
ചെന്നൈ: നാഷണൽ ഹെറാൾഡ് കേസിൽ ഇഡി നടപടി നേരിടുന്ന കോൺഗ്രസ് നേതാക്കൾക്ക് പരസ്യപിന്തുണ പ്രഖ്യാപിച്ച് ഇന്ത്യസഖ്യത്തിലെ പ്രധാനകക്ഷിയായ ഡിഎംകെ. അന്വേഷണ ഏജൻസികളെ ഉപയോഗിച്ച് പ്രതിപക്ഷകക്ഷികളെ വേട്ടയാടുന്ന കേന്ദ്രനടപടിയെ എതിർക്കുകയെന്നതാണ് സിപിഎമ്മിന്റെ നിലപാടെന്ന് പാർട്ടി ജനറൽ സെക്രട്ടറി എം.എ. ബേബിയും വ്യക്തമാക്കി.
പ്രതിപക്ഷത്തെ വിവിധകക്ഷികളുടെ നേതാക്കൾക്കും കുടുംബാംഗങ്ങൾക്കുമെതിരേ ഇഡിയും മറ്റു കേന്ദ്ര അന്വേഷണ ഏജൻസികളും നടപടികളെടുത്തപ്പോൾ ഭിന്നനിലപാടുകളാണ് കോൺഗ്രസ് നേതൃത്വം സ്വീകരിച്ചിരുന്നത്. എന്നാൽ, കോൺഗ്രസ് നേതാക്കളായ സോണിയാഗാന്ധിക്കും രാഹുൽഗാന്ധിക്കുമെതിരായ ഇഡി നടപടിക്കെതിരേ ബിജെപി ഇതരകക്ഷികൾ ഭിന്നത വെടിഞ്ഞ് പ്രതിരോധം തീർക്കുമെന്ന സൂചനയാണ് ഡിഎംകെയും സിപിഎമ്മും നൽകുന്നത്.
സോണിയക്കും രാഹുലിനുമെതിരായ ഇഡി കുറ്റപത്രം ലജ്ജാകരമായ രാഷ്ട്രീയ പകപോക്കലാണെന്നും അത് അനുവദിക്കാനാകില്ലെന്നും ഡിഎംകെ ട്രഷററും പാർലമെന്ററി പാർട്ടിനേതാവുമായ ടി.ആർ. ബാലു എംപി പ്രസ്താവനയിൽ പറഞ്ഞു. കേന്ദ്രസർക്കാരിന്റെ ജനവിരുദ്ധനയങ്ങൾ അഹമ്മദാബാദിൽ നടന്ന എഐസിസി സമ്മേളനം തുറന്നുകാണിച്ചതിനെത്തുടർന്നുള്ള പരിഭ്രമമാണ് ഇതിനുപിന്നിലെന്നും ബാലു അഭിപ്രായപ്പെട്ടു. റായ്‌പുരിൽ എഐസിസി സമ്മേളനം നടന്നതിനു പിന്നാലെയും ഇഡി റെയ്ഡുകളുണ്ടായിരുന്നെന്ന കാര്യം അദ്ദേഹം ഓർമ്മിപ്പിച്ചു. വഖഫ് ബിൽ ഉൾപ്പെടെയുള്ള വിഷയങ്ങളിൽ പ്രതിപക്ഷം ഒന്നിക്കുന്നതാണ് ബിജെപിയെ പ്രകോപിപ്പിക്കുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
സിപിഎം കോൺഗ്രസിനെ പിന്തുണയ്ക്കുമോ എന്നുള്ള മട്ടിലാണ് ഈ വിഷയത്തെ പലരും അവതരിപ്പിക്കുന്നതെന്ന് ഞായറാഴ്ച ചെന്നൈയിൽ മുഖ്യമന്ത്രി എം.കെ. സ്റ്റാലിനെ സന്ദർശിച്ചശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കവേ എം.എ. ബേബി പറഞ്ഞു. തങ്ങൾക്കു വഴങ്ങാത്ത പ്രതിപക്ഷ പാർട്ടികൾക്കെതിരേ കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് ബിജെപി തുടർച്ചയായി കടന്നാക്രമണങ്ങൾ നടത്തുകയാണ്. അതിനെ മൊത്തത്തിൽ എതിർക്കുകയും അപലപിക്കുകയും ചെയ്യുകയെന്ന സമീപനമാണ് സിപിഎമ്മിന്. എന്നാൽ, സിപിഎമ്മിന്റെ നേതാക്കളെ രാഷ്ട്രീയമായി വേട്ടയാടുമ്പോൾ ചിലർ ബിജെപിക്കൊപ്പം നിൽക്കുന്നു. അങ്ങനെയാരു ഇരട്ടത്താപ്പ് സിപിഎമ്മിന് ഇല്ലെന്ന് തിരിച്ചറിയണം -ബേബി പറഞ്ഞു. വർഗീയശക്തികൾക്കെതിരേ മതനിരപേക്ഷകക്ഷികളെ ഒന്നിപ്പിച്ചുകൊണ്ടുള്ള തമിഴ്‌നാട്ടിലെ മുന്നണി രാജ്യത്തിന് മാതൃകയാണെന്ന് ബേബി പറഞ്ഞു.
Content Highlights: DMK, CPM Support Congress in National Herald Case
Published: 21 Apr 2025, 06:29 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented