കണ്ണൂര്‍:  അടിയന്തരാവസ്ഥ അവസാനിച്ചിട്ടില്ലെന്നും രൂപത്തിലും ഭാവത്തിലുമുള്ള വ്യത്യാസത്തോടെ ഇന്നും നിലനില്‍ക്കുന്നുവെന്നും കഥാകൃത്ത് ടി.പത്മനാഭന്‍ പറഞ്ഞു. മാതൃഭൂമി ബുക്‌സ് പ്രസിദ്ധീകരിച്ച ഗോവ ഗവര്‍ണര്‍ അഡ്വ. പി.എസ്.ശ്രീധരന്‍ പിള്ളയുടെ 'അടിയന്തരാവസ്ഥ ഇരുട്ടിന്റെ നിലവിളികള്‍' എന്ന പുസ്തകത്തിന്റെ മൂന്നാംപതിപ്പ് പ്രകാശനം ചെയ്യുകയായിരുന്നു അദ്ദേഹം.

To advertise here,

ഇരുട്ടിന്റെ നിലവിളി ഇപ്പോഴും അവസാനിച്ചിട്ടില്ല. കണ്ണുതുറന്ന് ശ്രദ്ധിച്ചാല്‍ ഇരുട്ടും ഇരുട്ടിലെ നിലവിളിയും കാണാനാകും. ഇതൊക്കെ അവസാനിക്കട്ടെയെന്ന് പ്രാര്‍ഥിക്കുന്നു. രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാസ്ഥാപനത്തിലാണ് ഞാന്‍ ജോലിചെയ്തിരുന്നത്.

ജീവനക്കാര്‍ അവിടെ സമയനിഷ്ഠയോ അച്ചടക്കമോ കാണിച്ചിരുന്നില്ല. അടിയന്തരാവസ്ഥക്കാലത്ത് ജീവനക്കാര്‍ കൃത്യസമയത്ത് ജോലിക്ക് വരികയും അച്ചടക്കത്തോടെ ജോലിചെയ്യുകയും ചെയ്തിരുന്നു. തുടക്കത്തില്‍ ഇത്തരം കാര്യങ്ങളില്‍ ഏറെ സന്തോഷിക്കുകയും ഇന്ദിരാഗാന്ധിയെ സ്തുതിക്കുകയും ചെയ്തിരുന്നു.

ഈ അച്ചടക്കവും സമാധാനവും ശ്മശാനത്തിലേതുപോലെയാണെന്ന് താമസിയാതെ ബോധ്യപ്പെട്ടു. ജനം അതിന് കനത്ത തിരിച്ചടി നല്‍കുകയും ചെയ്തു. ഈ പുസ്തകത്തിന്റെ അവതാരികയെഴുതിയ എം.പി.വീരേന്ദ്രകുമാര്‍ അടിയന്തരാവസ്ഥക്കാലത്ത് കൊടും യാതനകള്‍ അനുഭവിച്ചിരുന്നു -പത്മനാഭന്‍ പറഞ്ഞു.

അടിയന്തരാവസ്ഥക്കാലത്ത് എംഎല്‍എയും യുവനേതാവുമായിരുന്ന പിണറായി വിജയനെ പോലീസ് ക്രൂരമായി മര്‍ദിച്ച് ജയിലിലടച്ചപ്പോള്‍ കണ്ണൂരില്‍പ്പോലും പ്രതിഷേധപ്രകടനം നടത്തിയില്ലെന്ന് ഗോവ ഗവര്‍ണര്‍ പി.എസ്.ശ്രീധരന്‍പിള്ള പറഞ്ഞു. നിയമസഭയില്‍ ഇതുസംബന്ധിച്ച് പ്രതിഷേധമോ വാക്കൗട്ടോ ഉണ്ടായില്ല.

കരുതല്‍ തടങ്കലിലായവരും തുടക്കത്തില്‍ സമരം നടത്തി അറസ്റ്റിലായവരുമായ സിപിഎം നേതാക്കളെ ഒഴിച്ചുനിര്‍ത്തിയാല്‍ പിന്നീട് സിപിഎം സമരമൊന്നും ചെയ്തില്ല. അടിയന്തരാവസ്ഥ അവസാനിക്കാനുള്ള സാധ്യതയൊന്നുമില്ലെന്നും നിയമവിധേയമായി പ്രവര്‍ത്തിച്ചാല്‍ മതിയെന്നും സിപിഎം കേന്ദ്രകമ്മിറ്റി യോഗം ചേര്‍ന്ന് തീരുമാനിച്ചിരുന്നു. കുറ്റകരമായ മൗനത്തിലൂടെയാണ് കേരളം കടന്നുപോയത്. ലോ കോളേജില്‍ പഠിക്കുന്ന കാലത്ത് താനും സിപിഎം നേതാവ് എ.കെ.ബാലനും ഒരുമിച്ച് കോളേജ് തിരഞ്ഞെടുപ്പില്‍ മത്സരിച്ചിരുന്നു. -ശ്രീധരന്‍ പിള്ള പറഞ്ഞു.

റിട്ട. ജസ്റ്റിസ് കെ.ടി.ജ്യോതീന്ദ്രനാഥ് പുസ്തകം ഏറ്റുവാങ്ങി. മാതൃഭൂമി കണ്ണൂര്‍ റീജണല്‍ മാനേജര്‍ ജഗദീഷ് ജി., മാതൃഭൂമി ബുക്‌സ് പബ്ലിക്കേഷന്‍ സീനിയര്‍ മാനേജര്‍ നൗഷാദ് എന്നിവര്‍ സംസാരിച്ചു.