കണ്ണാടിക്കല്‍: അര്‍ജുന്‍ മകന് വാങ്ങിയ ലോറിയുടെ കളിപ്പാട്ടം കണ്ടപ്പോള്‍ കണ്ണുനിറഞ്ഞുപോയെന്ന് കാര്‍വാര്‍ എം.എല്‍.എ സതീഷ് കൃഷ്ണ സെയില്‍. നല്ല മനുഷ്യരെ ദൈവം നേരത്തേ വിളിക്കും. അവന് ചെറിയ കുട്ടിയാണുള്ളതെന്നത് വിഷമിപ്പിക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു. കാര്‍വാര്‍ എം.എല്‍എയുള്‍പ്പെടെ നിരവധി ജനപ്രതിനിധികള്‍ ശനിയാഴ്ച അര്‍ജുന് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ കണ്ണാടിക്കലിലെ വീട്ടിലെത്തിയിരുന്നു.
ശരീരഭാഗങ്ങള്‍ക്കായി നടത്തിയ തിരച്ചിലില്‍ കളിപ്പാട്ടമാണ് കിട്ടിയത്. അവന്‍ മകനുവേണ്ടി വാങ്ങിയ കളിപ്പാട്ടം. അതിന്‍റെ കാഴ്ച വേദനാജനകമാണ്. അർജുനെ കണ്ടെത്താൻ പ്രയത്‌നിച്ച് ഇത്രയും ചെയ്യാനായി. എന്നാല്‍ ഇത് നേടി എന്നത് സന്തോഷത്തോടെയല്ല പറയുന്നത്. ജീവനോടെ കിട്ടിയിരുന്നെങ്കില്‍ സാഹചര്യം മറ്റൊന്നാകുമായിരുന്നു, സതീഷ് കൃഷ്ണ സെയില്‍ പറഞ്ഞു.
അവന്റെ അച്ഛനും അമ്മയും വേദനയിലാണ്. കാരണം അവന്‍ കുടുംബത്തിലെ പ്രധാനപ്പെട്ട ആളായിരുന്നു. സഹോദരിയുടെ പഠനമുള്‍പ്പെടെ കുടുംബത്തിലെ മറ്റുകാര്യങ്ങളെല്ലാം ചെയ്തിരുന്നത് അര്‍ജുനാണ്. എന്നാല്‍, നമുക്ക് എന്ത് ചെയ്യാനാകും. നല്ല മനുഷ്യരെ ദൈവം നേരത്തേ വിളിക്കും, സതീഷ് കൃഷ്ണ സെയില്‍ പറഞ്ഞു.
അര്‍ജുനെ ഒരുനോക്ക് കാണാനും അന്ത്യാഞ്ജലി അര്‍പ്പിക്കാനും ഒരു നാട് മുഴുവന്‍ ശനിയാഴ്ച കണ്ണാടിക്കലിലെ വീട്ടിലെത്തി. രാവിലെ 11.15-ഓടെയാണ് സംസ്‌കാരച്ചടങ്ങുകള്‍ ആരംഭിച്ചത്. വീടിനുപിന്നിലായാണ് അര്‍ജുന്റെ ചിത ഒരുക്കിയത്. 11.45-ഓടെ ചടങ്ങുകള്‍ പൂര്‍ത്തിയായി.
മന്ത്രിമാരായ കെ.ബി. ഗണേഷ് കുമാർ, എ.കെ. ശശീന്ദ്രൻ, മുങ്ങല്‍ വിദഗ്ധന്‍ ഈശ്വർ മാൽപെ, എം.പി.മാരായ എം.കെ. രാഘവൻ, ഷാഫി പറമ്പിൽ, എം.എൽ.എ.മാരായ തോട്ടത്തിൽ രവീന്ദ്രൻ, അഹമ്മദ് ദേവർകോവിൽ, സച്ചിൻ ദേവ്, ലിന്റോ ജോസഫ്, കോഴിക്കോട് മേയർ ബീനാ ഫിലിപ്പ് എന്നിവരും അന്ത്യാഞ്ജലി അർപ്പിച്ചു.
ജൂലായ് 16-നാണ് കര്‍ണാടകയിലെ ഷിരൂരിലുണ്ടായ മണ്ണിടിച്ചിലില്‍ അര്‍ജുനെ ലോറിയോടൊപ്പം കാണാതായത്. പലഘട്ടങ്ങളിലായി നടത്തിയ തിരച്ചിലിനൊടുവില്‍ 71- ദിവസത്തിന് ശേഷം ബുധനാഴ്ച ഉച്ചയോടെയാണ് അര്‍ജുന്റെ ലോറി ഗംഗാവലി പുഴയില്‍നിന്ന് കണ്ടെടുത്തത്. ലോറിയുടെ കാബിനുള്ളിലായിരുന്നു മൃതദേഹം ഉണ്ടായിരുന്നത്.
Content Highlights: god calls good people says karwar mla Satish Krishna Sail about arjun
Published: 28 Sept 2024, 09:36 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented