കൊച്ചി: മുൻ ഡിജിപി ജേക്കബ് തോമസ് ആർഎസ്എസിൽ മുഴുവൻസമയ പ്രവർത്തകനാകുന്നു. ഇതിൻ്റെ ഭാഗമായി, ആർഎസ്എസിന്റെ സ്ഥാപകദിനമായ  വിജയദശമി ദിനത്തിൽ നടക്കുന്ന പഥസഞ്ചലനത്തിൽ അദ്ദേഹം പൂർണ ഗണവേഷത്തിൽ (ആർഎസ്എസ് യൂണിഫോം) പങ്കെടുക്കും. സന്നദ്ധ പ്രവർത്തനത്തിന് പറ്റിയ ഇടം ആർഎസ്എസ് ആണെന്ന് ജേക്കബ് തോമസ് പറഞ്ഞു.

To advertise here,

എറണാകുളം ജില്ലയിലെ പള്ളിക്കരയിൽ നടക്കുന്ന വിജയദശമി ദിനത്തിലെ പഥസഞ്ചലനത്തിലാണ് ജേക്കബ് തോമസ് ആർഎസ്എസിൻ്റെ വെള്ള ഷർട്ടും ബ്രൗണ്‍ പാന്റും അടങ്ങുന്ന യൂണിഫോം ധരിച്ച് പങ്കെടുക്കുന്നത്. ആർഎസ്എസിന്റെ ശതാബ്ദി വർഷമാണ് എന്ന പ്രത്യേകതയുണ്ട് ഇത്തവണത്തെ വിജയദശമിക്ക്.

ജേക്കബ് തോമസ് കഴിഞ്ഞ കുറേക്കാലമായി ബിജെപിയുമായും ആർഎസ്എസുമായും അടുത്ത ബന്ധം പുലർത്തിയിരുന്നു. പല വിഷയങ്ങളിലും ആർഎസ്എസിൻ്റെ നിലപാടുകളോട് ചേർന്നുനിന്നാണ് അദ്ദേഹം സംസാരിച്ചിരുന്നത്. 2021-ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ഇരിങ്ങാലക്കുടയിൽ നിന്ന് ബിജെപി സ്ഥാനാർത്ഥിയായി മത്സരിച്ചിരുന്നു. ഇതിനു മുൻപും ആർഎസ്എസ് സംഘടിപ്പിച്ച പരിപാടികളിൽ അദ്ദേഹം പങ്കെടുത്തിട്ടുണ്ട്. പോലീസ് സേനയിൽ നിന്ന് വിരമിച്ച ശേഷമാണ് ജേക്കബ് തോമസ് സംഘപരിവാർ പ്രസ്ഥാനങ്ങളുമായി കൂടുതൽ അടുത്തത്.

ഉന്നത പോലീസ് പദവികളിൽ നിന്ന് വിരമിച്ച ശേഷം സംഘപരിവാർ പ്രസ്ഥാനങ്ങളുമായി സഹകരിക്കുന്ന ആദ്യത്തെ ഉദ്യോഗസ്ഥനല്ല ജേക്കബ് തോമസ്. മുൻ ഡിജിപി ആർ. ശ്രീലേഖ നിലവിൽ ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റാണ്. സംഘപരിവാറിനോട് ചേർന്നുനിൽക്കുന്ന നിലപാടുകൾ സ്വീകരിച്ചു വരുന്ന ആളാണ് മുൻ ഡിജിപി ടി.പി. സെൻകുമാർ. എന്നാല്‍ ആദ്യമായാണ് ഒരു മുന്‍ ഡിജിപി ആര്‍എസ്എസ് പ്രവര്‍ത്തകനാകുമെന്ന് പരസ്യമായി പ്രഖ്യാപിക്കുന്നത്.