കാസർകോട്: സിപിഎം വനിതാനേതാവിന്റെ മകന് കൺസ്യൂമർഫെഡ് മദ്യവില്പനശാലയിൽ അനധികൃതമായി ജോലിനൽകിയെന്ന ആരോപണവുമായി പാർട്ടിപ്രവർത്തകർ രംഗത്തുവന്നു. കഴിഞ്ഞദിവസം നടന്ന സിപിഎം ബ്രാഞ്ച് യോഗങ്ങളിൽ വിഷയം ചർച്ചയാകുകയും ഒരു വിഭാഗം പ്രവർത്തകർ ഇറങ്ങിപ്പോകുകയും ചെയ്തു.
തായന്നൂർ ചെരളം ഒന്ന്, രണ്ട് ബ്രാഞ്ചുകളിലാണ് യോഗം നടന്നത്. ജില്ലാ നേതാക്കൾ പങ്കെടുത്ത രണ്ട് യോഗങ്ങളിലും പ്രവർത്തകർ ഇറങ്ങിപ്പോയി. ബ്രാഞ്ച് രണ്ടിൽ സെക്രട്ടറിയുൾപ്പെടെ ഇറങ്ങിപ്പോയതായാണ് വിവരം.
ഒരു തദ്ദേശസ്ഥാപനത്തിലെ സ്ഥിരംസമിതി അധ്യക്ഷ കൂടിയാണ് ആരോപണവിധേയയായ വനിതാനേതാവ്. ഇവരുടെ മകന് കൺസ്യൂമർഫെഡിന്റെ ത്രിവേണി സൂപ്പർമാർക്കറ്റിലാണ് ആദ്യം ജോലി നൽകിയിരുന്നത്. പിന്നീട് സ്ഥാനക്കയറ്റത്തോടെ മദ്യവില്പനശാലയിലേക്ക് മാറ്റി.
ഇതുസംബന്ധിച്ച് സിപിഎം സംസ്ഥാന, ജില്ലാ, ഏരിയാ സെക്രട്ടറിമാർക്ക് പ്രദേശത്തെ പാർട്ടി പ്രവർത്തകർ ജൂണിൽ പരാതി നൽകിയിരുന്നു. രണ്ടുമാസത്തിനുശേഷം ചെരളം ബ്രാഞ്ച് ഒന്ന്, രണ്ട് എന്നിവിടങ്ങളിൽ വെവ്വേറെ യോഗങ്ങൾ വിളിച്ചു.
വനിതാനേതാവ് ആശവർക്കർ കൂടിയാണ്. ഒരു കുടുംബത്തിൽ രണ്ടുപേർക്ക് ജോലി കൊടുത്തത് ശരിയല്ലെന്നും മകന് ജോലി വേണമെങ്കിൽ അമ്മ ജോലി ഉപേക്ഷിക്കണമെന്നുമാണ് ഒരു വിഭാഗം പ്രവർത്തകരുടെ ആവശ്യം. പ്രതിഷേധം കനത്തതോടെ കഴിഞ്ഞ ദിവസം വീണ്ടും രണ്ട് ബ്രാഞ്ചുകളിലും യോഗം വിളിക്കുകയായിരുന്നു.
സിപിഎം പനത്തടി ഏരിയാ സെക്രട്ടറിയും ജില്ലാ കമ്മിറ്റി അംഗവുമായ ഒക്ലാവ് കൃഷ്ണൻ, ഏരിയാ കമ്മിറ്റിയംഗം ജയചന്ദ്രൻ എന്നിവരുടെ സാന്നിധ്യത്തിലാണ് രണ്ടിടത്തും യോഗം ചേർന്നത്. എന്നാൽ തദ്ദേശ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട യോഗം വിളിച്ചിരുന്നുവെന്നും അതുമായി ബന്ധപ്പെട്ട ചർച്ചകൾ മാത്രമാണുണ്ടായതെന്നും സിപിഎം ഏരിയാ കമ്മിറ്റിയംഗം പി. ഗംഗാധരൻ പറഞ്ഞു.
Content Highlights: CPM party workers in Kasaragod allege illegal appointment of a woman leader`s son at a Consumerfed liquor outlet. Internal meetings saw walkouts amid protests.
Published: 18 Oct 2025, 08:37 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented