തിരുവനന്തപുരം:തദ്ദേശ തിരഞ്ഞെടുപ്പ് ഏത് നിമിഷവും പ്രഖ്യാപിക്കാനിരിക്കെ വമ്പൻ പ്രഖ്യാപനങ്ങളുമായി സർക്കാർ. ക്ഷേമ പെൻഷനുകൾ കൂട്ടിയും ആശമാരുടെ അലവൻസ് വർധിപ്പിച്ചും സർക്കാർ ജീവനക്കാരുടെ ഡിഎ കുടിശ്ശികയിൽ ഒരു ഗഡു(4%) അനുവദിക്കാനും തീരുമാനിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. മന്ത്രിസഭാ യോഗത്തിന് ശേഷമായിരുന്നു ബജറ്റ് അവതരണത്തിന് സമാനമായ ജനക്ഷേമ പ്രഖ്യാപനങ്ങൾ.

To advertise here,

ക്ഷേമ പെൻഷൻ 400 രൂപ വർധിപ്പിക്കും

സാമൂഹിക സുരക്ഷാപെൻഷനുകൾ, ക്ഷേമനിധി ബോർഡ് പെൻഷനുകൾ, സർക്കസ്, അവശകലാകാരന്മാർക്കുള്ള പെൻഷനുകൾ എന്നിവ നിലവിൽ പ്രതിമാസം 1600 രൂപയാണ്. ഇത് നാനൂറുരൂപ കൂടി വർധിപ്പിച്ച് രണ്ടായിരംരൂപയാക്കും. ഇതിനായി 13,000 കോടി നീക്കിവെക്കും.

സ്ത്രീകൾക്ക് സാമ്പത്തിക സഹായമായി ആയിരം രൂപ

സാമൂഹിക ക്ഷേമ പദ്ധതികളിൽ ഗുണഭോക്താക്കൾ അല്ലാത്ത ട്രാൻസ് വുമൺ അടക്കമുള്ള പാവപ്പെട്ട കുടുംബങ്ങളിലെ സ്ത്രീകൾക്ക് എല്ലാമാസവും സാമ്പത്തികസഹായം ലഭ്യമാക്കും. 35-60 വയസ്സുവരെയുള്ള നിലവിൽ ഏതെങ്കിലും സാമൂഹിക ക്ഷേമ പെൻഷൻ ലഭിക്കാത്ത എഎവൈ (മഞ്ഞക്കാർഡ്), പിഎച്ച്എച്ച് മുൻഗണനാവിഭാഗം (പിങ്ക് കാർഡ്) വിഭാഗത്തിൽപ്പെട്ട സ്ത്രീകൾക്ക് പ്രതിമാസം ആയിരം രൂപ വീതം സ്ത്രീസുരക്ഷാ പെൻഷൻ അനുവദിക്കും. 33.34 ലക്ഷം സ്ത്രീകൾ ഈ പദ്ധതികളുടെ ഉപഭോക്താക്കളാകും. പ്രതിവർഷം 3800 കോടി രൂപ ഈ പദ്ധതിക്ക് സർക്കാർ ചെലവിടും.

കണക്ട് ടു വർക്ക് സ്‌കോളർഷിപ്പ്-പ്രതിമാസം ആയിരംരൂപ

യുവതലമുറയ്ക്ക് കണക്ട് ടു വർക്ക് സ്‌കോളർഷിപ്പ് നടപ്പാക്കും. വിദ്യാർഥികൾക്ക് മികച്ച ജോലി ലഭിക്കാൻ സ്റ്റൈപ്പൻഡ് അല്ലെങ്കിൽ സാമ്പത്തിക സഹായം നൽകുന്ന പദ്ധതി ആരംഭിക്കും. പ്രതിവർഷ കുടുംബ വരുമാനം ഒരുലക്ഷത്തിൽ താഴെയുള്ള പ്ലസ് ടു, ഐടിഐ, ഡിപ്ലോമ, ഡിഗ്രി എന്നീ പഠനങ്ങൾക്കു ശേഷം വിവിധ നൈപുണ്യ കോഴ്‌സുകളിൽ പഠിക്കുന്നവരോ വിവിധ ജോലി-മത്സര പരീക്ഷകൾക്ക് തയ്യാറെടുക്കുന്നവരോ ആയ 18-30 വയസ്സുള്ളവർക്ക് പ്രതിമാസം ആയിരംരൂപ ധനസഹായം നൽകും. കണക്ട് ടു വർക്ക് എന്ന ഈ പദ്ധതിയിൽ അഞ്ചുലക്ഷം പേർക്ക് ഗുണം ലഭിക്കുമെന്നാണ് പ്രതീക്ഷ. ഇതിനായി സർക്കാർ പ്രതിവർഷം 600 കോടി രൂപ ചെലവിടേണ്ടിവരും.

മറ്റ് പ്രധാന പ്രഖ്യാപനങ്ങൾ 

കുടുംബശ്രീ എഡിഎസുകൾക്കുള്ള പ്രവർത്തന ഗ്രാന്റ് പുതുക്കി നിശ്ചയിച്ചു. 19,400 എഡിഎസുകൾക്കുള്ള പ്രവർത്തന ഗ്രാന്റായി പ്രതിമാസം ആയിരം രൂപ വീതം നൽകും. പ്രതിവർഷം 23.40 ലക്ഷംരൂപയാണ് ഇതിന് വേണ്ടിവരിക.

സംസ്ഥാന സർക്കാർ ജീവനക്കാർ, അധ്യാപകർ, പെൻഷൻകാർ എന്നിവർക്കുള്ള ഡിഎ,ഡിആർ ഒരു ഗഡു കൂടി നൽകും. നവംബറിൽ വിതരണം ചെയ്യുന്ന ശമ്പളത്തിനും പെൻഷനും ഒപ്പം ഇത് നൽകും. അംഗൻവാടി വർക്കർമാരുടെയും ഹെൽപ്പർമാരുടെയും പ്രതിമാസ ഓണറേറിയം ആയിരം രൂപവീതം വർധിപ്പിക്കും. സാക്ഷരതാ പ്രേരക്മാരുടെ പ്രതിമാസ ഓണറേറിയം 1000 രൂപയായി വർധിപ്പിക്കും. ആശാ വർക്കർമാരുടെ പ്രതിമാസ ഓണറേറിയം 1000 രൂപ വർധിപ്പിക്കും. പ്രീ പ്രെെമറി ടീച്ചർമാരുടെയും ആയമാരുടെയും പ്രതിമാസ വേതനം 1000 രൂപ വർധിപ്പിക്കും. ഗസ്റ്റ് ലെക്ചർമാരുടെ പ്രതിമാസ വേതനം പരമാവധി 2000 രൂപ വർധിപ്പിക്കും.