തെങ്കാശി: തമിഴ്‌നാട് കുറ്റാലം വെള്ളച്ചാട്ടത്തില്‍ ഒഴുക്കില്‍പ്പെട്ട പാലക്കാട് സ്വദേശിയായ നാലുവയസ്സുകാരിയെ അദ്ഭുതകരമായി രക്ഷപ്പെടുത്തി. വ്യാഴാഴ്ച രാവിലെ 11-ന് പഴയ കുറ്റാലത്തായിരുന്നു സംഭവം. തൂത്തുക്കുടി സ്വദേശി വിജയ്കുമാറാണ് കുട്ടിയെ രക്ഷിച്ചത്. രക്ഷാപ്രവര്‍ത്തനത്തിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായി. 

To advertise here,

മാതാപിതാക്കള്‍ക്കും സഹോദരനുമൊപ്പം വെള്ളച്ചാട്ടം കാണാനെത്തിയതായിരുന്നു പെണ്‍കുട്ടി. കുട്ടികള്‍ കുളിക്കാറുള്ള സ്ഥലത്ത് പെണ്‍കുട്ടി ഉള്‍പ്പെടെ കുളിക്കാനിറങ്ങി. ഇതിനിടെ ശക്തമായ നീരൊഴുക്കുണ്ടാവുകയും കുട്ടി ഒഴുക്കില്‍പ്പെട്ട് താഴ്ചയിലേക്ക് ഒലിച്ചുപോയി. കുട്ടി പാറയില്‍ പിടിച്ചു രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും പാറയില്‍നിന്നും വഴുതി താഴേക്ക് ഒഴുകി. കുട്ടിയെ തൂത്തുക്കുടി സ്വദേശിയായ വിജയകുമാര്‍ സാഹസികമായി രക്ഷപ്പെടുത്തുകയായിരുന്നു. ശക്തമായ കുത്തൊഴുക്കുള്ള വെള്ളത്തിലേക്കിറങ്ങിയാണ് വിജയകുമാർ കുട്ടിയെ രക്ഷപ്പെടുത്തിയത്.  

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി തെങ്കാശി, കുറ്റാലം ഭാഗങ്ങളില്‍ മഴ ശക്തമാണ്. ഇതിനെത്തുടര്‍ന്നാണ് ശക്തമായ നീരൊഴുക്ക് അനുഭവപ്പെട്ടത്.