കോട്ടയം: സഭാ തര്‍ക്കത്തില്‍ നിയമലംഘനങ്ങള്‍ക്ക് സര്‍ക്കാര്‍ കൂട്ടുനില്‍ക്കുകയാണെന്ന് ഓര്‍ത്തഡോക്‌സ് സഭ. വിധി നടപ്പിലാക്കാമെന്ന് കോടതികളോട് പറയുകയും പുറത്തുവന്ന് അത് ചെയ്യാതിരിക്കാന്‍ പുകമറകളും നടപടിക്രമങ്ങളും സൃഷ്ടിക്കുന്നു. നിയമപരമായ ഉത്തരവാദിത്വത്തില്‍നിന്നും ഭരണഘടനാപരമായ ഉത്തരവാദിത്വത്തില്‍നിന്നും സര്‍ക്കാര്‍ ഒളിച്ചോടുന്നത് ഒട്ടും ഭൂഷണമല്ലെന്നും സഭാ നേതൃത്വം ദേവലോകം അരമനയില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ കുറ്റപ്പെടുത്തി.

To advertise here,

മറുപക്ഷവുമായി ചേര്‍ന്ന് നടത്തുന്ന ഒത്തുകളിയാണോ അതോ സര്‍ക്കാരിന്റെ പിടിപ്പുകേടാണോ വിധി നടപ്പിലാക്കുന്നതിലെ ബുദ്ധിമുട്ടെന്ന് സര്‍ക്കാര്‍ തന്നെ വ്യക്തമാക്കണം. പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ പരസ്യമായ പിന്തുണ നല്‍കിയതിന് പ്രത്യുപകാരം നല്‍കാനാണ് സര്‍ക്കാര്‍ ആഗ്രഹിക്കുന്നതെങ്കില്‍ തിരഞ്ഞെടുപ്പ് ഫലം കൂടി അവലോകനം ചെയ്‌തേ ഒരു തീരുമാനത്തിലെത്താവൂ എന്നൊരു അഭ്യര്‍ഥന കൂടി രാഷ്ട്രീയമായി ബന്ധപ്പെട്ടവരുടെ മുന്നില്‍ വെക്കാന്‍ ആഗ്രഹിക്കുന്നു. 

ഭിന്നത മുതലെടുത്ത് രാഷ്ട്രീയ ലാഭത്തിന് ശ്രമിക്കരുത്. വിധി നടപ്പാക്കുന്ന ദിവസം കാലേകൂട്ടി യാക്കോബായ വിഭാഗത്തെ അറിയിക്കുകയും ഇത് പ്രതിരോധിക്കാന്‍ അവിടെ ആളുകളെ നിരത്തുകയും ചെയ്യുവാനുള്ള സാവകാശവും അവസരവും നല്‍കിയാണ് നാടകം അരങ്ങേറുന്നത്. കോടതിവിധി നടപ്പാക്കുന്നത് തടയുവാനായി കുഞ്ഞുങ്ങളെയും സ്ത്രീകളെയും മുന്നില്‍ നിര്‍ത്തണമെന്നുള്ള ഓഡിയോ സന്ദേശങ്ങള്‍ സാമൂഹിക മാധ്യമങ്ങൾ വഴി പ്രചരിപ്പിക്കുന്നു. 

സംഘര്‍ഷമുണ്ടാകുമെന്ന പ്രതീതി സൃഷ്ടിച്ച് കോടതിവിധി നടപ്പാക്കാതിരിക്കുവാനുള്ള ശ്രമങ്ങളാണ് ഇതിന് പിന്നിലെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. നിയമം ലംഘിക്കുന്നവരെ അകത്ത് നിര്‍ത്തി ഗേറ്റ് പൂട്ടിയ ശേഷം കോടതിവിധി പ്രകാരം പള്ളിയുടെ യഥാര്‍ഥ അവകാശികളായവരെ വിളിച്ചുവരുത്തി സംഘര്‍ഷാവസ്ഥയാണെന്ന പ്രതീതി സൃഷ്ടിക്കുന്നതാണ് പതിവായി കാണുന്നത്. സഭ ആരുടെയും ഔദാര്യം നേടാന്‍ ആഗ്രഹിക്കുന്നില്ല. നിയമം ലംഘിച്ച് സഭയെ കളിയാക്കുന്നത് കുറച്ചുകാലമായി കാണുന്നുവെന്നും ഇത് അംഗീകരിക്കാനാകില്ലെന്നും സഭാ നേതൃത്വം പറഞ്ഞു.