തിരുവനന്തപുരം: ‘ബാസിലസ് സബ്റ്റിലിസ്’ എന്ന സൂക്ഷ്മാണുവിനെ സംസ്ഥാന മൈക്രോബായി മുഖ്യമന്ത്രി പ്രഖ്യാപിച്ചു. മണ്ണിലും ജലത്തിലും ഭക്ഷണപദാർഥങ്ങളിലും മനുഷ്യന്റെയും മൃഗങ്ങളുടെയും കുടലിലും കാണപ്പെടുന്നതും ഏറെ പഠനവിധേയമായതുമായ ബാക്ടീരിയയാണിതെന്ന് മുഖ്യമന്ത്രി പറഞ്ഞു. സൂക്ഷ്മാണു ഗവേഷണരംഗത്ത് വിപ്ലവകരമായ മാറ്റങ്ങൾ ലക്ഷ്യമിട്ട് സംസ്ഥാന സർക്കാർ കഴക്കൂട്ടം കിൻഫ്രാ ഫിലിം ആൻഡ് വീഡിയോ പാർക്കിൽ സ്ഥാപിച്ച സെന്റർ ഓഫ് എക്‌സലൻസ് ഇൻ മൈക്രോബയോം ഉദ്ഘാടനച്ചടങ്ങിലായിരുന്നു പ്രഖ്യാപനം.

To advertise here,

രോഗനിയന്ത്രണം, കാർഷിക ഉത്‌പാദന വർധന എന്നിവയ്‌ക്ക് ബാസിലസ് സബ്റ്റിലിസ് സഹായകരമാണെന്നും ഇതുമായി ബന്ധപ്പെട്ട് വിവിധ സർവകലാശാലകൾ വികസിപ്പിക്കുന്ന ഉത്‌പന്നങ്ങൾ സംസ്ഥാനത്തിന്റെ സമ്പദ്‌വ്യവസ്ഥയ്ക്കു വലിയ മുതൽക്കൂട്ടാകുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. ചടങ്ങിൽ കേരള സ്റ്റാർട്ടപ് മിഷന്റെയും അമൃത സ്‌കൂൾ ഓഫ് ബയോടെക്‌നോളജിയുടെയും പ്രതിനിധികളുമായി സെന്റർ ഓഫ് എക്‌സലൻസ് ഇൻ മൈക്രോബയോം പ്രതിനിധികൾ ഭാവി സഹകരണങ്ങൾക്കായി ധാരണാപത്രങ്ങൾ കൈമാറി.

കടകംപള്ളി സുരേന്ദ്രൻ എം.എൽ.എ. അധ്യക്ഷത വഹിച്ചു. കെ.എസ്.സി.എസ്.ടി.ഇ. എക്‌സിക്യുട്ടീവ് വൈസ് പ്രസിഡന്റ് പ്രൊഫ. കെ.പി. സുധീർ, മുഖ്യമന്ത്രിയുടെ ശാസ്ത്ര ഉപദേഷ്ടാവ് എം.സി. ദത്തൻ, കെ-ഡിസ്‌ക് മെമ്പർ സെക്രട്ടറി ഡോ. പി.വി. ഉണ്ണികൃഷ്ണൻ, ബി.ആർ.ഐ.സി. ആർ.ജി.സി.ബി. ഡയറക്ടർ ഡോ. ടി. ആർ. സന്തോഷ് കുമാർ, കെ.എസ്.സി.എസ്.ടി.ഇ. മെമ്പർ സെക്രട്ടറി പ്രൊഫ. എ. സാബു തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.