കൊല്ലം: പ്രവാസി മലയാളികളുടെ സ്വപ്നമായ ഗൾഫിലേക്കുള്ള കപ്പൽ സർവീസ് യാഥാർഥ്യമാകാനുള്ള സാധ്യത മങ്ങുന്നു. സർവീസിന് താത്പര്യമറിയിച്ച് മുന്നോട്ടെത്തിയ ചെന്നൈ ആസ്ഥാനമായ കമ്പനിക്ക് അനുയോജ്യമായ കപ്പൽ കണ്ടെത്താൻ മാസങ്ങളായിട്ടും കഴിയാത്തതാണ് കാരണം. കൊച്ചിയിൽനിന്ന് ദുബായിലേക്കുള്ള സർവീസാണ് ആലോചനയിലുള്ളത്.
വിമാനയാത്രക്കൂലി വർധന പ്രവാസികൾക്ക് താങ്ങാവുന്നതിനപ്പുറമായതോടെയാണ് കപ്പൽ സർവീസിനായുള്ള നീക്കങ്ങൾ തുടങ്ങിയത്. കഴിഞ്ഞവർഷം കേരള മാരിടൈം ബോർഡ് താത്പര്യപത്രം ക്ഷണിച്ചു. നാല് കമ്പനികളാണ് ഇതിനോട് പ്രതികരിച്ച് എത്തിയത്. കമ്പനികൾക്ക് കപ്പൽ സർവീസ് നടത്താൻ സ്വന്തമായുള്ള സംവിധാനങ്ങൾ, മുൻപരിചയം എന്നിവ ബോർഡ് വിലയിരുത്തിയിരുന്നു. ഇതിൽനിന്ന് രണ്ട് കമ്പനികളെ അന്തിമപട്ടികയിൽപ്പെടുത്തി. കമ്പനികളുടെ പ്രവർത്തനപശ്ചാത്തലം, മേഖലയിലെ കാര്യക്ഷമത, സർവീസ് നടത്താൻ ഉദ്ദേശിക്കുന്ന കപ്പലുകളിൽ യാത്രചെയ്യുന്നതിനും വിശ്രമിക്കുന്നതിനും ലഗേജ് കൊണ്ടുവരുന്നതിനുമുള്ള സൗകര്യങ്ങൾ, യാത്രയ്ക്കും ചരക്കുകൾ കൊണ്ടുവരുന്നതിനുമുള്ള നിരക്ക്, സർക്കാരിൽനിന്ന് പ്രതീക്ഷിക്കുന്ന സഹായങ്ങൾ എന്നിവ സംബന്ധിച്ച വിവരങ്ങളും തേടി.
കപ്പൽഗതാഗതരംഗത്ത് മുൻപരിചയമുണ്ടായിരുന്ന ചെന്നൈ ആസ്ഥാനമായ കമ്പനിയെയാണ് സർവീസ് നടത്തിപ്പിനായി ഒടുവിൽ തിരഞ്ഞെടുത്തത്. ഇവർ സർവീസിന് അനുയോജ്യമായ കപ്പൽതേടി വിവിധ രാജ്യങ്ങളിൽ മാസങ്ങളായി തിരച്ചിൽ തുടങ്ങിയെങ്കിലും ഇനിയും കണ്ടെത്താനായിട്ടില്ല. കപ്പൽ ലഭിച്ചാൽ ഏപ്രിലിൽ സർവീസ് തുടങ്ങാനാകുമെന്ന് കമ്പനി അധികൃതർ മാരിടൈം ബോർഡ് അധികൃതരെ അറിയിച്ചിരുന്നതുമാണ്.
കപ്പൽ കണ്ടെത്താനായാൽ ഇന്ത്യൻ ഷിപ്പിങ് ആക്ട് പ്രകാരം രജിസ്റ്റർ ചെയ്യേണ്ടതുണ്ട്. തുടർന്നുവേണ്ട സഹായങ്ങൾ ലഭ്യമാക്കാൻ അധികൃതർ തയ്യാറുമാണ്. നിശ്ചിത എണ്ണം യാത്രക്കാർ സർവീസുകളിൽ ഉണ്ടാകാതിരുന്നാൽ കപ്പൽ കമ്പനിക്കുണ്ടാകുന്ന നഷ്ടം നികത്താനുള്ള സഹായം നൽകുന്നത് ഉൾപ്പെടെയുള്ള കാര്യങ്ങൾ സർക്കാരിന്റെ പരിഗണനയിലുണ്ട്. ബോർഡ് നടത്തിയ പാസഞ്ചർ സർവേയിൽ മൂവായിരത്തോളംപേരാണ് കപ്പൽ സർവീസ് തുടങ്ങുന്നതിന് അനുകൂലപ്രതികരണം അറിയിച്ചിരുന്നത്.
Content Highlights: Plans for a passenger ship service from Kochi to Dubai for Malayalis working in the Gulf are delayed
Published: 04 Jan 2025, 08:16 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented