കൊടുവള്ളി: സി.പി.എം. പ്രാദേശികനേതൃത്വത്തിന് രൂക്ഷവിമര്‍ശനവുമായി ഇടതുസഹയാത്രികനും കേരള മദ്രസ അധ്യാപക ക്ഷേമനിധിബോര്‍ഡ് ചെയര്‍മാനും കൊടുവള്ളിയിലെ മുന്‍ സി.പി.എം. സ്വതന്ത്ര എം.എല്‍.എ.യുമായ കാരാട്ട് റസാഖ്. താന്‍ എം.എല്‍.എ.യായിരിക്കെ കൊണ്ടുവന്ന സിറാജ് ഫ്ളൈ ഓവര്‍ കം അണ്ടര്‍പാസ് വികസനപദ്ധതി അട്ടിമറിക്കാന്‍ സി.പി.എം. പ്രാദേശികനേതൃത്വം മുസ്ലിംലീഗുമായി കൂടിക്കാഴ്ച നടത്തി ഒത്തുകളിച്ചെന്ന് കാരാട്ട് റസാഖ് ആരോപിച്ചു.
കൊടുവള്ളി മണ്ഡലത്തിലെ വികസനമുരടിപ്പിനെതിരേ വികസനസമിതി സംഘടിപ്പിച്ച സായാഹ്നധര്‍ണയും ജനകീയസദസ്സും ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം. കേരള സ്റ്റേറ്റ് മിനറല്‍ ഡിവലപ്മെന്റ് കോര്പ്പറേഷന് ചെയര്മാന് വായോളി മുഹമ്മദിന്റെ സാന്നിധ്യത്തില്‍ സി.പി.എം. ഏരിയാസെക്രട്ടറി, ലോക്കല്‍ സെക്രട്ടറി, ലീഗിന്റെ കൊടുവള്ളി എം.എല്‍.എ. ഡോ. എം.കെ. മുനീര്‍, മുന്‍ എം.എല്‍.എ. വി.എം. ഉമ്മര്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ പദ്ധതിക്കെതിരേ നിലപാടെടുക്കുകയായിരുന്നു.
അതിന്റെ അടിസ്ഥാനത്തിലാണ് പ്രസ്തുതപദ്ധതി നിര്‍ത്തിവെക്കാന്‍ പൊതുമരാമത്ത് മന്ത്രി കിഫ്ബിക്ക് നിര്‍ദേശം നല്‍കിയത്. സൂപ്പര്‍മാര്‍ക്കറ്റ് മുതലാളിയുടെ കുടുംബക്കാരനായ ലോക്കല്‍ സെക്രട്ടറിക്കുവേണ്ടിയാണ് സി.പി.എം. ഏരിയാ സെക്രട്ടറി പദ്ധതിക്കെതിരേ കത്തുനല്‍കിയതെന്നും കാരാട്ട് ആരോപിച്ചു. കൊടുവള്ളിയില്‍ വികസനം വേണമെന്നാഗ്രഹിക്കുന്ന ആയിരക്കണക്കിനാളുകളുടെ മുഖത്തടിച്ചുകൊണ്ടാണ് ആ നടപടി സ്വീകരിച്ചത്.
കൊടുവള്ളിയില്‍ വികസനം കൊണ്ടുവന്നതിന്റെ പേരില്‍മാത്രമാണ് എം.എല്‍.എ. സ്ഥാനം തനിക്കുനഷ്ടമായത്. ഏത് രാഷ്ട്രീയപ്പാര്‍ട്ടിയില്‍ പ്രവര്‍ത്തിക്കുമ്പോഴും കാര്യങ്ങള്‍ തുറന്നുപറയുന്നതിന് ആരെയും ഭയമില്ലെന്നും കാരാട്ട് കൂട്ടിച്ചേര്‍ത്തു.ലീഗുമായി ഒത്തുകളിച്ച് വികസനപദ്ധതി അട്ടിമറിച്ചെന്ന് ആരോപണം.
Content Highlights: ex mla karat razak against cpim local leadership
Published: 14 Oct 2024, 07:37 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented