കാസർകോട്: ഖമർ ഫാഷൻ ഗോൾഡ് നിക്ഷേപത്തട്ടിപ്പ് കേസ് പ്രതിയുടെ പരാതിയിൽ തനിക്കെതിരേ കേസെടുത്തത് സമൂഹമധ്യത്തിൽ കരിവാരിത്തേക്കുന്നതിനാണെന്ന് മുൻ ജില്ലാ പബ്ലിക് പ്രോസിക്യൂട്ടർ സി.ഷുക്കൂർ. മജിസ്‌ട്രേറ്റ് കോടതിയെ സമീപിച്ച തട്ടിപ്പുകേസിലെ 11-ാം പ്രതി കളനാട് കട്ടക്കാൽ സ്വദേശി എസ്.കെ.മുഹമ്മദ് കുഞ്ഞിയെ കണ്ടതായി ഓർമയില്ലെന്നും അദ്ദേഹം സമർപ്പിച്ച സത്യവാങ്മൂലത്തിലെ ഒപ്പ് തന്റേതല്ലെന്നും ഷുക്കൂർ പറഞ്ഞു.

To advertise here,

തന്നെ പ്രതിക്കൂട്ടിലാക്കിയാൽ കേസിന്റെ ദിശ മാറ്റാമെന്ന ഉദ്ദേശ്യമാണെന്നും ഇതിനുപിന്നിൽ ഗുഢാലോചന നടന്നതായും ഷുക്കൂർ പത്രസമ്മേളനത്തിൽ വ്യക്തമാക്കി.

നോട്ടറി രജിസ്റ്റർ സൂക്ഷിക്കുന്നതിന് നിശ്ചിത കാലാവധിയുണ്ട്. 2013-ലെ ഈ രേഖയെക്കുറിച്ച് തനിക്കറിയില്ല. നിലവിൽ കോടതിയെ സമീപിച്ചയാൾ അദ്ദേഹത്തിന്റെ പാസ്പോർട് വിവരമുൾപ്പെടെ സമർപ്പിച്ചിട്ടുണ്ട്. പരാതിക്കാരനോ മറ്റാരെങ്കിലുമോ വ്യാജരേഖ ചമച്ചിട്ടുണ്ടോയെന്ന്‌ പരിശോധിക്കേണ്ടത് കോടതിയാണെന്നും അദ്ദേഹം പറഞ്ഞു.

മേൽപ്പറമ്പ് പോലീസ് രജിസ്റ്റർചെയ്ത കേസിൽ അന്വേഷണം പൂർത്തിയായാൽ വ്യാജരേഖ സംബന്ധിച്ച് നിയമനടപടി സ്വീകരിക്കും.

നിക്ഷേപത്തട്ടിപ്പുമായി ബന്ധപ്പെട്ട്‌ ജനങ്ങളുടെ ശ്രദ്ധ മാറ്റാനുള്ള ശ്രമമാണ് നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ലോയേഴ്‌സ് യൂണിയൻ ജില്ലാ സെക്രട്ടറി കെ.വേണുഗോപാലനും പത്രസമ്മേളനത്തിൽ പങ്കെടുത്തു.

ഫാഷൻ ഗോൾഡ് ഡയറക്ടർ എന്ന നിലയിൽ തനിക്കെതിരെ വ്യാജരേഖ നിർമിച്ചുവെന്നാണ് എസ്.കെ.മുഹമ്മദ് കുഞ്ഞി ഹൊസ്ദുർഗ് ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി(രണ്ട്)യിൽ ഹർജി നൽകിയത്.

തുടർന്ന് കോടതിനിർദേശപ്രകാരമാണ് മേൽപ്പറമ്പ് പോലീസ് കേസെടുത്തത്. ഡയറക്ടർ ഐഡന്റിഫിക്കേഷൻ നമ്പർ കിട്ടാനായി ഫോറം 32-നൊപ്പം 2013 ഓഗസ്റ്റ് 13-നാണ് മുഹമ്മദ്കുഞ്ഞിയുടെ സത്യവാങ്മൂലവും സമ്മതപത്രവും സമർപ്പിച്ചത്. ഈ സമയത്ത് വിദേശത്തായിരുന്നുവെന്നതിന്റെ തെളിവായി പാസ്പോർടും മുഹമ്മദ് കുഞ്ഞി കോടതിയിൽ സമർപ്പിച്ചിരുന്നു.