കൊച്ചി: കേരളത്തില്‍നിന്നും വന്‍തോതില്‍ ഡോളറുകള്‍ വിദേശത്തേക്ക് കടത്തിയ ഈജിപ്തുകാരനെ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിന് അറിയാമായിരുന്നെന്ന് കസ്റ്റംസ്. മൊഴിവൈരുധ്യങ്ങളടക്കം ശിവശങ്കറിന്റെ വാട്സാപ്പ് ചാറ്റുകള്‍ തെളിവായി കസ്റ്റംസ് കണ്ടെത്തി. ഡോളര്‍ക്കടത്ത് കേസില്‍ കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തിലും ഇതുള്‍പ്പെടുത്തി.

To advertise here,

ഡോളര്‍ക്കടത്തുകേസില്‍ കാര്യമായ തെളിവുകളൊന്നും കിട്ടിയില്ലെങ്കിലും ശിവശങ്കറിന്റെ മൊഴികള്‍ സംശയമുളവാക്കുന്നതാണെന്ന് സ്ഥാപിക്കാന്‍ കസ്റ്റംസിന് കഴിഞ്ഞിട്ടുണ്ട്.

തെളിവ് 1

കസ്റ്റംസിനു നല്‍കിയ മൊഴിയില്‍ ശിവശങ്കര്‍ ആവര്‍ത്തിച്ചിരുന്നത് യു.എ.ഇ. കോണ്‍സുലേറ്റുമായി ബന്ധപ്പെട്ട് കോണ്‍സല്‍ ജനറല്‍ ജമാല്‍ അല്‍സാബിയെ മാത്രമാണ് വിദേശപൗരനെന്നനിലയില്‍ പരിചയമുള്ളതെന്നാണ്. എന്നാല്‍, മുമ്പ് ലൈഫ് മിഷനില്‍ ഡെപ്യൂട്ടേഷനിലുണ്ടായിരുന്ന അനര്‍ട്ടിലെ ജീവനക്കാരിയുമായി ശിവശങ്കര്‍ 2019 ജൂലായ് 22-ന് നടത്തിയ വാട്സാപ്പ് ചാറ്റില്‍ ഡോളര്‍ക്കടത്തിലെ ഒന്നാം പ്രതി ഖാലിദ് ഷൗക്രിയുടെ പേര് പറയുന്നുണ്ട്. ലൈഫ് മിഷനുമായി ബന്ധപ്പെട്ട ചാറ്റിലാണിത്.

ശിവശങ്കറിന്റെ മെസേ ജ് ഇങ്ങനെ: 'അതു നമുക്ക് സരിത്തിനും ഖാലിദിനും നല്‍കാം...' തുടര്‍ന്നുള്ള ചാറ്റില്‍ പറയുന്നതിങ്ങനെ: 'ജോസിനോട് (ലൈഫ് മിഷന്‍ സി.ഇ.ഒ. യു.വി. ജോസ്) പറയൂ കോണ്‍സുലേറ്റില്‍നിന്നും ആരെങ്കിലും വിളിക്കും സരിത്തോ ഖാലിദോ...' അങ്ങേത്തലയ്ക്കല്‍നിന്നും യു.എ.ഇ. കോണ്‍സുലേറ്റിലെ സരിത്തും ഖാലിദുമാണോ എന്ന ചോദ്യത്തിന് അതെയെന്നും ശിവശങ്കര്‍ മറുപടിനല്‍കുന്നുണ്ട്.

തെളിവ് 2

 2020 ജൂലായ് 14-ന് കസ്റ്റംസിന് നല്‍കിയ മൊഴിയില്‍ ഏതോ ഒരു ഖാലിദ് സ്വപ്നാ സുരേഷിന് പണം നല്‍കിയിട്ടുള്ളതായി അറിയാമെന്ന് ശിവശങ്കര്‍ പറയുന്നുണ്ട്. എന്നാല്‍, 2020 നവംബര്‍ 29-ന് നല്‍കിയ മൊഴി കോണ്‍സുല്‍ ജനറലിനെ അല്ലാതെ മറ്റൊരു വിദേശ ഒഫീഷ്യലിനെയും യു.എ.­­ഇ. കോണ്‍സുലേറ്റുമായി ബന്ധപ്പെട്ട് അറിയില്ലെന്നാണ്.

തെളിവ് 3

യു.എ.ഇ. റെഡ്ക്രസന്റിന്റെ സാമ്പത്തികസഹായം ലഭിച്ച വടക്കാഞ്ചേരി ലൈഫ് മിഷന്‍ കെട്ടിടസമുച്ചയ നിര്‍മാണക്കരാര്‍ യൂണീടാക് ബില്‍ഡേഴ്സിന് ലഭിക്കാന്‍ ശിവശങ്കര്‍ ഇടപെടലുകള്‍ നടത്തിയിട്ടുണ്ട്. ഇതിന് ശിവശങ്കറിന് ലഭിച്ച കമ്മിഷനാണ് സ്വപ്നയുടെ ലോക്കറിലെ ഒരുകോടി രൂപയെന്നാണ് കസ്റ്റംസിന്റെ ആരോപണം.