കൊച്ചി: കൊച്ചി നാവികസേന ആസ്ഥാനത്ത് സുരക്ഷാ ജീവനക്കാരന്‍ വെടിയേറ്റ് മരിച്ച നിലയില്‍. വാത്തുരുത്തി ഭാഗത്ത് സുരക്ഷാ ഡ്യൂട്ടിയിലുണ്ടായിരുന്ന ഉത്തര്‍പ്രദേശ് സ്വദേശി തുഷാര്‍ അത്രി (19) യാണ് മരിച്ചത്. ആത്മഹത്യയെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. സംഭവത്തില്‍ പ്രത്യേക അന്വേഷണത്തിന് നാവിക സേന ഉത്തരവിട്ടു. പ്രത്യേക സംഘം ഇക്കാര്യത്തില്‍ അന്വേഷണം നടത്തും.

To advertise here,

ഇന്ന് പുലര്‍ച്ചെയാണ് തുഷാര്‍ അത്രിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. 12 മണി മുതല്‍ 2 മണി വരെയുള്ള ഡ്യൂട്ടിയായിരുന്നു അത്രിക്ക്. ഇതിനിടയില്‍ ഓരോ മണിക്കൂര്‍ ഇടവേളയില്‍ സുരക്ഷാ പോസ്റ്റുകളിലെത്തി ബാറ്ററികള്‍ മാറ്റി നല്‍കുമായിരുന്നു. ഇത്തരത്തില്‍ ബാറ്ററി മാറ്റി നല്‍കുവാന്‍ എത്തിയ നാവികസേന ഉദ്യോഗസ്ഥനാണ് തുഷാര്‍ അത്രിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. 

ഇയാള്‍ ഉപയോഗിച്ചിരുന്ന തോക്ക് ഉപയോഗിച്ചാണ് വെടി വെച്ചതെന്നാണ് പോലീസിന്റെ പ്രഥമിക നിഗമനം. ഇരുന്ന ശേഷം തോക്ക് തലയിലേക്ക് ചേര്‍ത്തുപിടിച്ച് വെടിവെയ്ക്കുകയായിരുന്നുവെന്നാണ് പോലീസ് വ്യക്തമാക്കിയിരിക്കുന്നത്. ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം കളമശ്ശേരി മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. 

ഉത്തര്‍പ്രദേശ് അലിഗഡ് സ്വദേശിയാണ് അത്രി. ഒന്നര വര്‍ഷമായി കൊച്ചി നാവികസേന ആസ്ഥാനത്ത് ജോലി ചെയ്യുകയായിരുന്നു ഇയാള്‍. ഇയാളുടെ മാതാവിന് ഗുരുതരമായ ചില അസുഖങ്ങള്‍ ഉണ്ടായിരുന്നതായാണ് നാവികസേന ആസ്ഥാനത്ത് ജോലി ചെയ്യുന്ന അത്രിയുടെ ബന്ധു പോലീസിന് മൊഴി നല്‍കിയിരിക്കുന്നത്. അതിന്റെ മനോവിഷമത്തെ തുടര്‍ന്നാണ് ആത്മഹത്യയെന്നാണ് പോലീസിന്റെ നിഗമനം.

(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. Toll free helpline number: 1056)

Content Highlights: Guard at Kochi Naval base found dead