മുന്‍മന്ത്രി ആര്‍. ബാലകൃഷ്ണ പിളള അന്തരിച്ചു


ആർ.ബാലകൃഷ്ണപിളള | ഫോട്ടോ:മാതൃഭൂമി

കൊല്ലം: കേരളാ കോണ്‍ഗ്രസ് ബി. ചെയര്‍മാനും മുന്‍മന്ത്രിയുമായ ആര്‍. ബാലകൃഷ്ണ പിള്ള(86) അന്തരിച്ചു. വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് കൊട്ടാരക്കരയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ബാലകൃഷ്ണപ്പിളളയുടെ മകന്‍ കെ.ബി.ഗണേഷ് കുമാറാണ് മരണവാര്‍ത്ത അറിയിച്ചത്.

9 മണി വരെ മൃതദേഹം കൊട്ടാരക്കരയില്‍ പൊതുദര്‍ശനത്തിന് വെക്കും. അതിനു ശേഷം വാളകെത്തെ തറവാട്ട് വീട്ടിലേക്ക് കൊണ്ടുപോകും. ഉച്ചയ്ക്കുശേഷം വാളകത്ത് സംസ്‌കാര ചടങ്ങുകള്‍ നടക്കും. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ടായിരിക്കും സംസ്‌കാര ചടങ്ങുകള്‍.

കൊല്ലം ജില്ലയിലെ കൊട്ടാരക്കരയില്‍ കീഴൂട്ട് രാമന്‍ പിള്ളയുടെയും കാര്‍ത്ത്യായനിയമ്മയുടെയും മകനായി 1935 മാര്‍ച്ച് എട്ടിനാണ് ബാലകൃഷ്ണപിള്ളയുടെ ജനനം. തിരുവനന്തപുരത്തെ എം.ജി. കോളേജ്, യൂണിവേഴ്സിറ്റി കോളേജ് എന്നിവിടങ്ങളില്‍നിന്ന് വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. വിദ്യാര്‍ഥിയായിരിക്കേ രാഷ്ട്രീയത്തില്‍ ആകൃഷ്ടനായി.

കോണ്‍ഗ്രസിലൂടെയായിരുന്നു സജീവരാഷ്ട്രീയത്തിലേക്കുള്ള പ്രവേശനം. പിന്നീട് 1964-ല്‍ കേരളാ കോണ്‍ഗ്രസ് രൂപവത്കരിച്ചപ്പോള്‍ സ്ഥാപകനേതാക്കളില്‍ ഒരാളായി. 1976-ല്‍ കേരള കോണ്‍ഗ്രസ് ചെയര്‍മാന്‍ കെ.എം. ജോര്‍ജിന്റെ മരണത്തെ തുടര്‍ന്ന് കെ.എം. മാണിയും ആര്‍. ബാലകൃഷ്ണപിള്ളയും തമ്മില്‍ അഭിപ്രായവ്യത്യാസം രൂപപ്പെട്ടു. തുടര്‍ന്ന് കേരളാ കോണ്‍ഗ്രസ് പിളരുകയും 1977-ല്‍ ആര്‍. ബാലകൃഷ്ണപിള്ളയുടെ നേതൃത്വത്തില്‍ കേരളാ കോണ്‍ഗ്രസ് ബി രൂപവത്കരിക്കുകയും ചെയ്തു. പിന്നീട് എല്‍.ഡി.എഫിനൊപ്പ(1977-1982)വും യു.ഡി.എഫിനൊ(1982-2015)പ്പവും പ്രവര്‍ത്തിച്ചു. നിലവില്‍ എല്‍.ഡി.എഫിനൊപ്പമാണ് കേരള കോണ്‍ഗ്രസ് ബി.

1975-ല്‍ സി.അച്യുത മേനോന്‍ സര്‍ക്കാരിലാണ് ബാലകൃഷ്ണപിള്ള ആദ്യമായി മന്ത്രിസ്ഥാനത്തെത്തുന്നത്. ഗതാഗതം, എക്സൈസ്, ജയില്‍ വകുപ്പുകളുടെ ചുമതലയായിരുന്നു ലഭിച്ചത്. തുടര്‍ന്ന് 1980-82, 82-85,86-87 വര്‍ഷങ്ങളില്‍ വൈദ്യുതി വകുപ്പുമന്ത്രിയായും 1991-95, 2001-04 കാലയളവില്‍ ഗതാഗത വകുപ്പുമന്ത്രിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. 1971-ല്‍ മാവേലിക്കരയില്‍നിന്നും ലോക്സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.

1960,1965,1977,1980,1982,1987,1991,2001 വര്‍ഷങ്ങളില്‍ കേരള നിയമസഭാംഗമായിരുന്നു. 2006-ലാണ് പിള്ള അവസാനമായി നിയമസഭാ തിരഞ്ഞെുപ്പില്‍ മത്സരിക്കുന്നത്. കൊട്ടാരക്കരയിലെ സിറ്റിങ് എം.എല്‍.എ. ആയിരുന്ന ബാലകൃഷ്ണപിള്ള പക്ഷെ, സി.പി.എമ്മിന്റെ ഐഷാ പോറ്റിയോട് പരാജയപ്പെട്ടു. 2017-ല്‍ കേരള മുന്നോക്ക വികസന കോര്‍പറേഷന്‍ ചെയര്‍മാനായി നിയമിക്കപ്പെട്ടു.

വിവാദച്ചുഴികള്‍ നിറഞ്ഞതായിരുന്നു പിള്ളയുടെ രാഷ്ട്രീയജീവിതം. വിവാദമായ പഞ്ചാബ് മോഡല്‍ പ്രസംഗത്തിന്റെ പേരില്‍ 85-ല്‍ മന്ത്രിസ്ഥാനം നഷ്ടപ്പെട്ടു. കൂറുമാറ്റ നിരോധന നിയമപ്രകാരം ശിക്ഷിക്കപ്പെട്ട ആദ്യ നിയമസഭാംഗവും അഴിമതി കേസില്‍ ശിക്ഷിക്കപ്പെടുന്ന കേരളത്തിലെ ആദ്യമന്ത്രിയും ബാലകൃഷ്ണപിള്ളയാണ്.

ആര്‍ വത്സലയാണ് ബാലകൃഷ്ണപിള്ളയുടെ ഭാര്യ. സിനിമാനടനും പത്തനാപുരം എം.എല്‍.എയുമായ ഗണേഷ് കുമാര്‍, ഉഷ, ബിന്ദു എന്നിവരാണ് മക്കള്‍. മരുമക്കള്‍: കെ. മോഹന്‍ദാസ് (മുന്‍ കേന്ദ്ര ഷിപ്പിങ് സെക്രട്ടറി), ബിന്ദു ഗണേഷ് (ദുബായ്), ടി. ബാലകൃഷ്ണന്‍ (മുന്‍ അഡീഷണല്‍ ചീഫ് സെക്രട്ടറി)

Content Highlights:Former Minister and Kerala Congress (B) Leader R Balakrishna Pillai passes away


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

05:02

ഭാര്യയുമായി പിണങ്ങി താമസിച്ച 65-കാരന്‍ മരിച്ചു; തെളിഞ്ഞത് ദാരുണമായ കൊലപാതകം

Sep 30, 2022


05:23

രാജകുടുംബത്തിന്റെ ഉറക്കം കെടുത്തുന്ന ടെലിവിഷന്‍ സിനിമ; അറം പറ്റുമോ 'King Charles III'

Sep 29, 2022


drug

1 min

തണ്ണിമത്തനില്‍ ഒളിപ്പിച്ച് മയക്കുമരുന്ന് കടത്താൻ ശ്രമം; അഞ്ചംഗ സംഘം സൗദിയിൽ അറസ്റ്റിൽ

Sep 29, 2022

Most Commented