ആലപ്പുഴ: നിയമസഭ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ തയ്യാറാണെന്ന് സിപിഎം നേതാവും മുൻമന്ത്രിയുമായ ജി. സുധാകരൻ. ഇക്കാര്യം പാർട്ടി ജനറൽ സെക്രട്ടറി എം.എ. ബേബിയോട് ഫോണിൽ അറിയിച്ചതായി സുധാകരൻ മാതൃഭൂമി ഡോട്ട് കോമിനു നൽകിയ പ്രത്യേക അഭിമുഖത്തിൽ പറഞ്ഞു.
'പാർട്ടി തീരുമാനമെടുത്താൽ തീർച്ചയായിട്ടും ഉണ്ടാകും. ഒരു ബുദ്ധിമുട്ടുമില്ല എനിക്ക്. ഞാൻ ജയിക്കുകയും ചെയ്യും. കഴിഞ്ഞവണ അമ്പതിനായിരം വോട്ടിന് ഞാൻ ജയിച്ചു. പതിനഞ്ചു വർഷം തുടർച്ചയായി ഞാൻ മാത്രമേ ഇവിടെ ജയിച്ചിട്ടുള്ളു. 2006-ന് ശേഷം ഇവിടെ യുഡിഎഫ് ജയിച്ചിട്ടില്ല. അഞ്ചുവർഷം കഴിഞ്ഞു. ശരി, ഒരു തവണ കൂടി മത്സരിക്കട്ടെ, ലാസ്റ്റ് മത്സരം മത്സരിക്കട്ടെ. എന്ന് പറഞ്ഞാൽ മത്സരിക്കുന്നതിന് ഒരു ബുദ്ധിമുട്ടുമില്ല. ജയിക്കുകയും ചെയ്യും.' സുധാകരൻ പറഞ്ഞു.
'ടേം എന്ന് പറയുന്ന ലോകത്ത് ഒരിടത്തും ഇല്ലാത്ത ഒരു വ്യവസ്ഥയാണ്. എന്റെ അറിവിൽ ഇല്ല. കാരണം പാർട്ടിക്ക് എപ്പോൾ വേണമെങ്കിലും ആരെ വേണമെങ്കിലും മാറ്റാം, അതാണ്, അതുകൊണ്ടാണ് ടേം വയ്ക്കാതിരിക്കുന്നത്. അങ്ങനെയല്ലേ ഇത്രയും കാലം.' രണ്ടു തവണ മത്സരിച്ചു ജയിച്ചവർക്ക് വീണ്ടും സീറ്റ് കൊടുക്കേണ്ടെന്ന പാർട്ടി തീരുമാനത്തിനെതിരെ സുധാകരൻ രൂക്ഷവിമർശനം ഉയർത്തി.
'പ്രായപരിധി ലോകത്ത് വേറൊരു പാർട്ടിയിലും ഇല്ല. ലോകത്തൊരു കമ്മ്യൂണിസ്റ്റ് പാർട്ടിക്കും പ്രായപരിധി ഇല്ലല്ലോ. അങ്ങനെയായിരുന്നെങ്കിൽ മാവോ അവിടെ ഇരിക്കുമോ, ഹോചി മിൻ ഇരിക്കുമോ, സ്റ്റാലിൻ ഇരിക്കുമായിരുന്നോ, കാസ്ട്രോ ഇരിക്കുമായിരുന്നോ. നമ്മൾ അവർ അല്ലെങ്കിലും അവരുടെ കീഴിൽ അവരുടെ ക്വാളിറ്റി പിന്തുടരുന്നവരാണ്. ഭാവിയിൽ അത് പുനഃപരിശോധിച്ചു കൂടെന്നില്ല. കാരണം ഇത് പാർട്ടി ഭരണഘടനയിലുള്ള തീരുമാനമല്ല.
കമ്യൂണിസ്റ്റുകാർ ഫൈറ്റേഴ്സ് ആണ്. അതിന് പ്രായപരിധി ഒന്നുമില്ല. ഇത്ര വയസു കഴിഞ്ഞാൽ പിന്നെ ഫൈറ്റ് ചെയ്യാതെ വീട്ടിൽ പോയി കിടന്നോണം. എന്നിട്ട് മാനസികരോഗം വന്ന് ചത്തുപോവുക. 70 വയസു കഴിയുമ്പോൾ കഴുത്തറുത്ത് ഇറച്ചിക്കച്ചവടം നടത്താനുള്ളവരല്ല ഞങ്ങൾ. രാഷ്ട്രീയം സിരകളിൽക്കൂടി ഒഴുകുകയാണ്. ആ രക്തയോട്ടമുള്ള കാലത്തോളം രാഷ്ട്രീയമുണ്ടാവും. എങ്ങനെയൊക്കെ, എന്തെങ്കിലുമൊക്കെ പറഞ്ഞ് ആക്ഷേപിച്ചുകളയാം. ചെറിയ തെറ്റുകളൊക്കെ സംഭവിച്ചിട്ടുണ്ടാവാം. എന്നു കരുതി ആരും അതിൽനിന്നു മുതലെടുക്കേണ്ട. എന്തിനോടും ഫൈറ്റ് ചെയ്യാനുള്ള കഴിവ് എനിക്കുണ്ട്. എന്നോട് അന്യായം ആരോ കാണിച്ചു എന്ന തോന്നൽ ജനങ്ങൾക്ക് ഇപ്പോഴുമുണ്ട്. കേരളത്തിൽ മൊത്തത്തിലും, ആലപ്പുഴയിൽ പ്രത്യേകിച്ചും ഉണ്ട്. എന്നോട് അന്യായം കാണിച്ചു, ആരോ ഇപ്പോഴും കാണിച്ചുകൊണ്ടിരിക്കുന്നു.
എന്നാൽ, പിണറായി വജയന് ഈ ടേം ബാധകമല്ലെന്ന് സുധാകരൻ വ്യക്തമാക്കി. 'അത് മുഖ്യമന്ത്രി പിണറായി വിജയന് ബാധകമല്ല. അതിൽ എന്താ തെറ്റ്. അതാ ഞാൻ പറഞ്ഞത്, അങ്ങനെ കൊടുക്കേണ്ടി വരുമെന്ന്. അതിന് യോഗ്യൻ ഇദ്ദേഹം തന്നെയാണ്. വേറൊരാളുടെ പേര് പറയാൻ ഞാനില്ല. പരമാവധി ടേം ഇല്ലായിരുന്നെങ്കിൽ ഈ ചോദ്യം വരുന്നില്ലല്ലോ. ഇന്ന് വരെ കേരളത്തിൽ മുഖ്യമന്ത്രി സ്ഥാനത്തിന് കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ തർക്കം ഉണ്ടായിട്ടില്ല. അതാണ് നേതൃത്വത്തിന്റെ യോഗ്യത.'
നിയമസഭാ തിരഞ്ഞെടുപ്പിന് ഇനി ദിവസങ്ങൾ മാത്രമേയുള്ളൂ. കേരളത്തിലെ പൊതു രാഷ്ട്രീയ സ്ഥിതി ആർക്ക് അനുകൂലമാകും?
ഇടതുപക്ഷത്തിന് തന്നെയാണ് മുൻതൂക്കം. പ്രയോഗിക്കുന്ന രീതിയിലാണ് ഇത് വരുന്നത്. കാരണം യുഡിഎഫ് മോശമൊന്നുമല്ലല്ലോ, അവരും തൊട്ടപ്പുറത്തിരിക്കുകയല്ലേ, അപ്പൊ അത് പ്രയോഗിക്കുന്നതിനുള്ള രാഷ്ട്രീയ അടവ് വൈദഗ്ധ്യത്തിലാണ്.
ഒന്നാം പിണറായി സർക്കാരിനെയും, അതിൽ അംഗമായിരുന്നു താങ്കൾ. ഒന്നാം പിണറായി സർക്കാരിനെയും രണ്ടാം പിണറായി സർക്കാരിനെയും ഒന്ന് താരതമ്യം ചെയ്യാൻ പറ്റുമോ?
ഞാനത് താരതമ്യം ചെയ്യുന്നത് ശരിയായ കാര്യമല്ലല്ലോ. ഒന്നിന്റെ തുടർച്ചയാണ് രണ്ടാമത്തേത്. പിണറായി മുഖ്യമന്ത്രിയായി വന്ന ആദ്യത്തെ ഗവൺമെന്റ്, പലതരത്തിലും പ്രത്യേകതയുള്ള ഒരു ഗവൺമെന്റ് ആയിരുന്നു. ഒന്ന്, വികസനത്തെ പറ്റി എല്ലാവരും പറയുമെങ്കിലും, വികസനം ഒരു പ്രധാന വിഷയമായി എടുത്ത് പ്രധാന ഭരണ പരിപാടിയായി എടുത്ത്, ഭരണം നടത്തിയത് കഴിഞ്ഞ തവണയാണ്. റോഡുകൾ, പാലങ്ങൾ, പുതിയ സർക്കാർ മന്ദിരങ്ങൾ... ഇടതുപക്ഷം ഇതൊരു തീരുമാനമായി എടുത്ത് നടപ്പിലാക്കിയത് കഴിഞ്ഞ ഗവൺമെന്റ് ആണ്. എല്ലാ വകുപ്പുകളും അവരുടെ പങ്ക് വഹിച്ചു. പിഡബ്ല്യുഡി, എഡ്യൂക്കേഷൻ വകുപ്പ്, വിദ്യാഭ്യാസ വകുപ്പ് എന്നിവയിൽ അടിസ്ഥാന വികസനം ഏറ്റവും കൂടുതൽ നടന്നു.
മറ്റു വകുപ്പുകൾക്ക് അടിസ്ഥാന സൗകര്യം ഉണ്ടാക്കി കൊടുക്കുന്ന വകുപ്പ് പൊതുമരാമത്ത് വകുപ്പാണ്. എവിടെ നോക്കിയാലും ഇപ്പോഴും ആ തെളിവ് കാണാം. അത്ര നന്നായിട്ടാണ് ചെയ്തിട്ടുള്ളത്. മറ്റ് സേവന വകുപ്പുകളും, കൃഷി വകുപ്പ് മികച്ച ഭരണമായിരുന്നു. കൃഷി വകുപ്പിന്റെ, സിവിൽ സപ്ലൈസിന്റെ, തിലോത്തമൻ കഠിനാധ്വാനം ചെയ്ത്, പഠിച്ചാണ് ആ വകുപ്പ് നല്ല ഗംഭീരമായിട്ട് നടത്തിയത്. ഒരിക്കലും കുറവൊന്നും അവിടെ വന്നിട്ടില്ല. വിശേഷിച്ച് അഴിമതി വകുപ്പാണെന്നൊക്കെ പറഞ്ഞ് പരമ്പരാഗതമായി എല്ലാവരും പറയുന്ന ഒരു വകുപ്പാണെങ്കിലും അതൊക്കെ വലിയ മാറ്റങ്ങൾ വരുത്തി കൺസെപ്റ്റിൽ ഒക്കെ മാറ്റം വരുത്തി. അനുഭവത്തിൽ മാറ്റം വരുത്തി. എന്താണ് വികസനം എന്നുള്ളതിന്റെ അടിസ്ഥാനത്തിൽ പ്രവർത്തിച്ചു. ആ സർക്കാരിന്റെ അടിസ്ഥാന വികസന സൗകര്യങ്ങളും സേവനങ്ങളും ആണ് ഈ ഗവൺമെന്റ് വരാൻ കാരണമെന്ന് പാർട്ടി രേഖ തന്നെ പറഞ്ഞിട്ടുണ്ട്.
അഞ്ഞൂറ് പാലങ്ങൾ ഡിസൈൻ ചെയ്തു. അന്ന് നാഷണൽ ഹൈവേ സംസ്ഥാന സർക്കാരിന്റെ നിയന്ത്രണത്തിലാണ്. അവർ പണമേ തരുകയുള്ളു, നമ്മൾ ചെയ്തോണം. ദേശീയ പാതയുടെ വികസനത്തിന് പ്രശ്നമുണ്ട്. തീരദേശ ഹൈവേ ഞങ്ങൾ പ്രഖ്യാപിച്ചു. ആറായിരത്തി അഞ്ഞൂറ് കോടിയാണ് മലയോര ഹൈവേ. അതിന്റെ കൂടെ മൂവായിരത്തി അഞ്ഞൂറ് രണ്ടും കൂടെ. പതിനായിരം കോടിയുടെ വികസനം ഞാൻ നിയമസഭയിൽ പ്രഖ്യാപിച്ചു. ഈ മലയോര ഹൈവേ ഒരു അമ്പത് ശതമാനത്തോളം തീർന്നിരുന്നു, ഇപ്പൊൾ ഏകദേശമൊക്കെ പൂർത്തിയാവുകയാണ്. അഞ്ഞൂറ് പാലങ്ങൾ ഡിസൈൻ ചെയ്യാൻ ഞങ്ങൾ മൂന്ന് ഡിസൈനിങ് വിങ് ഉണ്ടാക്കി. എല്ലായിടത്തും പത്തും മുപ്പതും ആളെ വെച്ചു. ഏതാണ്ട് നൂറ്റി അറുപതോളം പാലങ്ങൾ കഴിഞ്ഞ സർക്കാരിന്റെ കാലത്ത് തന്നെ ഉദ്ഘാടനം ചെയ്തു. നൂറ്റമ്പതോളം എണ്ണം ഈ സർക്കാരിന്റെ കാലത്ത് ഉദ്ഘാടനം ചെയ്യത്തക്ക രീതിയിലാണ് ചെയ്തത്. ഈ സർക്കാർ കഴിഞ്ഞാലും ഒരു അമ്പതോ അറുപതോ പാലം പിന്നെയും ബാക്കിയാണ്.
താങ്കളുടെ നിരീക്ഷണത്തിൽ പൊതുമരാമത്ത് വകുപ്പിന്റെ അന്നത്തെ പെർഫോമൻസ് തുടർന്നു പോകുന്നുണ്ടോ?
ഞാൻ അങ്ങനെ താരതമ്യം ചെയ്യാൻ പാടില്ല, കാരണം എന്റെ പാർട്ടിയിൽ പെട്ട ആളാണ് പുതിയ പൊതുമരാമത്ത് മന്ത്രി. പുതിയ ആളുമാണ്. അദ്ദേഹം എംഎൽഎ ആയി. അപ്പൊൾതന്നെ മന്ത്രിയായി. അദ്ദേഹത്തിന് അങ്ങനെ ഒരു ഭാഗ്യം ഉണ്ടായി. ആദ്യം മന്ത്രിയാകുമ്പോൾ തന്നെ എനിക്ക് അമ്പത് വയസ്സ് കഴിഞ്ഞു. രണ്ടാമത് വരുമ്പോൾ അമ്പത്തിയഞ്ച് വയസ്സ്. ഞാൻ ആ പ്രായത്തിലൊക്കെയാണ് മന്ത്രി ആയിട്ടുള്ളത്. കായംകുളം എം എൽ എ ആകുമ്പോൾ തന്നെ എനിക്ക് ഏതാണ്ട് അമ്പത് വയസ്സുണ്ട്. വളരെയധികം രാഷ്ട്രീയ പ്രവർത്തനം നടത്തി, വിവിധ മേഖലകളിൽ നടത്തി അതിനു ശേഷമാണ് ഞങ്ങളൊക്കെ മന്ത്രിയോ എംഎൽഎയോ ഒക്കെ ആകുന്നത്.
റിയാസിനെ പോലെ എം എൽ എ ആയി, മന്ത്രിയായി...
റിയാസിനെ ഇവിടെ താരതമ്യപ്പെടുത്തേണ്ട കാര്യമില്ല. അഞ്ചുവർഷം എന്നല്ല, പത്ത് വർഷമാണ് മുഖ്യമന്ത്രി പറയുന്നത്. അഞ്ചുവർഷം ഒന്നും അദ്ദേഹം പറയുന്നില്ല. ആ അഞ്ചുവർഷം പറഞ്ഞേ പറ്റൂ. അന്നും അദ്ദേഹമാണ് മുഖ്യമന്ത്രി. അത് പറഞ്ഞാലേ ചരിത്രം പൂർത്തിയാകൂ. വികസന ജാഥ എന്ന് പറഞ്ഞുകൊണ്ടിരിക്കുന്നത് എന്താണെന്ന് പറയുന്നവർക്കേ അറിയൂ. ലിമിറ്റഡ് ആയുള്ള വ്യൂ ഒക്കെ വരുന്നുണ്ടിപ്പോ. പാർട്ടിയുടെ ടോട്ടൽ വ്യൂ, കോഹെറന്റ് വ്യൂ അതങ്ങോട്ട് പറയുന്നില്ല.
എന്തുകൊണ്ടാണ് അങ്ങനെ ഒരു മറവി പാർട്ടിക്ക്?
പാർട്ടിക്ക് ഒന്നും മറവി പറ്റിയിട്ടില്ല. പിണറായി തന്നെ പറയുന്നത് പത്ത് വർഷം എന്നാണല്ലോ. ആലപ്പുഴയിൽ കണ്ട വികസന ജാഥ നയിക്കുന്നവർ പറയുന്നത് അവരുടെ കാര്യമാണ്. വികസനത്തെ പറ്റി പറയുകയും എന്നാൽ അതെന്താണെന്ന പറയാതിരിക്കുകയും ചെയ്യുക. ചരിത്രത്തിന് നേരെ വാതിൽ കൊട്ടിയടയ്ക്കുന്ന സ്വഭാവം ആധുനിക രാഷ്ട്രീയത്തിലുണ്ടല്ലോ. എല്ലാ പാർട്ടികളിലും അതുണ്ട്.
പലപ്പോഴും ആലപ്പുഴയിലെ ജില്ലാ നേതൃത്വത്തിനെതിരെ ശക്തമായി വിമർശനങ്ങൾ ഉന്നയിച്ചിരുന്നുവല്ലോ?
ഇല്ല. നേതൃത്വത്തിനെതിരെ ഒന്നും ഉന്നയിച്ചിട്ടില്ല. ചില നേതാക്കൾക്കെതിരെ മാത്രം. ഞാനൊന്നും ഉന്നയിച്ചിട്ടില്ല. ഉന്നയിക്കാൻ ഇല്ലാത്തത് കൊണ്ടല്ല. അത് ഉന്നയിക്കത്തില്ല. ഒരു വ്യക്തിയുടെ പേര് പറഞ്ഞ് ഉന്നയിക്കാറില്ല. ഞാൻ ചോദിക്കട്ടെ. ആരെങ്കിലും, ആലപ്പുഴ ജില്ലയിലെ നേതൃത്വത്തിലുള്ള ആരെങ്കിലും, ആവശ്യമില്ലാത്ത ഒരു കാര്യം ഞാനുമായി ബന്ധപ്പെട്ട് പറഞ്ഞാൽ, ഞാൻ അതിന് വിശദീകരണം കൊടുത്തിട്ടുണ്ട്. അത് മാത്രമേയുള്ളൂ, ആരെയും ഞാൻ ആക്ഷേപിച്ചിട്ടുമില്ല. ഞാൻ അങ്ങനെ ചെയ്യാറില്ല. അങ്ങനെയാണ് എന്നു പറഞ്ഞ്, ജി. സുധാകരൻ അങ്ങനെയാണെന്ന് പറഞ്ഞ് കഥയങ്ങ് ഉണ്ടാക്കുകയല്ലേ. എന്ത് കാര്യത്തിനാണെന്ന് അറിയില്ല.
ഒന്നാം പിണറായി സർക്കാർ ഒരു മാതൃകയായിരുന്നു എന്നു പറയാറുണ്ടല്ലോ. കോവിഡ് കാലത്തൊക്കെ ആരോഗ്യ വകുപ്പിലെ കെ കെ ശൈലജയുടെ പ്രവർത്തനം ദേശീയ, ലോക ശ്രദ്ധ ആകർഷിച്ചിരുന്നു. ഇപ്പോഴത്തെ ആരോഗ്യ വകുപ്പ് ഇടതു മുന്നണിക്കും സർക്കാരിനും ഒരു ബാധ്യത ആവുകയാണോ?
അങ്ങനെ താരതമ്യപ്പെടുത്തി പറയാനൊന്നും ഞാൻ തയ്യാറല്ല. ലോകശ്രദ്ധ ആകർഷിച്ചു എന്നൊക്കെ പറയുമ്പോൾ, അന്ന് മന്ത്രിമാരും ജില്ലാ കേന്ദ്രങ്ങളിൽ ജില്ലകളുടെ ചുമതല ഏറ്റെടുത്താണ് ആരോഗ്യ വകുപ്പ് പ്രവർത്തിക്കുന്നത്. ആരോഗ്യ മന്ത്രി എല്ലായിടത്തും ഓടിനടക്കുകയല്ല. കോവിഡ് കാലത്ത് ആലപ്പുഴ പൂർണ ചുമതല എനിക്കായിരുന്നല്ലോ. ആരോഗ്യ മന്ത്രി ഇവിടെ അധികം വന്നിട്ടേയില്ല. മൊത്തം ചുമതല ഞാനാ ഏറ്റെടുത്തത്. കോവിഡ് രോഗികളെ ചികിത്സിക്കാൻ ആരും സ്ഥലം തരത്തില്ല. കായംകുളത്ത് ഒരു വലിയ നാല് നില മന്ദിരം അന്ന് നിർമ്മിച്ച് ഉപയോഗിക്കാതെ കിടക്കുകയായിരുന്നു. അദ്ദേഹം ഗൾഫിൽ ആയിരുന്നു. പത്തിയൂരിൽ. ഞാൻ ചോദിച്ച ഉടനെ കെട്ടിടം തന്നു. അഞ്ചാറ് താലൂക്കിലെ രോഗികളുടെ ചികിത്സ ഓണാട്ടുകരയിലെ ആ കെട്ടിടത്തിലാണ് നടന്നത്. അത് കഴിഞ്ഞ് കോവിഡ് കാലത്ത് വലിയ ക്ലീനിങ് നടന്നു. ഞങ്ങൾ എല്ലാരും ക്ലീൻ ചെയ്തു. കുട്ടനാട്ട് ഞാൻ കറുത്ത കൈലിയും കറുത്ത ഉടുപ്പും ഇട്ടുകൊണ്ട് ക്ലീൻ ചെയ്യുന്നത് ബിബിസിയിൽ വന്നു. ഒരു പടവും ഒരു വാർത്തയായിട്ട് വന്നു. കാബിനറ്റ് ആകെ ഇളകിയങ്ങ് പ്രവർത്തിക്കുകയായിരുന്നു. അവർ വളരെ സോഫ്റ്റ് ആയി സംസാരിച്ച് ശൈലജ നേതൃത്വപരമായ പങ്കു വഹിച്ചത് ശരിയാണ്. മുൻ ആരോഗ്യവകുപ്പുകളിൽനിന്ന് വലിയ വ്യത്യാസം അവർ വരുത്തിയെന്നത് ശരിയാണ്. ഇപ്പോഴും അവർ ആത്മാർത്ഥമായി പ്രവർത്തിക്കുന്നുണ്ട്.
ഇപ്പോഴത്തെ പ്രശ്നം കത്രികയാണ്. ഉത്തരവാദിത്തപ്പെട്ടവർ കർശന നടപടി എടുക്കണം. സസ്പെൻഷൻ ആദ്യ നടപടി മാത്രമാണ്. സസ്പെൻഷൻ മാത്രമല്ല, ഡിസ്മിസ് ചെയ്യണം. സസ്പെൻഡ് ചെയ്തിട്ടേ ഡിസ്മിസ് ചെയ്യാവൂ എന്നാര് പറഞ്ഞു. ഉത്തരവാദി ആരാണ് എന്ന് കണ്ടെത്തിയാൽ ഡിസ്മിസ് ചെയ്യണം. അന്വേഷണം നടത്തുന്ന നടപടിക്രമങ്ങൾ ഉണ്ട്. അതൊക്കെ ചെയ്തു തുടങ്ങി എന്നു തോന്നുന്നു. അപ്പോൾ ആക്ഷേപം വന്നു. ശസ്ത്രക്രിയ ചെയ്യാത്ത പ്രൊഫസറുടെ പേരിലാണ് എഫ്ഐഐആർ. ശസ്ത്രക്രിയ ചെയ്തവരാരും പ്രതികളല്ല. ഇങ്ങനെയൊക്കെയുള്ള കാര്യങ്ങൾ കേൾക്കുന്നു. വസ്തുതകൾ നമുക്കറിയില്ല. എല്ലാം ശ്രദ്ധിക്കണം. പോലീസിനെ മാത്രമായി വിശ്വസിക്കരുത്.
പല മന്ത്രിമാരുടെയും, സജി ചെറിയാന്റെ പ്രസ്താവന തന്നെ എടുക്കുക. പ്രസ്താവനകൾ വലിയ പ്രത്യാഘാതം ഈ സർക്കാരിന് ഉണ്ടാക്കുന്നുണ്ടോ? മാറാട് മുതലുള്ള പ്രശ്നങ്ങൾ... ഒരു വിദ്വേഷ പ്രസംഗത്തിന്റെ സ്വഭാവമുള്ള പ്രസംഗങ്ങൾ സജി ചെറിയാനെപ്പോലെയുള്ള മന്ത്രിമാരിൽനിന്ന് ഉണ്ടാകുന്നു ഇത് സർക്കാരിന്റെ പ്രതിച്ഛായയ്ക്ക് എന്തെങ്കിലും കോട്ടം ഉണ്ടാക്കുന്നുണ്ടോ?
സജി ചെറിയാൻ തുടർച്ചയായിട്ടൊന്നും അങ്ങനെ പ്രസ്താവന നടത്തുന്ന ആളൊന്നുമല്ല. അന്നൊരു ചെറിയ തെറ്റുപറ്റി. അദ്ദേഹം അത് തിരുത്തുകയും ചെയ്തു. പിന്നെ ഇപ്പൊ എന്തോ ഒരു കാര്യം. മൈനോറിറ്റിയെ പറ്റി ആണെന്നുള്ള ഉദ്ദേശ്യം പറഞ്ഞതാണ്. സജി ചെറിയാന്റെ പ്രത്യേകതയെന്ന് പറഞ്ഞാൽ, അദ്ദേഹം ശക്തമായി പ്രവർത്തിക്കുന്ന ആളാാണ്. അയാൾക്ക് പ്രവർത്തനക്ഷമത വളരെ കൂടുതലാണ്. അങ്ങനെയുള്ളവരെ എനിക്ക് ഇഷ്ടമാണ്. അദ്ദേഹം കോളേജ് പഠിക്കുന്ന കാലം മുതലേ എനിക്കറിയാം. വളരെ ആക്റ്റീവ് ആണ്. കാര്യം ഏൽപ്പിച്ചാൽ അതങ്ങ് ചെയ്യും. സംസാരിക്കുമ്പോഴും അദ്ദേഹം ഔട്ട്സ്പോക്കൺ ആയി സംസാരിക്കും. ഒരു മിനിസ്റ്റർ ആണ് എന്ന കാര്യം ഓർത്തുകൊണ്ട് ആയിരിക്കില്ല ചിലപ്പോൾ സംസാരിക്കുക. ഞാൻ ഒരിക്കൽ ഒരു പ്രയോഗം നടത്തി. പിണറായി എന്നെ വിളിച്ചു.
തന്ത്രിമാരുടെ ആസനത്തിൽ കുന്തം കയറ്റണം എന്ന് ഞാൻ പറഞ്ഞു. ദേവസ്വം ബോർഡിൽ പരിഷ്‌കാരം വരുത്തിയതിന് എതിരായി കുറെ തന്ത്രിമാർ ഇറങ്ങിയല്ലോ. ഞാൻ ഷാർപ്പ് ആയിട്ട് എല്ലാവരെയും പറഞ്ഞല്ലോ. ഇത് അവർ പരിശോധിക്കേണ്ട കാര്യമാണ്, രണ്ട് പ്രശ്നങ്ങളുണ്ട്. ക്രിസ്ത്യൻ വൈദികരും മുസ്ലിം ഇമാമുമാരും ആപാദചൂഡം വസ്ത്രങ്ങളണിഞ്ഞ്, അങ്ങനെയാണ് അവർ അവർ വരുന്നത്. അവരുടെ പാദംവരെ വസ്ത്രങ്ങളാണ്. ളോഹയാണെങ്കിൽ പറയണ്ട. മുസ്ലിം പുരോഹിതരും അങ്ങനെയാണ് വേഷം. പക്ഷേ, ഹൈന്ദവ പുരോഹിതന്മാരിൽ ഭൂരിപക്ഷവും അങ്ങനെയല്ല. നഗ്നമായ ശരീരവും കാണിച്ച് അവിടെ മാത്രം എന്തെങ്കിലുമുടുത്ത്, ചിലർ കുളത്തിൽ പോയി രാവിലെ കുളിച്ചുവന്ന് അടിവസ്ത്രം ഇടാതെ നിൽക്കുന്നവരുണ്ട്. ഇതൊക്കെ ഞാൻ പറഞ്ഞു. അത് ചിലർക്ക് ഇഷ്ടപ്പെട്ടില്ല. അപ്പോൾ ഞാൻ പറഞ്ഞു, നിങ്ങളുടെ സ്ത്രീകൾക്ക് അത് ഇഷ്ടമാണെങ്കിൽ കണ്ടോളാൻ ഞാൻ പറഞ്ഞു. ഞങ്ങളുടെ വീട്ടിലെ സ്ത്രീകൾക്ക് അത് ഇഷ്ടമല്ല. അങ്ങനെ അതങ്ങ് തീർന്നു. പിണറായി എന്നെ വിളിച്ചു, സുധാകരൻ എന്താ പറഞ്ഞത്, സുധാകരന് പറയാൻ അറിയാവുന്നതോണ്ട് ഇങ്ങനെയൊക്കെ പറയാമോ എന്ന് ചോദിച്ചു. ഞാൻ പറഞ്ഞു ഞാൻ തിരുത്തിക്കോളാം എന്ന്. ഗുരുവായൂരിൽ ഒരു പരിപാടി ഉണ്ടായിരുന്നു, അവിടെ വച്ച് ഞാൻ അത് തിരുത്തി, ഖേദം പ്രകടിപ്പിച്ചു.
ദേവസ്വം മന്ത്രി ആയിരുന്നല്ലോ. അന്ന് വലിയ പരാതിരഹിതമായി ശബരിമലയെ കൊണ്ടുപോയി. ഇന്ന് ശബരിമല സർക്കാരിന് കീറാമുട്ടി ആയി മാറുകയാണോ?
അതവിടെ ഉണ്ടായിരുന്ന ദേവസ്വം ബോർഡിന്റെ തകരാറല്ലേ? കഴിഞ്ഞ പൊതുതിരഞ്ഞെടുപ്പിൽ, ഞങ്ങൾക്കെതിരെ മത്സരിച്ച ആളായ യുഡിഎഫ് സ്ഥാനാർത്ഥിയാണ് പ്രശാന്ത്. എങ്ങനെയോ ആരോ സ്വാധീനിപ്പിച്ച് സിപിഎമ്മിൽ കൊണ്ടുപോയി. ഉടൻ തന്നെ ദേവസ്വം ബോർഡ് പ്രസിഡണ്ട് ആക്കി. ഇത്തരം സംഭവങ്ങളൊന്നും മുമ്പ് ഇല്ലാത്തതാണ്. എനിക്ക് അതിശയമായി. എന്താ ഇത്. അദ്ദേഹത്തിന് പാകത്തിന് പക്വത ആയിട്ടില്ല. കോൺഗ്രസിൽ തന്നെ അദ്ദേഹം മുമ്പ് മന്ത്രി ഓഫീസുമായി ബന്ധപ്പെട്ട് പ്രവർത്തിച്ച ഒരാളാണ്. ഞാൻ അറിഞ്ഞത് അങ്ങനെയാ. കോൺസ്സിനു വേണ്ടി മഹാത്യാഗം ഒന്നും ചെയ്തിട്ടുമില്ല. എന്തായാലും ശരി, ഉടൻ തന്നെ ദേവസ്വം ബോർഡ് പ്രസിഡണ്ട് ആക്കി. അത് പാളി. ആ കാലത്ത് ഇതൊക്കെ കുറെ ഉണ്ടായി. എല്ലാം എന്നല്ല. കുറെ ഇതുപോലെയുള്ള കാര്യങ്ങൾ. ആ ബോർഡിന്റെ തകരാറാണ്.
ജയകുമാർ വന്നിട്ടും അത് തടയാൻ വേണ്ടത്രയായില്ല. ജയകുമാർ ഈസ് വെരി സോഫ്റ്റ് മാൻ, ജെന്റ്റിൽമാൻ, നോ കറപ്ഷൻ ഹി ഈസ് എ ജെന്റ്റിൽമാൻ. എല്ലാം ഉരുക്കുമുഷ്ടി കൊണ്ട് കൈകാര്യം ചെയ്തില്ലേൽ, കാട്ടുകള്ളന്മാരാ, അയ്യപ്പന്റെ വിഗ്രഹം കടത്തുന്നവന്മാരാ അവിടെ ഇരിക്കുന്നത്. അപ്പോ അവരെയൊക്കെ നേരിടണം. ഈ ബോർഡിന് അത് കഴിയണം. കാരണം ഈ ബോർഡ് ഒരു കുറ്റവും ചെയ്ത ബോർഡല്ല. ഇതൊക്കെയാണുണ്ടായത്. ആ ബോർഡാ ഉത്തരവാദി. പ്രശാന്തിന്റെ അപ്പോയിന്റ്മെന്റ് പാളി പക്ഷേ പത്മകുമാർ ഇതിനകത്ത് ഏറ്റവും വലിയ. ബലപ്പെട്ട ആയിരുന്നു അദ്ദേഹം. എന്താ പറ്റിയതെന്ന് എനിക്കറിയില്ല. മോഷണവുമായി ബന്ധപ്പെട്ട് ജയിലിലായിട്ട് പോലും ഉന്നത സ്ഥാനങ്ങളിൽ നിന്ന് അദ്ദേഹത്തെ മാറ്റിയിട്ടില്ല.
സർക്കാരിന്റെ നേതൃത്വത്തിൽ നടത്തിയ അയ്യപ്പസംഗമം ആവശ്യമായിരുന്നോ
ആവശ്യമാണെന്ന് സർക്കാരിനു തോന്നിയതുകൊണ്ടല്ലേ നടത്തിയത്. ആവശ്യമല്ലെന്ന് എനിക്കു തോന്നേണ്ട കാര്യമെന്താണ്. ഞാൻ പോയില്ല, എന്നെയാരും വിളിച്ചതുമില്ല. വിളിച്ചാലും ഞാൻ പോവാനിടയില്ല. കാരണം എനിക്കവിടംവരെ പോവാനാവില്ല.
അങ്ങ് ദേവസ്വം മന്ത്രി ആയിരുന്നെങ്കിൽ ഇത്തരമൊരു സംഗമം സംഘടിപ്പിക്കുമായിരുന്നോ?
അതൊരു ചോദ്യമല്ല. അങ്ങനെ സംഘടിപ്പിച്ചിട്ടില്ലല്ലോ. ഞാനെന്നല്ല, ഒരു കാലത്തും ഒരു മന്ത്രിയും സംഘടിപ്പിച്ചിട്ടില്ല. അങ്ങനെയൊരു നിർദേശം മുന്നിൽ വന്നിട്ടില്ല. വന്നിരുന്നെങ്കിൽ അപ്പോൾ അഭിപ്രായം പറയും. അതിനൊന്നും പ്രശ്നമില്ല. സഖാവ് പിണറായി വിജയനോട് നമ്മളൊരു കാര്യം പറഞ്ഞാൽ, അദ്ദേഹത്തിനത് ബോധ്യപ്പെട്ടാൽ അതിനനുസരിച്ചേ നിൽക്കൂ. ഇപ്പോൾ ശബരിമല മകരവിളക്കിന് നട തുറക്കുമ്പോൾ എല്ലാ മന്ത്രിമാരും മുന്നിലുണ്ടാകും.
ഞാൻ നിരീക്ഷിച്ച ഒരു കാര്യം കമ്മ്യൂണിസ്റ്റ് ദേവസ്വം മന്ത്രിമാർ ഒരിക്കലും തൊഴാറില്ല
ഞാൻ തൊഴുതിട്ടില്ല ഗുരുവായൂരപ്പന്റെ അടുത്ത് പോയിട്ട്. പക്ഷെ, ഞാൻ വളരെ വിനീതമായി ബഹുമാനത്തോടുകൂടി നിൽക്കാറുണ്ട്. ഞാൻ തൊഴില്ല. കാരണം ഞാൻ ക്രിസ്ത്യൻ പള്ളിയിലും തൊഴുതിട്ടില്ല. മുസ്ലിം പള്ളിയിൽ പോയി നിസ്‌കരിച്ചിട്ടില്ല. പിന്നെ ഇവിടെ മാത്രം എങ്ങനെ ചെയ്യും. ഞാൻ കമ്മ്യൂണിസ്റ്റ്കാരനാണ് എല്ലാവരുടെയും മന്ത്രിയാണ്. എനിക്ക് പ്രത്യേക മതത്തോട് പ്രത്യേക കൂറൊന്നുമില്ല. ഭക്തജനങ്ങളുടെ കൂടെയാണ്. അവരുടെ എല്ലാ കാര്യങ്ങളും സാധിച്ചു കൊടുക്കുന്നത് മാത്രമാണ് ദേവസ്വം മന്ത്രിയുടെ ജോലി. എല്ലാ മതങ്ങളോടുമുള്ള, സർവ്വമാന വിശ്വാസികളോടുമുള്ള സ്നേഹവും ആദരവും. അവരുടെ നന്മയ്ക്ക് വേണ്ടി എന്തും ചെയ്യും ഇതാണ് സ്റ്റേറ്റ് മാൻഷിപ്പ് രാഷ്ട്രതന്ത്രം ഞാൻ അവിടെ പോയി കൈകൂപ്പിയാൽ ഞാൻ കള്ളൻ ആണെന്ന് അപ്പോഴേ ആളുകൾ പറയും.
താങ്കൾ ദേവസ്വം മന്ത്രിയായിരുന്ന കാലയളവിൽ ആയിരുന്നു എന്ന് കരുതിയാൽ ശബരിമല സ്ത്രീ പ്രവേശനത്തെ താങ്കൾ അനുകൂലിക്കുമോ?
സ്ത്രീ പ്രവേശനത്തെ, അതായത് അമ്പത് വയസ്സ് കുറയാത്തവർ കയറാൻ പാടില്ല എന്നുള്ളതല്ലേ. ഞാൻ കൊണ്ടുവന്ന നിയമത്തിൽ 50 കഴിഞ്ഞ സ്ത്രീയെ ബോർഡ് മെംബറാക്കണമെന്ന് പറഞ്ഞത് ഇത് കൊണ്ടായിരുന്നു. അത് വിവാദമായില്ല. വിവാദ വിഷയമായത് പിന്നീട് രണ്ടു മൂന്ന് പെണ്ണുങ്ങൾ കേറിയപ്പോഴാണ്. അതൊരു സെക്റ്റേറിയൻ ഇഷ്യു പോലെയാണ് ജനം കണ്ടത്. അതായത് വാശിപിടിച്ച് ശബരിമലയുമായി ബന്ധമില്ലാത്ത കുറച്ച് പെണ്ണുങ്ങൾ പോയി. അത് പബ്ലിക്കിന് ഇഷ്ടപ്പെട്ടില്ല.
ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട് എസ്ഐടിയെ വച്ചത് കോടതിയല്ലേ. കോടതി പറയുന്നത് നമ്മൾ അംഗീകരിക്കുക എന്നുള്ളതാണ് പൊതുവെ ചെയ്യുന്നത്. അത്രയേ ഉള്ളൂ. ഇതെല്ലാം ചെയ്തിരിക്കുന്നത് കോടതിയാണ്. ജയിലിൽ അടപ്പിച്ചത് കോടതി വിട്ടയച്ചതും കോടതി. നാല്പത്തിയൊന്ന് ദിവസം ജയിലിൽ കിടന്നു. കോമ്പൻസേഷൻ കൊടുക്കേണ്ടി വരും.
ഒരു ടേം വ്യവസ്ഥ വന്നില്ലായിരുന്നെങ്കിൽ അതേ തുടർച്ച ഭരണത്തിന്റെ ഒരു പെർഫോമൻസിലേക്ക് വരുമായിരുന്നില്ലേ?
അതൊക്കെ ജനങ്ങളും മാധ്യമങ്ങളും വിലയിരുത്തേണ്ട കാര്യം. പക്ഷേ, എനിക്ക് പിആർ വർക്ക് ഇല്ലല്ലോ. അതിന്റെ പ്രശ്നം ഉണ്ട്. ഞാൻ വർക്ക് ചെയ്ത് ഫൈറ്റ് ചെയ്ത് തന്നെയാണ്. ഞാൻ അംഗീകാരം പിടിച്ചു വാങ്ങുന്ന ആളല്ല, ഞാൻ അപേക്ഷിച്ച് വാങ്ങുന്ന ആളുമല്ല. ഒരു വിധപ്പെട്ടവർക്കെല്ലാം പിആർ വർക്കാണ് എന്നറിയാമല്ലോ, എനിക്ക് അതിന്റെ ആവശ്യമില്ല. ഞാൻ ഇനിയും പിആർ വർക്ക് ചെയ്യില്ല. എനിക്ക് ഒരു കമ്പ്യൂട്ടർ പോലുമില്ല വീട്ടിൽ.
പിണറായിക്ക് ഇപ്പോഴും തെറ്റിദ്ധാരണ ഉണ്ടോ താങ്കളെ കുറിച്ച്?
അതിന് സാധ്യതയില്ല.
ആരെങ്കിലും തെറ്റിദ്ധരിപ്പിച്ചിട്ടുണ്ടായിരുന്നോ?
അതെനിക്ക് അറിയില്ല പിണറായിയുടെ കാര്യം എനിക്ക് പറയാൻ പറ്റില്ല അതെനിക്ക് അറിയില്ല പക്ഷേ ഇവിടെ മോശപ്പെട്ട പ്രവണത ഉണ്ടായിരുന്നു കഴിഞ്ഞ അഞ്ചു വർഷമായിട്ട് അതെനിക്കറിയാം. ആരുടെ പേരും ഒന്നും ഞാൻ പറയില്ല. ഒരു ടീം ആണ് ചെറിയ ഒരു മൂന്നാല് പേരുടെ ടീം. അവർ എന്താണ് ലക്ഷ്യമിടുന്നത്? അവർ ലക്ഷ്യമിടുന്നത് നമ്മൾ ഒക്കെ ഈ സ്ഥാനത്തുനിന്ന് മാറി അവർക്ക് ആ സ്ഥാനം കിട്ടുക എന്നതാണ്.
Content Highlights: Former Minister G. Sudhakaran expresses readiness to contest assembly elections, criticizes party`s term and age limits for candidates.
Published: 23 Feb 2026, 06:23 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented