തിരുവനന്തപുരം: ക്ഷേത്രങ്ങളിൽ മേൽവസ്ത്രമഴിച്ച് കയറണമെന്ന നിബന്ധന ഒഴിവാക്കേണ്ടതാണെന്ന സ്വാമി സച്ചിദാനന്ദയുടെ പ്രസ്താവനയോട് പ്രതികരിച്ച് തിരുവിതാംകൂർ ദേവസ്വം ബോർഡ്. മേല്‍വസ്ത്രം ധരിച്ചുകൊണ്ട് ക്ഷേത്ര ദര്‍ശനം സാധ്യമാണോ എന്നത് ചർച്ച ചെയ്യും. സ്വാമി സച്ചിദാനന്ദയും മുഖ്യമന്ത്രിയും തങ്ങളുടെ പരസ്യനിലപാട് വ്യക്തമാക്കിയതോടെയാണ് വിഷയം ചർച്ചയ്ക്കെത്തുന്നത്.
ഇക്കാര്യത്തിൽ എല്ലാ വശങ്ങളും ദേവസ്വം ബോർഡ് വിശദമായി ചർച്ച ചെയ്യുമെന്ന് ദേവസ്വം ബോർഡ് അംഗം അജികുമാർ മാതൃഭൂമി ന്യൂസിനോട് പറഞ്ഞു. 1252 ക്ഷേത്രങ്ങളാണ് തിരുവിതാംകൂർ ദേവസ്വം ബോർഡിന് കീഴിലുള്ളത്. പല അഭിപ്രായങ്ങൾ ഉയർന്ന സാഹചര്യത്തിൽ ദേവസ്വം ബോർഡ് എല്ലാ വശങ്ങളും ചർച്ച ചെയ്യും. വിശാല മനസ്സോടെ ഒരു ഏകീകരണ തീരുമാനത്തിൽ എത്താൻ കഴിയുമോ എന്ന് പരിശോധിക്കും.
പല കോണുകളിൽ നിന്ന് ഇത്തരമൊരു ആവശ്യം ഉയർന്നുവരുന്നുണ്ട്. അതിനാൽ, പ്രായോഗികമായി ഇക്കാര്യം നടപ്പാക്കുന്നതിനുള്ള കാര്യം ഉൾപ്പെടെ ഇതുമായി ബന്ധപ്പെട്ട എല്ലാവരുമായി കൂടിയാലോചന നടത്തി സമവായത്തിലെത്താൻ കഴിയുമോ എന്ന ചർച്ച ദേവസ്വം ബോർഡ് നടത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ക്ഷേത്രങ്ങളിൽ മേൽവസ്ത്രം അഴിച്ച് കയറണമെന്ന നിബന്ധന ഒഴിവാക്കേണ്ടതാണെന്നും ഇത്തരം അന്ധാചാരങ്ങൾ നീക്കാൻ ശ്രീനാരായണീയ സമൂഹം ഇടപെടണമെന്നും ശ്രീനാരായണ ധർമസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ ചൊവ്വാഴ്ച പറഞ്ഞിരുന്നു. ശിവഗിരി തീർഥാടന മഹോത്സവ സമ്മേളനത്തിലാണ് ക്ഷേത്രാചാരങ്ങളിലെ പോരായ്മകളെ സ്വാമി വിമർശിച്ചത്. ശ്രീനാരായണ ക്ഷേത്രങ്ങൾ മാത്രമല്ല മറ്റ് ആരാധനാലയങ്ങളും ഭാവിയിൽ ഈ നിർദേശം സ്വീകരിക്കുമെന്നാണ് പ്രതീക്ഷയെന്ന് ഉദ്ഘാടകനായ മുഖ്യമന്ത്രി പിണറായി വിജയനും പറഞ്ഞു.
Content Highlights: Entering temple without shirt, Devaswom Board is ready for a detailed discussion
Published: 01 Jan 2025, 12:45 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented