
തിരുവനന്തപുരം: സംഘടനാതിരുത്തലിന് പ്ലീനത്തിനുപകരം ജില്ലാ സെക്രട്ടേറിയറ്റ് അംഗങ്ങളെക്കൂടി ഉൾപ്പെടുത്തി വിപുലീകരിച്ച സംസ്ഥാന സമിതി യോഗം ചേരാൻ തീരുമാനിച്ച് സി.പി.എം.. ഒരു തിരഞ്ഞെടുപ്പ് ഫലത്തിന്റെ പശ്ചാത്തലത്തിൽ ഇത്തരമൊരു നടപടി ആദ്യമാണ്. പ്ലീനത്തിന് ഏറെക്കുറെ തുല്യമായ രീതിയാണിത്. സംസ്ഥാന സെക്രട്ടറി അവതരിപ്പിച്ച തിരഞ്ഞെടുപ്പ് അവലോകന റിപ്പോർട്ടിൽ പലകാര്യങ്ങളിലും തിരുത്തൽ വേണമെന്ന് ആവശ്യമുയർന്നിരുന്നു.
വെള്ളാപ്പള്ളി നടേശനോട് നേതാക്കൾ സ്വീകരിച്ച സമീപനം പാർട്ടിയെ നശിപ്പിച്ചു. വർഗീയ വിഷയങ്ങളിൽ കടുത്ത നിലപാട് സ്വീകരിക്കാതെ മുന്നോട്ടുപോയിട്ട് കാര്യമില്ല. അതിനാൽ, വെള്ളാപ്പള്ളി വിഷയത്തിൽ തെറ്റുസംഭവിച്ചിട്ടുണ്ടെന്ന തിരുത്തൽ റിപ്പോർട്ടിൽ ഉൾപ്പെടുത്തണമെന്ന് യോഗത്തിൽ നേതാക്കൾ പറഞ്ഞു. കമ്മിറ്റിയിലുണ്ടായ നിർദേശങ്ങൾ കൂടി ഉൾപ്പെടുത്തി റിപ്പോർട്ടിന് അംഗീകാരം നൽകാനാണ് തീരുമാനം. എസ്.ഡി.പി.ഐ.യോട് കാണിച്ച മൃദുസമീപനം പാർട്ടി നിലപാടിനെ ദുർബലമാക്കി. ന്യൂനപക്ഷ-ഭൂരിപക്ഷ ഒരേപോലെ തുറന്നുകാണിക്കണം. മുസ്ലിം വർഗീയതയുടെ ഗുണഭോക്താവായി ലീഗ് മാറുന്നുണ്ട്.
മതേതര നിലപാടിൽ ഉറച്ചുനിന്നാലേ ഇത് ജനങ്ങളെ ബോധ്യപ്പെടുത്തും വിധം തുറന്നുകാണിക്കാനാകൂ. യു.ഡി.എഫ്. സർക്കാരിന്റെ ലീഗ് അധീശത്വ നടപടികൾ തുറന്നുകാട്ടാനാകണമെന്നും നേതാക്കൾ പറഞ്ഞു.
വീഴ്ചകളുണ്ടായിട്ടുണ്ടെന്നും തിരുത്തലുകൾ നടത്തണമെന്നും എം.വി. ഗോവിന്ദൻ വിശദീകരിച്ചു. ഓഗസ്റ്റിൽ വിപുലീകരിച്ച സംസ്ഥാന സമിതി യോഗം ചേരും. സംഘടനാപരമായ തിരുത്തൽ നടപടികൾ രൂപവത്കരിക്കാനാണിത്.
പ്രതിപക്ഷനേതാവ് പിണറായി വിജയൻ യോഗത്തിൽ പങ്കെടുത്തെങ്കിലും തിരഞ്ഞെടുപ്പ് ഫലത്തെക്കുറിച്ചടക്കം ഒന്നും പറഞ്ഞില്ലെന്നാണ് വിവരം.
Content Highlights: CPM replaces plenary with an expanded state committee meeting for organizational reform., Internal critique regarding approach toward Vellappally Natesan and SDPI
Published: 09 Jun 2026, 07:09 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented