തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ രൂക്ഷവിമർശനത്തിൽ പ്രതികരിച്ച് യാക്കോബായ സഭാ നിരണം ഭദ്രാസനത്തിന്റെ മുന്‍ അധിപന്‍ ഡോ. ഗീവര്‍ഗീസ് മാര്‍ കൂറിലോസ് മെത്രാപ്പൊലീത്ത. ആശയങ്ങളില്‍ ഏറ്റുമുട്ടാം എന്നതല്ലാതെ വ്യക്തിപരമായ പരാമര്‍ശങ്ങളില്‍ താന്‍ പ്രതികരിക്കാറില്ലെന്ന് മുഖ്യമന്ത്രിയുടെ വിമര്‍ശനം സംബന്ധിച്ച ചോദ്യത്തോട് കൂറിലോസ് മാതൃഭൂമി ഡോട്ട് കോമിനോട് പ്രതികരിച്ചു.

To advertise here,

എനിക്ക് പറയാനുള്ള കാര്യങ്ങളാണ് ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെ പറഞ്ഞത്. മുഖ്യമന്ത്രിക്ക് പറയാനുള്ളത് അദ്ദേഹവും പറയട്ടെ. ആര്‍ക്കും ആരേയും പരസ്പരം വിമര്‍ശിക്കാനുള്ള സ്വാതന്ത്ര്യം രാജ്യത്തുണ്ട്. തര്‍ക്കുത്തരത്തിന് വേണ്ടിയല്ല താന്‍ വിമര്‍ശനം നടത്തിയതെന്നും കൂറിലോസ് കൂട്ടിച്ചേര്‍ത്തു. 

പുരോഹിതന്മാരിലും വിവരദോഷികള്‍ ഉണ്ടാവുമെന്നായിരുന്നു സംസ്ഥാന സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച പ്രോഗ്രസ് റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്ന ചടങ്ങിൽ പിണറായിയുടെ പരാമര്‍ശം. 'പ്രളയമാണ് അന്ന് ഈ സര്‍ക്കാരിനെ വീണ്ടും അധികാരത്തിലേറ്റാന്‍ ഇടയാക്കിയതെന്നും ഇനിയൊരു പ്രളയം ഉണ്ടാകുമെന്ന് ധരിക്കേണ്ടെന്നുമാണ് ആ പുരോഹിതന്‍ പറഞ്ഞതായി കേട്ടത്. പുരോഹിതന്‍മാര്‍ക്കിടയിലും ചിലപ്പോള്‍ ചില വിവരദോഷികള്‍ ഉണ്ടാകുമെന്നാണ് ആ വാചകത്തിലൂടെ വ്യക്തമാകുന്നത്', പിണറായി പറഞ്ഞു.

ലോക്സഭാ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ ഇടതുപക്ഷത്തിനുണ്ടായ തകര്‍ച്ചയുടെ പ്രധാന കാരണങ്ങളിലൊന്ന് ഭരണവിരുദ്ധവികാരമാണെന്നും ജനങ്ങള്‍ നല്‍കുന്ന തുടര്‍ച്ചയായ ആഘാതചികിത്സയില്‍നിന്ന് പാഠം പഠിക്കുവാന്‍ തയ്യാറായില്ലെങ്കില്‍ കേരളത്തിലെ ഇടതുപക്ഷത്തിന് ബംഗാളിലെയും ത്രിപുരയിലെയും അവസ്ഥ വരുമെന്നും ഫേയ്‌സ്ബുക്ക് കുറിപ്പില്‍ ഗീവര്‍ഗീസ് മാര്‍ കൂറിലോസ് പറഞ്ഞിരുന്നു. 

അതേസമയം, സംസ്ഥാന സർക്കാരിനെതിരായ മാര്‍ കൂറിലോസിന്റെ പ്രസ്താവന യാക്കോബായ സഭ തള്ളി. കൂറിലോസിന്റെ പ്രസ്താവന സഭയുടെ ഔദ്യോ​ഗിക നിലപാടോ അഭിപ്രായമോ അല്ലെന്ന് സഭാ നേതൃത്വം വ്യക്തമാക്കി. സഭാ നിലപാടും പ്രതികരണങ്ങളും നൽകാൻ സഭാധ്യക്ഷനും ഭാരവാഹികൾക്കും മാത്രമാണ് ഉത്തരവാദിത്വം. മാര്‍ കൂറിലോസിന്റേത് വ്യക്തിപരമായ അഭിപ്രായമാണെന്നും സഭ വാർത്താകുറിപ്പിൽ വ്യക്തമാക്കി.