പീലിക്കോട് : സംസ്ഥാന സർക്കാരിന്റെ നാലാം വാർഷികാഘോഷം 'എന്റെ കേരളം' പ്രദർശനവിപണന മേള കാലിക്കടവ് മൈതാനത്ത് ഒരുക്കിയ നഗരിയിൽ ഏപ്രിൽ 21ന് മുഖ്യമന്ത്രി പിണറായി വിജിയൻ ഉദ്ഘാടനം ചെയ്തു. മന്ത്രി കെ. രാജൻ അധ്യക്ഷനായിരുന്നു. മന്ത്രിമാർ, ജനപ്രതിനിധികൾ, ചീഫ് സെക്രട്ടറി, ഐപിആർഡി സെക്രട്ടറി എന്നിവർ സംസാരിച്ചു. അന്ന് വൈകുന്നേരം മൂന്ന് മുതൽ അഞ്ചുവരെ 'ഡിജിറ്റൽ സർവേ വെല്ലുവിളികൾ, നേട്ടങ്ങൾ' എന്ന വിഷയത്തിൽ സർവേയും ഭൂരേഖയും വകുപ്പ് അവതരിപ്പിച്ചു. രാത്രിയിൽ മ്യൂസിക് ബാൻഡ് 'ആൽമരം' സംഗീത നിശ അവതരിപ്പിച്ചു. ഏപ്രിൽ 21 മുതൽ 27 വരെയാണ് എന്റെ കേരളം പ്രദർശന വിപണനമേള നടക്കുന്നത്.
ചൊവ്വാഴ്ച രാവിലെ ജില്ലാ ജൈവവൈവിധ്യ പരിപാലനസമിതിയും ജില്ലാപഞ്ചായത്തും ചേർന്ന് 'ജൈവവൈവിധ്യം കാലാവസ്ഥാവ്യതിയാനം' എന്ന വിഷയത്തിലും ഉച്ചയ്ക്ക് ശേഷം കാർഷികവികസന കർഷകക്ഷേമവകുപ്പ് 'കാർഷികമേഖലയിലെ നേട്ടങ്ങൾ' എന്ന വിഷയത്തിലും സെമിനാറുകൾ അവതരിപ്പിച്ചു. ജില്ലാ പട്ടികവർഗ വികസന ഓഫീസിന്റെ കീഴിലുള്ള സഹവാസ വിദ്യാലയങ്ങളിലെ വിദ്യാർഥികളുടെ കലാപരിപാടികൾ, സംസ്ഥാന സ്കൂൾ കലോത്സവത്തിൽ മികച്ച പ്രകടനം നടത്തിയ സച്ചു സന്തോഷിന്റെ നൃത്തം, രാജപുരം സർഗവേദിയുടെ നാടൻപാട്ടും കൊറഗ നൃത്തവും, മധു ബേഡകത്തിന്റെ ഏകാംഗ നാടകം 'മരണമൊഴി', ബാലാമണിയുടെ 'രണ്ട് പെണ്ണുങ്ങൾ' നാടകം, പയ്യന്നൂർ തെക്കേമമ്പലം ടി. ഗോവിന്ദൻ കേന്ദ്രത്തിലെ വനിതാസംഘം അവതരിപ്പിച്ച സംഗീതശില്പം 'ജ്വാലാമുഖി' എന്നിവയായിരുന്നു അന്നത്തെ സാംസ്കാരിക പരിപാടികൾ.
ബുധനാഴ്ച രാവിലെ 10-ന് പൊതുവിദ്യാഭ്യാസവകുപ്പ് 'വിദ്യാഭ്യാസമേഖലയിലെ പുരോഗതി' എന്ന വിഷയത്തിലും വൈകുന്നേരം മൂന്നിന് ജില്ലാ ദുരന്തനിവാരണ അതോറിറ്റിയും കിലയും 'ദുരന്തനിവാരണം' എന്ന വിഷയത്തിലും സെമിനാർ നടത്തി. ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ കെ. അഷ്റഫ്, ട്രഷറിവകുപ്പ് ജീവനക്കാരി രജിത എന്നിവരുടെ സംഗീത സായാഹ്നം, നവധ്വനി ഡാൻസ് ക്ലബ്ബിന്റെ ഫ്യൂഷൻ ഡാൻസ്, എക്സൈസ് വകുപ്പിന്റെ ബോധവത്കരണ നാടകം 'കുടമാറ്റം', സാമൂഹികസുരക്ഷാ മിഷന്റെ കീഴിലുള്ള ഭിന്നശേഷിവിദ്യാർഥികളുടെ സംസ്ഥാനതല സംഘം അവതരിപ്പിക്കുന്ന 'റിഥം', സജീവൻ ഇടയിലക്കാടിന്റെ ഗസൽ 'തേൻമഴ' എന്നീ പരിപാടികളും അന്ന് അവതരിപ്പിച്ചു.
വ്യാഴാഴ്ച രാവിലെ 10-ന് തദ്ദേശ സ്വയംഭരണ വകുപ്പ് 'ജനകീയ ആസൂത്രണം: പിന്നിട്ട പടവുകൾ, ജനകീയ ആസൂത്രണം; നേട്ടങ്ങൾ, മികവുകൾ' എന്നീ വിഷയങ്ങളിൽ സെമിനാറുകൾ, വൈകുന്നേരം ആറിന് ചലച്ചിത്ര പിന്നണിഗായകൻ കല്ലറ ഗോപൻ 'മധുരഗീതങ്ങൾ' ഗാനമേള, രാത്രി എട്ടിന് കലാമണ്ഡലം സ്വരച്ചന്ദും സംഘവും ദുര്യോധനവധം കഥകളി എന്നീ പരിപാടികളാണ് ഉള്ളത്.
വെള്ളിയാഴ്ച രാവിലെ 10-ന് ആരോഗ്യവകുപ്പ് 'ജനകീയാരോഗ്യം', വൈകുന്നേരം മൂന്നിന് വ്യവസായവകുപ്പ് 'വ്യവസായ മേഖലയിലെ പുരോഗതി' എന്ന വിഷയത്തിൽ സെമിനാർ സംഘടിപ്പിക്കും. വൈകുന്നേരം 5.30-ന് യുവജനക്ഷേമ ബോർഡ് മാർഗംകളിയും 5.45-ന് ഇഷ ഗ്രൂപ്പ് നൃത്തശില്പവും ആറിന് വനിതാശിശു വികസന വകുപ്പ് യക്ഷഗാനവും തുടർന്ന് അങ്കണവാടി കുട്ടികളുടെ കലാപരിപാടികളും അവതരിപ്പിക്കും. 6.30-ന് സുഭാഷ് അറുകര, സുരേഷ് പള്ളിപ്പാറ എന്നിവർ നാടൻപാട്ടും രാത്രി 8.30-ന് കണ്ണൂർ യുവകലാസാഹിതി ആയഞ്ചേരി വല്യശ്മാനൻ നാടകവും അവതരിപ്പിക്കും. ശനിയാഴ്ച രാവിലെ 10-ന് 'പട്ടികജാതി പട്ടികവർഗ മേഖലയിലെ മികവുകൾ നേട്ടങ്ങൾ എന്ന വിഷയത്തിൽ പട്ടികജാതി പട്ടികവർഗ പിന്നാക്കക്ഷേമ വികസന വകുപ്പുകളും വൈകുന്നേരം മൂന്നിന് 'സാമൂഹികക്ഷേമം വനിതാശിശുവികസനം' എന്ന വിഷയത്തിൽ വനിതാ-ശിശുവികസനവകുപ്പും സാമൂഹികനീതിവകുപ്പും സെമിനാർ നടത്തും. വൈകുന്നേരം 5.15-ന് പുത്തിലോട്ട് മാപ്പിട്ടച്ചേരി പൂരക്കളിസംഘം പൂരക്കളിയും രജിത മോഹിനിയാട്ടവും ആറിന് പടന്ന പട്ടുറുമാൽ ഫെയിം കുഞ്ഞുഭായിയുടെ ഇശൽരാവും കുടുംബശ്രീയുടെ കലാസന്ധ്യയും അരങ്ങേറും.
27-ന് രാവിലെ 10-ന് 'സംരംഭകമേഖലയിലെ പുരോഗതി' ജില്ലാ കുടുംബശ്രീ മിഷനും വൈകുന്നേരം മൂന്നിന് 'ടൂറിസം സംരംഭകത്വ അവസരങ്ങൾ' എന്ന വിഷയത്തിൽ ഡിടിപിസി, ഡിഡി ടൂറിസം, ബിആർഡിസി സഹകരിച്ച് സെമിനാർ നടത്തും. തുടർന്ന് സമാപന സമ്മേളനം മന്ത്രി എ.കെ. ശശീന്ദ്രൻ ഉദ്ഘാടനം ചെയ്യും. ആറിന് മുതിർന്ന പൗരൻമാരുടെ സംഘനൃത്തം. തുടർന്ന് വർഷ ഗ്രൂപ്പിന്റെ ഫ്യൂഷൻ ഡാൻസ്, സ്കൂൾ വിദ്യാർഥികളുടെ കലാപരിപാടികൾ എന്നിവ അരങ്ങേറും. 7.30-ന് ജീവനക്കാരുടെ നാടകം 'മറുപുറം'. എട്ടിന് തൃശ്ശൂർ കലാമണ്ഡലം അംഗങ്ങൾ അവതരിപ്പിക്കുന്ന നൃത്തസന്ധ്യയോടെ വാർഷികാഘോഷങ്ങളുടെ സംസ്ഥാനതല ഉദ്ഘാടന പരിപാടി സമാപിക്കും.
മേളയുടെ സമഗ്ര കവറേജിനും റിപ്പോർട്ടിങ്ങിനും മാധ്യമസ്ഥാപനങ്ങൾക്കും മാധ്യമപ്രവർത്തകർക്കും അവാർഡ് നൽകും. മികച്ച റിപ്പോർട്ട് വിഭാഗത്തിൽ റിപ്പോർട്ടർ പത്രം, ദൃശ്യമാധ്യമം, മികച്ച ചിത്രം വിഭാഗത്തിൽ ഫോട്ടോ ജേണലിസ്റ്റ്, മികച്ച ദൃശ്യം വിഭാഗത്തിൽ ക്യാമറാമാൻ, സമഗ്ര കവറേജിന് പത്ര, ദൃശ്യ, ഓൺലൈൻ മാധ്യമങ്ങൾ എന്നിങ്ങനെയാണ് അവാർഡ് നൽകുക. പുരസ്കാരങ്ങൾ 'എന്റെ കേരളം' പ്രദർശന വിപണന മേളയുടെ സമാപനച്ചടങ്ങിൽ വിതരണം ചെയ്യും.
Content Highlights: Ente Keralam` expo showcased cultural performances, seminars, and exhibitions
Published: 22 Apr 2025, 02:12 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented