ഫോർട്ട്‌കൊച്ചി: പുതുവർഷാഘോഷത്തിന്റെ ഭാഗമായി ഫോർട്ട്‌കൊച്ചിയിൽ പോലീസ് നിരീക്ഷണം ശക്തമാക്കും. ചൊവ്വാഴ്ച ജനങ്ങളുടെ സുരക്ഷയ്ക്കും ഗതാഗത നിയന്ത്രണത്തിനുമായി വിപുലമായ ക്രമീകരണമുണ്ടാകുമെന്ന് പോലീസ് അറിയിച്ചു. ഡെപ്യൂട്ടി പോലീസ് കമ്മിഷണറുടെ നേതൃത്വത്തിൽ 10 ഡിവൈ.എസ്.പി.മാർ, 25 ഇൻസ്പെക്ടർമാർ, 60 എസ്.ഐ.മാർ, 100 വനിതാ പോലീസ് ഉദ്യോഗസ്ഥർ എന്നിവരുൾപ്പെടെ ആയിരത്തിൽപ്പരം പോലീസുകാരെ ഡ്യൂട്ടിക്കായി നിയോഗിച്ചിട്ടുണ്ട്.
പ്രദേശത്ത് ഏതാണ്ട് നാനൂറോളം നിരീക്ഷണ ക്യാമറകളും സ്ഥാപിച്ചു. പപ്പാഞ്ഞിയെ കത്തിക്കുന്ന വെളി മൈതാനത്തെ ബാരിക്കേഡ് ചെയ്ത് നാലായി തിരിച്ച് ജനങ്ങളെ പ്രവേശിപ്പിക്കും. കമാലക്കടവ്, ബീച്ച്, വെളി മൈതാനം, വൈപ്പിൻ ജെട്ടി, വാസ്‌കോ സ്‌ക്വയർ, ബി.ഒ.ടി. ഈസ്റ്റ് എന്നിവിടങ്ങളിൽ പബ്ലിക് അഡ്രസ് സിസ്റ്റം ഉറപ്പാക്കും. ഫോർട്ട്‌കൊച്ചി റോ-റോ ജെട്ടിയിൽ (കമാലക്കടവിൽ) തിക്കും തിരക്കും ഒഴിവാക്കാൻ ബാരിക്കേഡുകൾ സ്ഥാപിക്കും. വെളി ഗ്രൗണ്ട്, വെളി ജങ്‌ഷൻ, കമാലക്കടവ്, വാസ്‌കോ സ്‌ക്വയർ, ബീച്ച് ഏരിയ എന്നിവിടങ്ങളിൽ മതിയായ എണ്ണം അസ്‌ക്കാ ലൈറ്റുകൾ സ്ഥാപിക്കും. രാത്രി 12-നു മുൻപുതന്നെ പുറത്തേക്കുള്ള യാത്ര സുഗമമാക്കുന്നതിന് എല്ലാ ബാരിക്കേഡുകളും മാറ്റും. സ്ത്രീകൾക്കു നേരേയുള്ള കുറ്റകൃത്യങ്ങൾ, മാല പൊട്ടിക്കൽ, മോഷണം തുടങ്ങിയവ തടയുന്നതിന് മഫ്തിയിൽ വനിതാ പോലീസുകാർ, എസ്.ഒ.ജി., ഷാഡോ, സിറ്റി വാര്യേഴ്‌സ് എന്നിവരെയും നിയോഗിക്കും. മദ്യപിച്ച് വാഹനം ഓടിക്കുന്നവരെ കണ്ടെത്തുന്നതിന് ചൊവ്വാഴ്ച രാവിലെ മുതൽ കർശന പരിശോധനയുണ്ടാകും. കോസ്റ്റൽ പോലീസിന്റെയും മറൈൻ എൻഫോഴ്‌സ്‌മെന്റിന്റെയും ബോട്ട് പട്രോളിങ്ങുണ്ടാകും. വെളി മൈതാനത്ത് പോലീസിന്റെയും മറ്റു വകുപ്പുകളുടെയും പ്രത്യേക കൺട്രോൾ റൂം പ്രവർത്തിക്കും. ആംബുലൻസ്/മെഡിക്കൽ ടീമിനൊപ്പം വയർലെസ് സെറ്റോടുകൂടി പോലീസ് ഉദ്യോഗസ്ഥരുണ്ടാകും.
വൈപ്പിനിൽനിന്ന് റോ-റോ സർവീസിലും നിയന്ത്രണം
ചൊവ്വാഴ്ച വൈകീട്ട് 4 വരെ മാത്രമേ വൈപ്പിനിൽനിന്ന് റോ-റോ ജങ്കാർ വഴി ഫോർട്ട്‌കൊച്ചിയിലേക്ക് വാഹനങ്ങൾ കടത്തിവിടൂ. വൈപ്പിനിൽനിന്നുള്ള യാത്രക്കാരെ ജങ്കാറിൽ രാത്രി ഏഴുവരെ കടത്തിവിടും. രാത്രി ഏഴിനുശേഷം വൈപ്പിനിൽനിന്ന് ഫോർട്ട്‌കൊച്ചിയിലേക്ക് ജങ്കാർ, ബോട്ട് സർവീസ് ഉണ്ടാവില്ല. രാത്രി ഏഴിനുശേഷം ഫോർട്ട്‌കൊച്ചിയിലേക്ക് വാട്ടർ മെട്രോ സർവീസുമുണ്ടാവില്ല. വൈകീട്ട് നാലിനുശേഷം ഫോർട്ട്‌കൊച്ചിയിലേക്ക് പോകുന്ന ബസുകൾ മട്ടാഞ്ചേരി കൊച്ചിൻ കോളേജ് മൈതാനത്ത് താത്‌കാലിക ബസ് സ്റ്റാൻഡിൽ സർവീസ് അവസാനിപ്പിക്കണം. ഫോർട്ട്‌കൊച്ചിയിൽനിന്നു മടങ്ങിപ്പോകുന്ന ആളുകൾക്ക് കൊച്ചിൻ കോളേജ് മൈതാനത്തെത്തി അവിടെനിന്ന് ബസിൽ തിരികെ തോപ്പുംപടി, എറണാകുളം ഭാഗത്തേക്ക് പോകാം. കൊച്ചിൻ കോളേജ് മൈതാനത്തുനിന്ന് തോപ്പുംപടി ഭാഗത്തേക്ക് തിരിച്ചുപോകുന്ന ബസുകൾ കൂവപ്പാടം ജങ്‌ഷൻ-കുമാർ പമ്പ് ജങ്‌ഷൻ-പരിപ്പ് ജങ്‌ഷൻ വഴി പോകണം. ഗതാഗത തിരക്ക് കൂടിയാൽ, ബി.ഒ.ടി. പാലം ഈസ്റ്റ്, സിഫ്റ്റ് ജങ്ഷൻ, ഇടക്കൊച്ചി പാലം, പഷ്ണിത്തോട് പാലം, പെരുമ്പടപ്പ് പാലം എന്നിവിടങ്ങളിൽ വാഹനങ്ങളെ നിയന്ത്രിക്കും.
വാഹന പാർക്കിങ്ങിന് പ്രത്യേക കേന്ദ്രങ്ങൾ
ഫോർട്ട്‌കൊച്ചിയിൽ എത്തുന്ന വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിന് 18 സ്ഥലങ്ങൾ ഏർപ്പെടുത്തി. ഫോർട്ട്‌കൊച്ചി കബ്രാൾ യാർഡ് ഗ്രൗണ്ട്, ആസ്പിൻവാൾ ഗ്രൗണ്ട്, ബിഷപ്പ് ഹൗസ് ഫ്രണ്ട് (കാർ/ടൂവീലർ) കേമ്പിരി ജങ്‌ഷനു തെക്കോട്ട് ഭാഗം, അജന്താ റോഡിനു കിഴക്ക് ഭാഗം, പാണ്ടിക്കുടി ജങ്‌ഷൻ മുതൽ തെക്കോട്ട് പഴയ കള്ളുഷാപ്പ് ജങ്‌ഷൻ വരെ (ടൂവീലർ), കൂവപ്പാടം മുതൽ പരിപ്പ് ജങ്‌ഷൻ വരെ റോഡിന് പടിഞ്ഞാറ് ഭാഗം (കാർ), മട്ടാഞ്ചേരി ടി.ഡി. സ്‌കൂൾ ഗ്രൗണ്ട്, ആസിയാ ഭായി സ്‌കൂൾ ഗ്രൗണ്ട് (ടൂ വീലർ), പനയപ്പിള്ളി എം.എം.ഒ.എച്ച്.എസ്.എസ്. മൈതാനം, ബീച്ച് റോഡ് ജങ്ഷന് തെക്ക് ഭാഗത്ത് റോഡിന് കിഴക്ക് ഭാഗം, തോപ്പുംപടി ജങ്‌ഷനിലെ സിത്താര ഗ്രൗണ്ട്, തോപ്പുംപടി കോർപ്പറേഷൻ സ്റ്റേഡിയം, ഹാർബർ ഗേറ്റിന് എതിർവശമുള്ള മൈതാനം, ബി.ഒ.ടി. പാലത്തിന് കിഴക്കുവശത്ത് സിഫ്റ്റ് ജങ്ഷൻ വരെയുള്ള ഭാഗം തുടങ്ങിയ സ്ഥലങ്ങളിൽ വാഹനങ്ങൾക്ക് പാർക്കിങ് സൗകര്യമുണ്ടാകും.
Content Highlights: fort kochi new year celebration 2025
Published: 31 Dec 2024, 07:50 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented