. ഈ വിഷയത്തിൽ ദേവസ്വം ഭരണസമിതി കൂട്ടായാണ് തീരുമാനമെടുക്കേണ്ടതെന്നും പ്രതികരണം പിന്നീടാകാമെന്നുമാണ് ചെയർമാൻ വി.കെ. വിജയൻ പറഞ്ഞത്. എല്ലാം ഗുരുവായൂരപ്പൻ നിശ്ചയിക്കട്ടെയെന്ന് കീഴേടം രാമൻ നമ്പൂതിരിയും പറഞ്ഞു.