ജീവിതത്തിലെ ഏറ്റവും മനോഹരമായ നിമിഷങ്ങള്‍ സുഹൃത്തുക്കള്‍ക്കൊപ്പമുള്ളതാണെന്ന അഭിപ്രായമില്ലാത്തവര്‍ കുറവായിരിക്കും. നമ്മളെ പൂര്‍ണമായി മനസ്സിലാക്കുന്നവര്‍, ഒരേ അഭിരുചിയും അഭിപ്രായവുമുള്ളവര്‍-തുടങ്ങി ഒരേ തരത്തിലുള്ളവര്‍ക്കിടയിലാണ് സൗഹൃദമുണ്ടാകുകയും എക്കാലവും നിലനില്‍ക്കുകയും ചെയ്യുന്നത്. മാനസികമായ അടുപ്പത്തിന്റെ കാര്യമാണിത്. എന്നാല്‍ അതിനേക്കാളേറെ കൗതുകകരമായ ഒരു സംഗതിയാണ് ഒരു പുതിയ പഠനം കണ്ടെത്തിയിരിക്കുന്നത്. അമേരിക്കയിലെ യേല്‍ യൂണിവേഴ്‌സിറ്റിയാണ് പഠനം നടത്തിയത്. ഒരേ സൗഹൃദവലയത്തിനുള്ളിലെ വ്യക്തികളുടെ ദഹനവ്യവസ്ഥയില്‍ സമാനമായ രീതിയിലും അളവിലും സൂക്ഷ്മജീവികള്‍ കാണപ്പെടുന്നു എന്നാണ് പുതിയ പഠനം കണ്ടെത്തിയിരിക്കുന്നത്. നേച്ചര്‍ ജേണലില്‍ പഠനറിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിട്ടുണ്ട്. 

To advertise here,

മനുഷ്യരുടെ ദഹനവ്യവസ്ഥയില്‍ കാണപ്പെടുന്ന ബാക്ടീരിയ, ഫംഗസ്, മറ്റ് സൂക്ഷ്മജീവികള്‍ തുടങ്ങിയവ സൃഷ്ടിക്കുന്ന സൂക്ഷ്മാണുവ്യവസ്ഥയും സാമൂഹികബന്ധങ്ങളും തമ്മില്‍ വലിയ സൗഹൃദമുണ്ടെന്നാണ് പഠനം പറയുന്നത്. സാമൂഹികമായ ഇടപെടലുകള്‍ 'അതിസൂക്ഷ്മതലത്തോളം' നമ്മെ സ്വാധീനിക്കുന്നുണെന്നതാണ് പഠന റിപ്പോര്‍ട്ട്. മധ്യ അമേരിക്കന്‍ രാജ്യമായ ഹോണ്‍ഡുറസിലെ 18 ഗ്രാമങ്ങള്‍ കേന്ദ്രീകരിച്ചാണ് പഠനം നടത്തിയത്. 1,787 പേരെയാണ് പഠനവിധേയമാക്കിയത്. ഒരേ സാമൂഹികശൃംഖലയിലുള്ളവരുടെ- ഒരുമിച്ചുതാമസിക്കുന്നവരോ അല്ലാത്തവരോ ആയ വ്യക്തികള്‍- സൂക്ഷ്മജീവിവ്യവസ്ഥയില്‍ സമാനതകള്‍ ഗവേഷകര്‍ കണ്ടെത്തി. 

ഒരേ കുടുംബത്തില്‍പ്പെട്ടവരോ ഒരുമിച്ച് താമസിക്കുന്നവരോ അല്ലാത്ത വ്യക്തികളില്‍ ഒരേ തരത്തിലുള്ള സൂക്ഷ്മജീവിസമൂഹത്തെ കണ്ടെത്തിയതായി പഠനറിപ്പോര്‍ട്ടിന്റെ സഹലേഖകന്‍ കൂടിയായ ഫ്രാന്‍സെസ്‌കോ ബെഗിനി പറഞ്ഞു. അവര്‍ കഴിക്കുന്ന ഭക്ഷണം, അവരുടെ ജലസ്രോതസ്സുകള്‍, ഉപയോഗിക്കുന്ന മരുന്നുകള്‍ എന്നിവയെല്ലാം പരിശോധിച്ചതായും, സമ്പത്ത്, മതം, വിദ്യാഭ്യാസം തുടങ്ങിയ ഘടകങ്ങള്‍ക്കപ്പുറം ഒരേ സാമൂഹികശൃംഖലയിലുള്ളവരുടെ ശരീരത്തിലെ സൂക്ഷ്മാണുക്കള്‍ക്ക് സമാനതകള്‍ കണ്ടെത്താനായതായി അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

ഒരുമിച്ച് താമസിക്കുന്നവര്‍, പങ്കാളികള്‍, വീട്ടിലെ അംഗങ്ങള്‍ തുടങ്ങിയവരില്‍ ഇത്തരം സമാനതകള്‍ സാധാരണമാണെങ്കിലും സുഹൃത്തുക്കള്‍ക്കിടയില്‍ ഈ സൂക്ഷ്മാണുസമാനതകള്‍ ഉയര്‍ന്ന തോതിലാണെന്നത് ഏറെ അത്ഭുതപ്പെടുത്തിയതായി ഫ്രാന്‍സെസ്‌കോ ബെഗിനി കൂട്ടിച്ചേര്‍ത്തു. സുഹൃത്തുക്കളുടെ സുഹൃത്തുക്കളിലും ഇതേ തരത്തില്‍ കാണാനായെന്നും അദ്ദേഹം പറഞ്ഞു. ഒന്നിച്ച് ഭക്ഷണം കഴിയ്ക്കുക, ആലിംഗനം ചെയ്യുക, കൈ പിടിക്കുക (ഷെയ്ക് ഹാന്‍ഡ്) തുടങ്ങി ഒരുമിച്ച് കൂടുതല്‍ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവരിലാണ് സമാനതകള്‍ കൂടുതലായി കാണപ്പെട്ടത്. 

തങ്ങളുടെ പഠനത്തിന്റെ പ്രാഥമിക ഘട്ടത്തില്‍ ശ്രദ്ധയില്‍പ്പെട്ട സംഗതികള്‍ക്ക് കൂടുതല്‍ വ്യക്തത വരുത്തുന്നതിനായി രണ്ടുകൊല്ലത്തിനുശേഷം ഗവേഷകര്‍ ആദ്യഘട്ടത്തില്‍ പഠനവിധേയമാക്കിയവരില്‍ ഒരു വിഭാഗത്തെ വീണ്ടും പരിശോധിച്ചു. സുഹൃത്തുക്കള്‍ക്കിടയില്‍ സംഘങ്ങള്‍ ഉണ്ടാകുന്നതുപോലെ സൂക്ഷ്മാണുക്കളിലും സുഹൃദ് സംഘങ്ങളെ ഗവേഷകര്‍ കണ്ടെത്തി. സാമൂഹികമായ ഇടപെടലുകള്‍ ഒരേതരത്തലുള്ള സൂക്ഷ്മജീവികള്‍ക്ക് കാരണമാകുന്നതായി ഗവേഷകര്‍ കണ്ടെത്തി. സ്വഭാവത്തിലും കാഴ്ചപ്പാടിലും ഇഷ്ടങ്ങളിലും സമാനതകള്‍ പുലര്‍ത്തുന്നവര്‍ സുഹൃത്തുക്കളായി മാറുമ്പോള്‍ സൂക്ഷ്മജീവിവ്യവസ്ഥയിലും ഇതേ ബന്ധം കാണുന്നുവെന്ന കാര്യം തങ്ങളെ അത്ഭുതപ്പെടുത്തിയതായും ഫ്രാന്‍സെസ്‌കോ ബെഗിനി പറഞ്ഞു.