കൊച്ചി: കളമശ്ശേരി സ്‌ഫോടനക്കേസ് പ്രതി മാർട്ടിൻ ഡൊമിനിക്കിനെ തെളിവെടുപ്പിനായി അത്താണിയിലെ വീട്ടിലെത്തിച്ചു. ചൊവ്വാഴ്ച രാവിലെയായിരുന്നു തെളിവെടുപ്പ്. അറസ്റ്റ് രേഖപ്പെടുത്തിയതിന് പിന്നാലെയാണ് പോലീസ് തെളിവെടുപ്പ് ആരംഭിച്ചത്. വെള്ളിയാഴ്ചയും സ്‌ഫോടനംനടന്ന ദിവസവും വീട്ടിൽ ഇയാളെത്തിയതായാണ് പോലീസ് പറയുന്നത്. ഇവിടെവെച്ച് ചില പരീക്ഷണങ്ങൾ പ്രതി നടത്തിയതായും വിവരമുണ്ട്. 

To advertise here,

ചൊവ്വാഴ്ച വെെകിട്ട് മാർട്ടിനെ കോടതിയിൽ ഹാജരാക്കും. റിമാൻഡ് റിപ്പോർട്ട് കോടതിയിൽ സമർപ്പിക്കുന്ന ഘട്ടത്തിൽ സംഭവവുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ വ്യക്തത വരുത്തേണ്ടതുണ്ട്. അതിന്റെ ഭാഗമായാണ് തെളിവെടുപ്പുമായി പോലീസ് മുന്നോട്ടുപോകുന്നത്. കൺവെൻഷൻ സെന്റർ ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ പ്രതിയെ എത്തിച്ച് തെളിവ് ശേഖരിക്കേണ്ടതുണ്ട്. ഇവിടങ്ങളിൽ ഇന്നുതന്നെ തെളിവെടുപ്പുണ്ടാകുമോയെന്ന് വ്യക്തമല്ല.

ഞായറാഴ്ച രാവിലെ 9.40-ഓടെയായിരുന്നു കളമശ്ശേരിയിലെ യഹോവ സാക്ഷികളുടെ കൺവെൻഷനിടെ സ്ഫോടനമുണ്ടായത്. 2,400 വിശ്വാസികൾ ഈ സമയം ഹാളിൽ പ്രാർഥന നടത്തിയിരുന്നു. പ്രാർഥനയ്ക്കിടെയുണ്ടായ സ്ഫോടനങ്ങളിൽ മൂന്നുപേർ മരിച്ചു. 51 പേർക്ക് പരിക്കേറ്റു.