തിരുവനന്തപുരം: ലൈംഗികാതിക്രമവുമായി ബന്ധപ്പെട്ട് രണ്ടര പതിറ്റാണ്ടോളം നീണ്ടുനിന്ന കേസില്‍ ഒടുവില്‍ മുന്‍മന്ത്രി ഡോ. എ. നീലലോഹിതദാസന്‍ നാടാര്‍ കുറ്റവിമുക്തനായിരിക്കുകയാണ്. പരാതിക്കാരിയായ ഐഎഫ്എസ് ഉദ്യോഗസ്ഥ നല്‍കിയ മൊഴിയില്‍ അവ്യക്തതകളുണ്ടെന്ന് ചൂണ്ടിക്കാട്ടി ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത് അധ്യക്ഷനായ സിംഗിള്‍ ബെഞ്ചാണ് ശിക്ഷ റദ്ദാക്കിയത്. ജില്ലാ കോടതിയുടെ ശിക്ഷാവിധിക്കെതിരെ നീലലോഹിതദാസന്‍ നാടാര്‍ നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതി വിധി.
1999 ഫെബ്രുവരി 27-ന് അന്ന് ഡിഎഫ്ഒ ആയിരുന്ന ഉദ്യോഗസ്ഥയെ കോഴിക്കോട്ടെ ഗസ്റ്റ് ഹൗസിലേക്ക് ഔദ്യോഗികാവശ്യങ്ങള്‍ക്കെന്നുപറഞ്ഞ് വിളിച്ചുവരുത്തിയതായിരുന്നു വനംവകുപ്പ് മന്ത്രിയായിരുന്ന നീലലോഹിതദാസന്‍. തിരിച്ചിറങ്ങാന്‍ നേരം മന്ത്രി ഉദ്യോഗസ്ഥയെ കടന്നുപിടിക്കാന്‍ ശ്രമിച്ചെന്നായിരുന്നു കേസ്. 2002 ഫെബ്രുവരിയില്‍ നീലലോഹിതദാസനെതിരേ മുതിര്‍ന്ന ഒരു ഐഎഎസ് ഉദ്യോഗസ്ഥ മറ്റൊരു പരാതിയുമായി രംഗത്തെത്തിയതോടെയാണ് ഡിഎഫ്ഒ, തനിക്കും മുന്‍പ് ദുരനുഭവമുണ്ടായിരുന്നെന്ന് അറിയിച്ച് പരാതി നല്‍കാന്‍ തയ്യാറായത്.
വിളിച്ചുവരുത്തിയ കാര്യത്തെക്കുറിച്ച് ഒരക്ഷരം മിണ്ടിയില്ല, കടന്നുപിടിക്കാൻ ശ്രമം
1999-ല്‍ നടന്ന ലൈംഗികാതിക്രമം വാർത്തയാവുന്നത് 2000-ലാണ്. അന്നത്തെ ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസറായിരുന്ന യുവതി വനിതാ കമ്മിഷനില്‍ പരാതി നല്‍കുകയായിരുന്നു. അക്കാലത്തെ പ്രധാനപ്പെട്ട ഒരു പ്രശ്‌നത്തെക്കുറിച്ച് ചര്‍ച്ച ചെയ്യാനെന്ന് പറഞ്ഞ് നീലലോഹിതദാസന്‍ ഉദ്യോഗസ്ഥയെ കോഴിക്കോട് ഗസ്റ്റ് ഹൗസിലേക്ക് വിളിച്ചുവരുത്തി. ഔദ്യോഗിക വാഹനമില്ലാത്തതിനാല്‍ ഓട്ടോറിക്ഷയിലാണ് ഉദ്യോഗസ്ഥ ഗസ്റ്റ് ഹൗസിലെത്തിയത്.
ആ സമയത്ത് മുറിയിലുണ്ടായിരുന്ന മറ്റു രണ്ടുപേരെ പുറത്തേക്കയച്ച് ചര്‍ച്ചനടത്തിയ ശേഷം മന്ത്രി എവിടേക്കാണ് സ്ഥലംമാറ്റം വേണ്ടത് എന്ന് അന്വേഷിച്ചു. തുടര്‍ന്ന് സ്ഥലം അനുവദിക്കാമെന്ന് വാഗ്ദാനവും നല്‍കി. അതുകഴിഞ്ഞ് ഉദ്യോഗസ്ഥ എഴുന്നേറ്റ ഉടനെ കടന്നുപിടിക്കാന്‍ ശ്രമിച്ചതായാണ് പരാതി.
ഗസ്റ്റ് ഹൗസില്‍വെച്ച് ചര്‍ച്ച ചെയ്യാനെന്നു പറഞ്ഞ് വിളിച്ചുവരുത്തിയ വിഷയത്തെക്കുറിച്ച് ഒരക്ഷരംപോലും മന്ത്രി മിണ്ടിയില്ല. അവിടെനിന്ന് അതിക്രമത്തില്‍നിന്ന് രക്ഷപ്പെട്ട് പുറത്തുകടന്ന അവര്‍ ഇക്കാര്യം അന്നത്തെ സംസ്ഥാന വനിതാ കമ്മിഷന്‍ അധ്യക്ഷയായ സുഗതകുമാരിയെയും ഫോറസ്റ്റ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയെയും ധരിപ്പിച്ചതായി അവർ പിന്നീട് വെളിപ്പെടുത്തിയിരുന്നു.
എന്നാല്‍, മന്ത്രിയുടെ ശല്യം പിന്നെയും ടെലിഫോണ്‍ കോളിലൂടെയും ഔദ്യോഗിക വസതികളിലേക്കും മറ്റും വിളിപ്പിച്ചും തുടര്‍ന്നെന്നും. പിന്നീടും പലതവണ പല കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാനെന്ന വ്യാജേന ഓഫീസിലേക്ക് വിളിച്ചുവരുത്തിയെങ്കിലും അപ്പോഴെല്ലാം തന്ത്രപരമായി ഒഴിഞ്ഞുമാറുകയായിരുന്നെന്നും പരാതിക്കാരി വ്യക്തമാക്കി. എന്നാല്‍, ഈ ആരോപണം നീലലോഹിതദാസന്‍ നിഷേധിക്കുകയായിരുന്നു. ഇതിനു പിന്നില്‍ ഗൂഢാലോചനയാണെന്നായിരുന്നു അദ്ദേഹത്തിന്റെ വാദം. നിയമനടപടികള്‍ക്കു പിന്നാലെ പോകില്ലെന്നും ജനങ്ങളുടെ കോടതിയെ മാത്രമേ ആശ്രയിക്കൂ എന്നും അദ്ദേഹം പറഞ്ഞിരുന്നു.
ലൈംഗികാതിക്രമത്തിന് ശിക്ഷിക്കപ്പെടുന്ന കേരളത്തിലെ ആദ്യ മുൻമന്ത്രി
2001 മേയിലാണ് നീലലോഹിതദാസനെതിരേ കേസ് രജസ്റ്റര്‍ ചെയ്യുന്നത്. അന്നത്തെ ഡിജിപിക്ക് നല്‍കിയ പരാതിയില്‍ കോഴിക്കോട് സിറ്റി പോലീസ് കമ്മിഷണറാണ് കേസെടുത്തത്. 2002 ഫെബ്രുവരിയില്‍ ക്രൈംബ്രാഞ്ച് പോലീസ് സമര്‍പ്പിച്ച കുറ്റപത്രം ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി ഫയലില്‍ സ്വീകരിച്ചു. പത്തോളം ഉന്നതോദ്യോഗസ്ഥരാണ് കേസില്‍ സാക്ഷികളായുണ്ടായിരുന്നത്. സ്ത്രീകളുടെ അന്തസ്സിന് നിരക്കാത്ത വിധത്തില്‍ പെരുമാറിയെന്നായിരുന്നു ഇദ്ദേഹത്തിനെതിരേയുള്ള കുറ്റം. എന്നാൽ, അന്ന് കൊണ്ടുവിട്ട ഓട്ടോ ഡ്രൈവറടക്കം കൂറുമാറി.
കേസില്‍ 2004 സെപ്റ്റംബറില്‍ അദ്ദേഹത്തിന് ഒരുവര്‍ഷത്തെ തടവുശിക്ഷ ലഭിച്ചു. കോഴിക്കോട് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് പി. ശശിധരനാണ് ഒരുകൊല്ലം തടവിന് ശിക്ഷിച്ചത്. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ പല രാഷ്ട്രീയ നേതാക്കള്‍ക്കും ഉന്നതോദ്യോഗസ്ഥര്‍ക്കുമെതിരേ ഇത്തരം കേസുകളും ശിക്ഷകളും ഉണ്ടാകാറുണ്ടെങ്കിലും കേരളത്തില്‍ ഒരു മുന്‍മന്ത്രി ഇങ്ങനെ ശിക്ഷിക്കപ്പെട്ട ആദ്യ കേസാണിത്.
എന്നാല്‍, 2005 ഡിസംബറില്‍ മജിസ്‌ട്രേറ്റ് കോടതി ഒരുവര്‍ഷത്തെ തടവുശിക്ഷ വിധിച്ചത് സെഷന്‍സ് കോടതി മൂന്നുമാസമാക്കി കുറച്ചു. അതേസമയം, നീലലോഹിതദാസ നാടാർ കുറ്റക്കാരനാണെന്ന മജിസ്‌ട്രേറ്റ് കോടതിയുടെ കണ്ടെത്തല്‍ സെഷന്‍സ് കോടതി ശരിവെക്കുകയും ചെയ്തിരുന്നു.
Content Highlights: Neelalohitadasan Nadar Exonerated in Historic Kerala Harassment Case
Published: 15 Sept 2025, 06:28 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented