
പാലക്കാട്: ഉറ്റകൂട്ടുകാരികളുടെ മൃതദേഹം പൊതുദർശനത്തിനുവെച്ച കരിമ്പനക്കൽ ഹാളും പരിസരവും സങ്കടക്കടലായി. ഇടമുറിയാത്ത പ്രാർഥനകൾക്കു നടുവിൽ അവർ വരിവരിയായിച്ചെന്ന് കുട്ടികളെ ഒരുനോക്കുകണ്ടു. വിങ്ങിപ്പൊട്ടിയ ഉറ്റവരെ എങ്ങനെ ആശ്വസിപ്പിക്കുമെന്നറിയാതെ ബന്ധുക്കളും തളർന്നു.
തളർച്ചയനുഭവപ്പെട്ട പലരും കസേരകളിലേക്ക് ചാഞ്ഞപ്പോൾ താങ്ങായും തണലായും നാട് ആ കണ്ണീരുകൾ ഒപ്പിയെടുത്തു. വെള്ളിയാഴ്ച പുലർച്ചെ വീടുകളിലെത്തിച്ച നാലുമൃതദേഹങ്ങളും രാവിലെ എട്ടോടെയാണ് കരിമ്പനക്കൽ ഹാളിലേക്ക് പൊതുദർശനത്തിനായി കൊണ്ടുപോയത്. ഹാളിലും ദേശീയപാതയോരത്തുമായി വൻ ജനാവലി തിങ്ങിനിറഞ്ഞു.
ഗതാഗതം നിയന്ത്രിച്ച് ആളുകളെ റോഡ് മുറിച്ചുകടക്കാനും മറ്റും വൻ പോലീസ് സന്നാഹവും സ്ഥലത്തുണ്ടായിരുന്നു. മന്ത്രിമാർ, എം.എൽ.എ.മാർ ഉൾപ്പെടെയുള്ള ജനപ്രതിനിധികളും ഉദ്യോഗസ്ഥരും വിവിധ രാഷ്ട്രീയ-സാമൂഹിക സംഘടനാ പ്രതിനിധികളും മതമേലധ്യക്ഷന്മാരും അന്ത്യമോപചാരമർപ്പിച്ചു. നാലു വിദ്യാർഥികളും പഠിച്ച കരിമ്പ ഗവ. എച്ച്.എസ്.എസ്., കരിമ്പ യു.പി. സ്കൂൾ എന്നിവിടങ്ങളിലെ അധ്യാപകരും വിദ്യാർഥികളുമെത്തിയിരുന്നു. പൊതുദർശനം മൂന്നുമണിക്കൂറോളം നീണ്ടുനിന്നു.

അപകടം ഉമ്മ ഫാരിസയുടെ കൺമുന്നിൽ
ഇർഫാന ഷെറിന്റെ മൃതദേഹം ചെറുള്ളി പള്ളിപ്പുറം വീട്ടിലെത്തിച്ചപ്പോൾ പരിസരമാകെ കുറച്ചുനേരത്തേക്ക് നിശ്ശബ്ദമായി. രാവിലെ പോയിട്ടുവരാം എന്നുപറഞ്ഞ് സ്കൂളിലേക്കുപോയ കുട്ടി ജീവനറ്റാണല്ലോ എത്തിയതെന്ന് പിറുപിറുത്ത് കുറേപേർ ഇർഫാനയുടെ ചുറ്റും നിന്നു.
വീടിനകത്ത് മോളെ കാത്തിരുന്ന ഉമ്മ ഫാരിസയുടെ മരവിപ്പ് മാറിയിരുന്നില്ല. മകൾ ഇനിയില്ലെന്ന് അറിയാമെങ്കിലും അവളുടെ അവസാനത്തെ അലമുറയിട്ട വിളിയാണ് ആ ഉമ്മയുടെ മനസ്സുമുഴുവൻ. വ്യാഴാഴ്ച പരീക്ഷ കഴിഞ്ഞ് ഇർഫാന സ്കൂളിൽനിന്നിറങ്ങുമ്പോൾ ദന്തഡോക്ടറെ കാണിക്കാനായി ഫാരിസ വീട്ടിൽനിന്നിറങ്ങിയതായിരുന്നു. കരിമ്പ പനയംപാടത്ത് കാത്തുനിന്ന ഉമ്മ മകളെ കണ്ടു, ജീവനോടെ ഒരുനിമിഷം മാത്രം. അവളുടെ ഉമ്മാ എന്നുള്ള വിളികേട്ടു, അവസാനമായി. പാഞ്ഞുവന്ന ലോറി ഇർഫാനയെയും സഹപാഠികളെയും ഇടിച്ചിടുന്നത് നിസ്സഹായതയോടെ അവർക്ക് നോക്കിനിൽക്കേണ്ടിവന്നു.

ഓടിച്ചെന്ന് നോക്കുമ്പോഴാണ് നാലുപേരും ലോറിക്കടിയിലാണെന്ന് മനസ്സിലായത്. നാട്ടുകാർ രക്ഷാപ്രവർത്തനം നടത്തുമ്പോൾ ഫാരിസ വീട്ടുകാരെ ഫോണിൽ വിളിച്ച് കാര്യംപറഞ്ഞു. മകൾ അപകടത്തിൽപ്പെട്ടെന്ന്. അപ്പോഴും പ്രതീക്ഷയായിരുന്നു ഫാരിസയ്ക്ക്. ആശുപത്രിയിലെത്തിച്ചപ്പോഴും കാത്തിരുന്നു ജീവനോടെ തിരിച്ചുവരുമെന്നോർത്ത്. പ്രതീക്ഷകൾ കൈവിട്ടപ്പോൾ ഫാരിസ തളർന്നു. ബോധരഹിതയായ ഫാരിസയെ ബന്ധുക്കൾ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അബ്ദുൾ സലാമാണ് പിതാവ്. സഫ്വാൻ, സൽമാൻ ഫാരിസ്, ഹിസ ഫാത്തിമ എന്നിവരാണ് സഹോദരങ്ങൾ.
നിദയെ കൂട്ടാൻ ഉപ്പ എത്തും മുൻപ് അപകടം...
"ഉപ്പാന്റെ സ്വന്തം മോളാ ഓള്, വിദേശത്തുനിന്ന് അബ്ദുൾ സലീം നാട്ടിലേക്ക് വിളിക്കുമ്പോഴൊക്കെ ഫോണെടുത്ത് ഓള് ആകെ ഒച്ചയും ബഹളോം ഉണ്ടാക്കും. നാട്ടില് വന്നേപിന്നെ എന്നും സ്കൂളിലേക്ക് ബൈക്കിൽ കൊണ്ടുചെന്നാക്കും. തിരിച്ച് വിളിക്കാനുംപോകും. ഓര് വല്യ കൂട്ടായിരുന്നു. സഹിക്കൂല ഓർക്കത്. ആ ഉമ്മാക്കും." നിദ ഫാത്തിമയുടെ വീട്ടിലേക്ക് നോക്കി അയൽവീട്ടിലെ ഉമ്മമാർ വിതുമ്പിക്കൊണ്ട് പറഞ്ഞു.
അന്നും സലീമാണ് നിദയെ ബൈക്കിൽ സ്കൂളിലേക്ക് കൊണ്ടുചെന്നുവിട്ടത്. വൈകീട്ട് വിളിക്കാൻ പോകുന്നതിന് മുമ്പ് ഫോൺ ചെയ്തപ്പോൾ നിദ പറഞ്ഞു.. ‘ഉപ്പാ ഞാൻ കുറച്ചുദൂരം കൂട്ടുകാരുമൊത്ത് നടന്നുവരാം’... പിന്നീട് ഉപ്പ എത്തിയപ്പോഴേക്കും ഒന്നുകാണാൻപോലും കാത്തുനിൽക്കാതെ നിദ മരണത്തിനുകീഴടക്കി. രണ്ടരമാസം മുൻപാണ് സലീം വിദേശത്തുനിന്ന് നാട്ടിലേക്ക് വന്നത്. നാട്ടിലെത്തിയത് മുതൽ മകളെ സ്കൂളിലേക്ക് നടന്നുപോകാൻ അനുവദിച്ചിട്ടില്ല. അന്നുതൊട്ട് ബൈക്കിലാണ് ഉപ്പയുടെയും മകളുടെയും യാത്ര.

വ്യാഴാഴ്ച പരീക്ഷ കഴിഞ്ഞ് നിദ അരമണിക്കൂർ നേരത്തെ ഇറങ്ങിയിരുന്നു. പാതിവഴിയിൽ നിദ ലോറിക്കടിയിൽ കുടുങ്ങിക്കിടക്കുന്ന കാര്യമറിയാതെ സലീം സ്കൂളിലേക്ക് യാത്ര തിരിച്ചു. അപകടത്തിൽപ്പെട്ടെന്നറിഞ്ഞ് ഓടിച്ചെന്നെങ്കിലും മകൾ എന്നെന്നേക്കുമായി വിടപറഞ്ഞിരുന്നു.
ജനുവരിയിൽ വിദേശത്തേക്ക് തിരികെ പോകാനിരിക്കുകയായിരുന്നു സലീം. കവുളേങ്ങൽ വീട്ടിൽ അബ്ദുൾ സലീമിന്റെയും നബീസയുടെയും മകളാണ് നിദ ഫാത്തിമ. ഷിയാസ്, നസീഫത്തുൽ മിസിരിയ എന്നിവരാണ് സഹോദരങ്ങൾ.
വാടകവീടിന്റെ മുറ്റത്തുനിന്നുറിദ എന്നന്നേക്കുമായി ഇറങ്ങി
വാടകവീട്ടിൽനിന്ന് റിദ ഫാത്തിമയുടെ മൃതദേഹം രാവിലെ ആംബുലൻസിലേക്ക് കയറ്റുമ്പോൾ ഉറ്റവരുടെ നിലവിളികളുയർന്നു. കണ്ടുനിന്നവരുടെ കണ്ണുകൾ ഈറനണിഞ്ഞു. പനയംപാടം അപകടത്തിൽ മരിച്ച റിദയുടെ കുടുംബം താമസിച്ചിരുന്നത് ചെറുള്ളിയിലെ ചെറിയ സൗകര്യങ്ങളുള്ള വാടകവീട്ടിലായിരുന്നു.
സാമ്പത്തികബാധ്യതമൂലം സ്വന്തം വീട് വിൽക്കേണ്ടിവന്നതോടെയാണ് പിലാത്തൊടി വീട്ടിൽ അബ്ദുൾ റഫീഖും ഭാര്യ ജസീനയും കുട്ടികളുമായി സമീപത്തെ വാടക ക്വാർട്ടേഴ്സിലേക്ക് മാറിയത്. ഇവിടെ താമസിക്കാൻ തുടങ്ങിയിട്ട് രണ്ടുവർഷമായി. ഓട്ടോ ഓടിച്ചാണ് റഫീഖ് കുടുംബം പുലർത്തിയിരുന്നത്.

ചെറിയ സന്തോഷങ്ങളും അതിലേറെ അല്ലലുകളുമായി കഴി ഞ്ഞിരുന്ന കുടുംബത്തിന് റിദയുടെ വേർപാട് താങ്ങാവുന്നതിലും അപ്പുറമായിരുന്നു. റിദയും സഹോദരങ്ങളായ മുഹമ്മദ് റിസ്വാൻ, റിയ ഫാത്തിമ എന്നിവരുടെ കളിചിരികൾ നിറഞ്ഞ ലോകമായിരുന്നു ആ വാടകവീട്. കൂട്ടുകാരികളും ഇടയ്ക്കിടെ വരുമായിരുന്നു. എല്ലാവരെയും ആ രക്ഷിതാക്കൾ സ്വന്തം മക്കളെപ്പോലെ സ്വീകരിക്കുകയും സ്നേഹിക്കുകയുംചെയ്തു.
വെള്ളിയാഴ്ച രാവിലെ ആറരയോടെ റിദയുടെ മൃതദേഹം വാടകവീടിന്റെ മുറ്റത്തുവെച്ചപ്പോൾ ബന്ധുക്കളുടെ തേങ്ങലുകൾ ഉയരുന്നുണ്ടായിരുന്നു. അപകടത്തിൽ മരിച്ച ഇർഫാനയുടെ വീട് റിദയുടെ വീട്ടിൽനിന്നും വിളിച്ചാൽ കേൾക്കാവുന്ന ദൂരത്താണ്. ഇരുവരും എപ്പോഴും ഒരുമിച്ചായിരുന്നു; ഇപ്പോഴും. സ്വന്തംവീട് വെക്കണമെന്നത് റിദയുടെ വലിയ മോഹമായിരുന്നുവെന്ന് വിലാപത്തിനിടെ ബന്ധുക്കൾ പറയുന്നു.
ഒപ്പനയിലും ശാസ്ത്രമേളയിലും മികവുതെളിയിച്ച ആയിഷ
ചില്ലുകൂട്ടിൽ വെള്ളപുതച്ചുറങ്ങുന്ന ആയിഷയുടെ മുഖം ഒരുനോക്ക് കാണാനുള്ള മനക്കരുത്ത് ചെറുള്ളിക്കാർക്കുണ്ടായിരുന്നില്ല. വിലാപങ്ങൾ അലയടിച്ച വീടിനകത്ത് അവൾ ഒന്നുമറിയാതെ അപ്പോഴും ഉറങ്ങുകയായിരുന്നു. നാട്ടിലും വീട്ടിലും വിദ്യാലയത്തിലും അത്രമാത്രം ചുറുചുറുക്കുള്ള കുട്ടിയായിരുന്നു ആയിഷ. സ്കൂൾ കലോത്സവങ്ങളിൽ ഒപ്പനയിലെ സ്ഥിരം സാന്നിധ്യം. ആയിഷയായിരുന്നു എപ്പോഴും മണവാട്ടിയാകാറുള്ളത്. മണവാട്ടിവേഷത്തിൽ വേദികളിലും ക്ലാസ്മുറികളിലും തിളങ്ങിനിന്ന ആയിഷ ഇനി ഇല്ലെന്നോർത്തപ്പോൾ കണ്ടുനിന്ന അധ്യാപകരും സഹപാഠികളുമെല്ലാം തേങ്ങിക്കരഞ്ഞു.
യു.പി. സ്കൂളിൽ പഠിക്കുമ്പോൾ ശാസ്ത്രമേളകളിലും മത്സരിക്കാറുണ്ടായിരുന്നു. സ്റ്റിൽ മോഡലായിരുന്നു ഇഷ്ടയിനം. പഠനത്തിലും മിടുക്കിയായിരുന്നു ഷറഫുദ്ദീൻ-സജ്ന ദമ്പതിമാരുടെ മൂന്നാമത്തെ മകളായിരുന്ന ആയിഷ. മൂത്തമകൾ ഫാത്തിമ ഷൗക്കിയ തൃശ്ശൂരിൽ ബിരുദാനന്തരബിരുദ വിദ്യാർഥിനിയാണ്.

രണ്ടാമത്തെ സഹോദരി ഖദീജ നസ്രിൻ ഡൽഹിയിൽ ആർക്കിടെക്ട് വിദ്യാർഥിനിയും. നാലാമതുള്ള യഹിയ സ്കൂളിൽപോകാനുള്ള പ്രായമായിട്ടേയുള്ളൂ. വിദേശത്തായിരുന്ന ഷറഫുദ്ദീൻ നാട്ടിലെത്തിയിട്ട് ആറുമാസമായി. നാട്ടിൽ പലചരക്കുകട തുടങ്ങിയിരിക്കയാണ്. അപ്രതീക്ഷിത ദുരന്തത്തിന്റെ ആഘാതത്തിൽ വീടിനകത്ത് തളർന്നിരിക്കയാണ് എല്ലാവരും. രാവിലെ എട്ടിന് മൃതദേഹം പൊതുദർശനഹാളിലേക്ക് കൊണ്ടുപോകാൻ ആംബുലൻസിൽ കയറ്റുമ്പോൾ വീടിനകത്തുനിന്ന് വീണ്ടും നിലവിളികൾ ഉയർന്നു. ചെറുള്ളിയാകെ നെഞ്ചുനീറിക്കരഞ്ഞു.
പൊട്ടിക്കരഞ്ഞ് സഹപാഠികൾ
കുറച്ചുനാളുകൾകൊണ്ട് അവർ ഉറ്റ ചങ്ങാതിമാരായി, എന്നാൽ ആ ചങ്ങാത്തത്തിന് അധിക ആയുസ്സുണ്ടായില്ല. മൃതദേഹങ്ങൾ പൊതുദർശനത്തിനുവെച്ചപ്പോൾ സഹപാഠികൾ പൊട്ടിക്കരഞ്ഞു. വ്യാഴാഴ്ച പരീക്ഷ കഴിഞ്ഞ് നാലുപേരും നടന്നുപോകുമ്പോൾ പുറകിൽ സഹപാഠി അനശ്വരയും ഉണ്ടായിരുന്നു.ഒരു കൈ അകലത്തിൽ സുഹൃത്തുക്കളെ നഷ്ടപ്പെട്ടതിന്റെ വേദനയോടെ മണിക്കൂറുകളോളം അനശ്വര അവിടെത്തന്നെ ഇരുന്നു. തൊട്ടപ്പുറത്ത് കരഞ്ഞുതളർന്ന ഫിദയെ അധ്യാപികമാർ ഒരുവിധത്തിൽ ആശ്വസിപ്പിക്കുകയായിരുന്നു.

Content Highlights: Farewell with tears to four girls who died in Palakkad accident
Published: 14 Dec 2024, 09:21 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented