തിരുവനന്തപുരം : രണ്ടാം പിണറായി സർക്കാറിന്റെ നാലാം വാർഷികത്തിന്റെ ഭാഗമായി കനകക്കുന്നിൽ നടക്കുന്ന എന്റെ കേരളം പ്രദർശന വിപണന മേള മന്ത്രി വി. ശിവൻകുട്ടി ഉദ്ഘാടനം ചെയ്തു. മന്ത്രി ജി.ആർ. അനിൽ അധ്യക്ഷനായി. തൊഴിൽവകുപ്പിന്റെ ഒൻപത് വർഷത്തെ നേട്ടങ്ങൾ ഉൾപ്പെടുത്തിയ പുസ്തകം രണ്ട് മന്ത്രിമാരും ചേർന്ന് പ്രകാശനം ചെയ്തു. എ.എ. റഹീം എംപി, എംഎൽഎമാരായ ആന്റണി രാജു, കടകംപള്ളി സുരേന്ദ്രൻ, മേയർ ആര്യാ രാജേന്ദ്രൻ, കളക്ടർ അനുകുമാരി, സബ്കളക്ടർ ഒ.വി. ആൽഫ്രഡ്, എഡിഎം ബീന പി. ആനന്ദ് തുടങ്ങിയവരും പങ്കെടുത്തു.
എന്റെ കേരളം പ്രദർശന വിപണന മേളയിൽ വിവിധ വകുപ്പുകളുടെയും പൊതുമേഖലാ സ്ഥാപനങ്ങളുടെയും ഉൾപ്പെടെ ഇരുനൂറോളം സ്റ്റാളുകൾ സജ്ജീകരിച്ചിട്ടുണ്ട്. മേളയിൽ ജയിൽവകുപ്പിന്റെ സ്റ്റാളിൽ ഒരുക്കിയിട്ടുള്ള സെൻട്രൽ ജയിലും ഇരട്ട കഴുമരവും പൂജപ്പുര സെൻട്രൽ ജയിലിന്റെ മിനിയേച്ചർ രൂപവുമെല്ലാം ശ്രദ്ധേയമായി. സെൻട്രൽ ജയിലിന്റെ മാതൃകയിലാണ് പ്രവേശനകവാടം ഒരുക്കിയിരിക്കുന്നത്. കണ്ണൂർ സെൻട്രൽ ജയിലിലുള്ള ഇരട്ട കഴുമരവും യഥാർഥ തൂക്കുകയറും ഡമ്മി പ്രതിമയും ഇവിടെ കാണാം. ജയിലിൽ മൂന്ന് സെല്ലുകളാണൊരുക്കിയിട്ടുള്ളത്. 'മതിലുകൾ' സിനിമയെ ആസ്പദമാക്കിയുള്ള ദൃശ്യാവിഷ്‌കാരവുമുണ്ട്. വിവിധ ആയുധങ്ങൾ, തടവുകാരും ബന്ധുക്കളുമായി ആശയവിനിമയം നടത്തുന്ന ആധുനിക കൂടിക്കാഴ്ചാകേന്ദ്രം, സെല്ലുകൾ, ബാരക്കുകൾ എന്നിവയും സ്റ്റാളിൽ സജ്ജീകരിച്ചിട്ടുണ്ട്. വകുപ്പ് ഉദ്യോഗസ്ഥരുടെ മേൽനോട്ടത്തിൽ ജയിൽ അന്തേവാസികളാണ് മാതൃകാ ജയിൽ തയ്യാറാക്കിയത്. പിആർജി പവിലിയനിൽ വിഴിഞ്ഞം രാജ്യാന്തര തുറമുഖത്ത് നങ്കൂരമിട്ട മദർഷിപ്പിന്റെ മാതൃക കാണാം. രാവിലെ ഒൻപതുമുതൽ രാത്രി ഒൻപതുവരെ നടക്കുന്ന പ്രദർശനത്തിൽ പ്രവേശനം സൗജന്യമാണ്. എല്ലാ ദിവസവും വൈകീട്ട് കലാപരിപാടികൾ ഉണ്ടായിരിക്കുന്നതാണ്. 23 -നാണ് മേള സമാപിക്കുന്നത്.
Content Highlights: Ente Keralam exhibition & marketing fair inaugurated in Thiruvananthapuram
Published: 19 May 2025, 02:02 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented