കോഴിക്കോട്: കേന്ദ്ര സര്‍ക്കാര്‍ ലോക്സഭയില്‍ അവതരിപ്പിക്കാനൊരുങ്ങുന്ന വഖഫ് ഭേദഗതി ബില്ലിനെ അനുകൂലിക്കുന്ന മുഖപ്രസംഗവുമായി കത്തോലിക്കാ സഭാ മുഖപത്രമായ ദീപിക. ലോക്സഭയില്‍ അവതരിപ്പിക്കുന്ന ബില്ലിനെ പിന്തണയ്ക്കുന്നില്ലെങ്കില്‍ കേരളത്തില്‍ നിന്നുള്ള എംപിമാരുടെ മതമൗലികവാദ നിലപാട് ചരിത്രമാകുമെന്നാണ് മുഖപ്രസംഗത്തില്‍ പറയുന്നത്. ബില്ലിനെ കുറിച്ച് സിപിഎമ്മിനും കോണ്‍ഗ്രസിനും ഇനിയും മനസിലായിട്ടില്ലെങ്കില്‍ കൂടുതല്‍ ഒന്നും പറയാനില്ലെന്നും മുഖപ്രസംഗത്തില്‍ പറയുന്നു.
'വഖഫ്: പാര്‍ലമെന്റിലെ മതേതരത്വ പരീക്ഷ' എന്ന തലക്കെട്ടോടെയാണ് ദീപികയില്‍ വഖഫ് ഭേദഗതി ബില്ലിന് അനുകൂലമായ മുഖപ്രസംഗം. വഖഫ് നിയമഭേദഗതിയില്‍ രാഷ്രീയ പാര്‍ട്ടികള്‍ അന്തിമതീരുമാനം എടുക്കാന്‍ സമയമായി. വഖഫ് നിയമം ഇല്ലാതാക്കാനല്ല, കൈയേറ്റാനുമതി നല്‍കുന്നതും ഭരണഘടനാപരിഹാരം നിഷേധിക്കുന്നതുമായ വകുപ്പുകള്‍ ഭേദഗതിചെയ്യണമെന്നു മാത്രമാണ് ആവശ്യപ്പെടുന്നത്. അത്, മുസ്ലീം സമുദായത്തിലെ ഒരാള്‍ക്കും നീതി നിഷേധിക്കുന്നില്ല. വഖഫ് നിയമത്തിന്റെ ഇരകളായ ആയിരക്കണക്കിനു ഹിന്ദു-ക്രിസ്ത്യന്‍-മുസ്ലീം പൗരന്മാര് നേരിടുന്ന അനീതിക്ക് അറുതി വരുത്തുകയും ചെയ്യുമെന്നാണ് മുഖപ്രസംഗം അഭിപ്രായപ്പെടുന്നത്.
വഖഫ് പാര്‍ലമെന്റിലെ മതേതരത്വ പരീക്ഷയാണെന്നും നിങ്ങള്‍ പിന്തുണച്ചില്ലെങ്കില്‍ ഭേദഗതി പാസാകുമോയെന്നത് വേറെ കാര്യമാണെന്നും കേരളത്തില്‍ നിന്നുള്ള എംപിമാരോട് പറയുന്നു. ഇതിനെ പിന്തുണച്ചില്ലെങ്കില്‍ നിങ്ങളുടെ മതമൗലികവാദ നിലപാട് ചരിത്രമായിരിക്കും, മതേതര തലമുറകളോട് കണക്കുപറയേണ്ട ചരിത്രം എന്നും മുഖപ്രസംഗം ഓര്‍മപ്പെടുത്തുന്നുണ്ട്. അതുകൊണ്ടുതന്നെ ഈ ബില്ലിനെ അനുകൂലിക്കാന്‍ സിപിഎം-കോണ്‍ഗ്രസ് പാര്‍ട്ടികളോട് അഭ്യര്ഥിക്കുന്നുമുണ്ട്.
1995-ലെ വഖഫ് നിയമത്തിലെ 40-ാം അനുച്ഛേദം അനുസരിച്ച് സ്വത്ത് തങ്ങള്‍ക്ക് അവകാശപ്പെട്ടതാണെന്ന് വഖഫ് ബോര്‍ഡ് കരുതിയാല്‍ നിലവിലുള്ള ഏതു രജിസ്ട്രേഷന് ആക്ടിനെയും മറികടന്ന് അതു സ്വന്തമാക്കാം. ഇരകള്‍ കോടതിയെ അല്ല, വഖഫ് ട്രൈബ്യൂണലിനെ സമീപിച്ചുകൊള്ളണം. 40-ാം വകുപ്പിന്റെ ഈ കൈയേറ്റ സാധൃത ഉപയോഗിച്ചാണ് 2019-ല്‍ കൊച്ചി വൈപ്പിന്‍ ദ്വീപിലെ മുനമ്പം വേളാങ്കണ്ണി കടപ്പുറത്തെ 404 ഏക്കര്‍ ഭൂമി വഖഫ് ബോര്‍ഡിന്റെ ആസ്തിവിവരത്തില്‍ ഉള്‍പ്പെടുത്തിയതെന്നും മുഖപ്രസംഗത്തില്‍ പറയുന്നു.
മുനമ്പത്തെ ജനങ്ങളെ സഹായിക്കാമെന്ന് പറയുന്ന കേരളത്തിലെ ഭരണപക്ഷവും പ്രതിപക്ഷവും പാര്‍ലമെന്റില്‍ വഖഫ് നിയമത്തെ പിന്തുണച്ച് ഇരട്ടത്താപ്പ് കാണിക്കുകയാണ് മുഖപ്രസംഗത്തില്‍ കുറ്റപ്പെടുത്തുന്നുണ്ട്. നിയമത്തില്‍ ഭേദഗതി ഉണ്ടായാല്‍ വഖഫ് പേടിയില്ലാതെ ഈ രാജ്യത്തെ മനുഷ്യര്‍ക്ക് സമാധാനമായി ഉറങ്ങാമല്ലോയെന്നും ദീപിക പറഞ്ഞുവെക്കുന്നുണ്ട്. വഖഫ് തട്ടിയെടുക്കുന്ന ഭൂമി അവകാശികള്‍ക്ക് തിരിച്ചുകിട്ടാനുള്ള വകുപ്പ് ഭേദഗതിയിലുണ്ടെന്ന് ബിജെപി ഉറപ്പാക്കണമെന്നും മുഖപ്രസംഗം ഓര്‍മിപ്പിക്കുന്നു.
വഖഫ് ബോര്‍ഡിന്റെ കീഴില്‍ 9.4 ലക്ഷം ഏക്കറില്‍ വ്യാപിച്ചുകിടക്കുന്ന 1.2 ലക്ഷം കോടി രൂപ വിലവരുന്ന 8.7 ലക്ഷം സ്വത്തുക്കളുണ്ട്. അതില്‍ മുനമ്പത്തേതുപോലെ കൈവശപ്പെടുത്തിയവ ഒഴികെയുള്ളത് അഴിമതിയില്ലാതെ കൈകാര്യം ചെയ്താല്‍ മുസ്ലീം സമുദായത്തിലെ പാവങ്ങള്‍ക്ക് മികച്ച സാമ്പത്തിക കെട്ടുറപ്പ് നല്‍കാം. ആ സ്വത്തുക്കളില്‍ ബോര്‍ഡിലെ കൈകാര്യക്കാര്‍ അന്യാധീനപ്പെടുത്തിയതെല്ലാം തിരിച്ചുപിടിക്കുന്നത് പോലെയല്ല, കാശുകൊടുത്ത് വാങ്ങി കരമടച്ചുകൊണ്ടിരിക്കുന്ന കിടപ്പാടവും മറ്റു വസ്തുക്കളും വഖഫ് കൈയേറുന്നതെന്നും മുഖപ്രസംഗത്തില്‍ വിമര്‍ശിക്കുന്നു.
Content Highlights: Deepaika, a Catholic publication, supports the Waqf Amendment Bill.
Published: 01 Apr 2025, 10:24 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented