കല്പറ്റ: ചൂരൽമല-മുണ്ടക്കൈ ദുരന്തത്തെ മുൻനിർത്തി കോൺഗ്രസും യൂത്ത്‌ കോൺഗ്രസും നടത്തിയത്‌ കൊള്ളയാണെന്ന്‌ ഡി.വൈ.എഫ്‌.ഐ. സംസ്ഥാന സെക്രട്ടറി വി.കെ. സനോജ്‌ പറഞ്ഞു. തുക കൈപ്പറ്റി യൂത്ത് കോൺഗ്രസ് നേതൃത്വം പുട്ടടിച്ചെന്നും അദ്ദേഹം ആരോപിച്ചു. കല്പറ്റയിൽ സർക്കാർ നിർമിക്കുന്ന ടൗൺഷിപ്പ് സന്ദർശിച്ചശേഷം മാധ്യമപ്രവർത്തകരോട്‌ സംസാരിക്കുകയായിരുന്നു സനോജ്.

To advertise here,

ദുരന്തബാധിതർക്ക്‌ വീട്‌ നിർമിക്കാനെന്നു പറഞ്ഞ്‌ കോൺഗ്രസും യൂത്ത്‌ കോൺഗ്രസും പണം പിരിച്ചു. എന്നാൽ, ഇപ്പോൾ പിരിച്ച പണത്തിന്‌ കണക്കില്ല. പണം പിരിച്ച ആപ്പുമില്ല. 30 വീട്‌ നിർമിക്കുമെന്നായിരുന്നു യൂത്ത്‌ കോൺഗ്രസ്‌ വാഗ്ദാനം. ഇപ്പോൾ കെ.പി.സി.സി.ക്ക്‌ കൈമാറിയത്‌ 1.5 കോടിയാണ്‌. ഈ തുകയ്‌ക്ക്‌ എത്ര വീട്‌ നിർമിക്കാനാകും. കർണാടക സർക്കാർ തുക നൽകിയെന്നാണ്‌ കോൺഗ്രസിന്റെ വാദം. കർണാടകയിലെ സർക്കാർ നൽകിയതിൽ കോൺഗ്രസിന്‌ എന്താണ്‌ അവകാശം. മരണവീട്ടിൽ പോക്കറ്റടിച്ചവരാണ്‌ വി.ഡി. സതീശനും യൂത്ത്‌ കോൺഗ്രസുമെന്ന്‌ ജനം തിരിച്ചറിഞ്ഞെന്നും അദ്ദേഹം പറഞ്ഞു.

ഡി.വൈ.എഫ്‌.ഐ. 20 കോടി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക്‌ കൈമാറി. ഡി.വൈ.എഫ്‌.ഐ. നൽകിയ പണത്തിന്‌ റസീറ്റുണ്ട്‌. ഡി.വൈ.എഫ്.ഐ. തുക കൈമാറിയതിന്റെ രേഖകളും വി.കെ. സനോജ് മാധ്യമങ്ങൾക്ക് കൈമാറി. കെ.പി.സി.സി. പ്രസിഡന്റ്‌ കെ. സുധാകരൻ അടക്കമുള്ളവർ ദുരിതാശ്വാസനിധിയിലേക്ക്‌ പണം നൽകരുതെന്നും കോൺഗ്രസിന്റെ ആപ്പിലേക്ക്‌ നൽകാനും പറഞ്ഞു. ഇങ്ങനെ പണം പിരിച്ച്‌ തട്ടിയതിൽ ദുരന്തബാധിതരോട്‌ മാപ്പുപറഞ്ഞിട്ടുവേണം സിദ്ദിഖ്‌ ടൗൺഷിപ്പിൽ കയറാൻ. ടി. സിദ്ദിഖ്‌ എം.എൽ.എ.യ്ക്ക്‌ ജനങ്ങളോട്‌ എന്തെങ്കിലും കൂറുണ്ടെങ്കിൽ സുധാകരനെയും കെ.പി.സി.സി. നേതൃത്വത്തെയും തള്ളിപ്പറയണമായിരുന്നെന്നും സനോജ്‌ പറഞ്ഞു. ഡി.വൈ.എഫ്.ഐ. ജില്ലാപ്രസിഡന്റ് കെ.ആർ. ജിതിൻ, ജില്ലാ സെക്രട്ടറി കെ.എം. ഫ്രാൻസിസ് എന്നിവരും ഒപ്പമുണ്ടായിരുന്നു.