പാലക്കാട്:  ഒറ്റപ്പാലം നഗരസഭാ കൗണ്‍സില്‍ യോഗത്തില്‍ കൗണ്‍സിലര്‍മാര്‍ തമ്മില്‍ വാക്കേറ്റവും കൈയ്യാങ്കളിയും. യു.ഡി.എഫ്. അംഗം സംസാരിച്ചു കൊണ്ടിരിക്കുന്നതിനിടെയില്‍ സി.പി.എം. കൗണ്‍സിലര്‍ ഇടപെട്ടതോടെയാണ് വാക്കേറ്റത്തിലേക്ക് നീങ്ങിയത്. വാക്കേറ്റം കനത്തതോടെ യോഗം പിരിച്ചുവിട്ടു.

To advertise here,

ഒറ്റപ്പാലം താലൂക്ക് ആശുപത്രിയുമായി ബന്ധപ്പെട്ട വിഷയങ്ങളാണ് കൗണ്‍സില്‍ യോഗം സംഘര്‍ഷത്തിലേക്ക് നീങ്ങാന്‍ കാരണം. അപകടം പറ്റി ചികിത്സ തേടി താലൂക്ക് ആശുപത്രിയിലെത്തിയ ആള്‍ക്ക് ചികിത്സ ലഭിച്ചില്ലെന്ന ആരോപണമുന്നയിച്ചതാണ് പ്രശ്‌നങ്ങള്‍ക്ക് തുടക്കം. കഴിഞ്ഞ ദിവസം അപകടം പറ്റി ആശുപത്രിയിലെത്തിയ ആളെ കുഴപ്പമൊന്നും ഇല്ല എന്ന് ചൂണ്ടിക്കാട്ടി ആശുപത്രിയില്‍ നിന്ന് മടക്കിയയച്ചു. എന്നാല്‍ അദ്ദേഹത്തിന്റെ തുടയെല്ലിന് പരിക്കേറ്റിരുന്നു. തുടര്‍ന്ന് പെരിന്തല്‍മണ്ണയിലെത്തിയാണ് അദ്ദേഹം ചികിത്സ തേടിയത്.

ഈ വിഷയം യു.ഡി.എഫ്. ഉന്നയിച്ചു. നേരത്തെ ഒറ്റപ്പാലം താലൂക്ക് ആശുപത്രിയില്‍ നിന്ന് അര്‍ബുദ രോഗിയ്ക്ക് സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ ഇടപെട്ട കൗണ്‍സിലര്‍ക്കെതിരെ കേസെടുത്തത് ചൂണ്ടിക്കാട്ടി ബി.ജെ.പി.യും രംഗത്തെത്തി. പിന്നാലെ സി.പി.എം. അംഗങ്ങൾ ഇവയ്ക്ക് മറുവാദമായെത്തിയതോടെ വാക്കുതര്‍ക്കത്തിലേക്കും കൈയാങ്കളിയിലേക്കും വഴി മാറി. ഒടുവില്‍ സംഘര്‍ഷം വഷളായതോടെ കൗണ്‍സില്‍ യോഗം പിരിച്ചുവിടുകയായിരുന്നു,