
കോഴിക്കോട്: സ്ട്രൈക്ക് റേറ്റ് നോക്കുമ്പോള്‍ മലബാറിലെ സ്വതന്ത്രപരീക്ഷണങ്ങളാണ് സി.പി.എമ്മിന് കൂടുതല്‍ ലാഭമുണ്ടാക്കിയത്. മുസ്ലിം ലീഗിനോ മുസ്ലിം സമുദായത്തിനോ ഭൂരിപക്ഷമുള്ള മേഖലകളില്‍ ഇതേ പശ്ചാത്തലമുള്ളവരെ രംഗത്തിറക്കി വിജയം നേടുന്ന തന്ത്രം. ഇപ്പോൾ മുഖ്യമന്ത്രിയേയും പാര്‍ട്ടിയേയും വെല്ലുവിളിച്ച് നിലമ്പൂരിലെ സ്വതന്ത്ര എം.എല്‍.എ. പി.വി. അന്‍വര്‍ എത്തുമ്പോള്‍ സി.പി.എം. അഭിമുഖീരിക്കുന്നത് ചരിത്രത്തിലില്ലാത്ത പ്രതിസന്ധിയാണ്. പാര്‍ട്ടി വിശുദ്ധമായി കരുതിയിരുന്ന ഇടങ്ങളിലേക്കെല്ലാം അന്‍വര്‍ കൈചൂണ്ടുകയാണ്, ചെളിവാരിയെറിയുകയാണ്.
നിലമ്പൂരിൽനിന്ന് ഇടത് പിന്തുണയോടെ വിജയിച്ച സ്വതന്ത്ര എം.എല്‍.എ. ആയ പി.വി. അന്‍വര്‍ ഒറ്റയ്ക്ക് ഉയര്‍ത്തിവിട്ട ഇപ്പോഴത്തെ പ്രതിസന്ധികൊണ്ടുമാത്രമല്ല സിപിഎമ്മിന് വെളുക്കാന്‍ തേച്ചത് പാണ്ടാകുന്നത്. ഒരേസമയത്ത് മലബാറിലെ സ്വതന്ത്ര എംഎൽഎമാരെല്ലാം ഒറ്റക്കെട്ടായി രംഗത്തുവന്നതാണ് ഇത്തവണ സി.പി.എമ്മിന് കൂടുതല്‍ പ്രതിസന്ധിയായത്. അതിന്റെയെല്ലാം പരിസമാപ്തിയാണോ, കൂടുതല്‍ കുരുക്കുകളിലേയ്ക്കുള്ള നാന്ദിയാണോ അന്‍വറിന്റെ വെല്ലുവിളിയെന്നാണ് ഇനി അറിയാനുള്ളത്. തന്റെ പാര്‍ക്കിലെ കേബിള്‍ മോഷ്ടിക്കപ്പെട്ടെന്ന പരാതിയിൽ പോലീസ് കാട്ടിയ നിഷ്ക്രിയത്വത്തോടുള്ള അമർഷം, പിണറായി വിജയന്റെ അപ്രമാദിത്വത്തിനെതിരെ പാര്‍ട്ടിയിലെ പടയൊരുക്കം തുടങ്ങി അൻവറിന്റെ ആരോപണങ്ങൾക്കു പിന്നിലെ കാരണം സംബന്ധിച്ചുണ്ടായ നിഗമനങ്ങളെയൊക്കെ തകിടം മറിക്കുന്നതായിരുന്നു പി.വി. അന്‍വറിന്റെ പിന്നീടുള്ള ആരോപണശരങ്ങള്‍.
അന്‍വറിനെ പിന്തുണച്ച് കൊടുവള്ളിയിലെ മുന്‍ എം.എല്‍.എ. കാരാട്ട് റസാഖ് രംഗത്തെത്തിയെങ്കിലും പിന്നീട് പാര്‍ട്ടിയെ പേടിച്ച് പിന്മാറി. പി. ശശിയെ തന്നെ പേരുപറഞ്ഞ് വിമര്‍ശിച്ച കാരാട്ട് റസാഖ്, തങ്ങള്‍ കൂടിയാലോചിച്ചാണ് പരസ്യ വിമര്‍ശനമുന്നയിക്കുന്നതെന്നും ഒരുഘട്ടത്തില്‍ അവകാശപ്പെട്ടിരുന്നു. എന്നാല്‍, അന്‍വര്‍ തന്നെ തള്ളിയതിനു പിന്നാലെ, റസാഖ് തിരിച്ച് അന്‍വറിനേയും കൈവിട്ടു. സ്വതന്ത്രര്‍ക്ക് എന്തും പറയാമെന്ന നിലയുണ്ടെന്ന് കരുതുന്നില്ലെന്ന് പറഞ്ഞ അദ്ദേഹം, പി.വി. അന്‍വറിന് തിരുത്താന്‍ സമയമായെന്നും നിലപാടെടുത്തു.
അന്‍വറിനെ പിന്തുണച്ച് മുന്‍മന്ത്രി കൂടിയായ കെ.ടി. ജലീലും രംഗത്തെത്തിയത് പാര്‍ട്ടിയെ കൂടുതല്‍ പ്രതിസന്ധിയിലാക്കി. ഇനി തിരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്ന് പ്രഖ്യാപിച്ച അദ്ദേഹം ഉദ്യോഗസ്ഥരിലെ കള്ളനാണയങ്ങളെ തുറന്നുകാട്ടാന്‍ പോര്‍ട്ടല്‍ തുടങ്ങുമെന്നും പ്രഖ്യാപിച്ചു. കളങ്കിതരായ ഉദ്യോഗസ്ഥര്‍ക്കെതിരായ 'പോരാട്ട'ത്തിനായി വാട്സാപ്പ് നമ്പറും പുറത്തുവിട്ടു. ഉപ്പുതിന്നവരെ വെള്ളംകുടിപ്പിച്ചേ അടങ്ങൂ എന്ന് പ്രഖ്യാപിച്ച ജലീലിന്റെ ഫെയ്സ്ബുക്ക് പോസ്റ്റിൽ പിന്നീടുവന്ന രക്തസാക്ഷികളെ സംബന്ധിച്ച പരാമര്‍ശവും പാര്‍ട്ടിയില്‍നിന്ന് കൂടുതല്‍ അകലുന്നതായുള്ള സൂചനനല്‍കി. പിന്നീടിങ്ങോട്ട് പാര്‍ട്ടിയേയോ സര്‍ക്കാരിനേയോ പ്രതിക്കൂട്ടിലാക്കുന്ന പ്രസ്താവനകളൊന്നും നടത്താത്ത അദ്ദേഹം പാര്‍ട്ടി വേദികളില്‍ കൂടുതല്‍ സജീവമാണ്.
നിലവില്‍ എം.എല്‍.എയായ പി.ടി.എ. റഹീം സര്‍ക്കാരിനെതിരായ പടപ്പുറപ്പാടില്‍ 'സ്വതന്ത്രചേരി'യില്നിന്ന് തന്ത്രപരമായ അപകലം പാലിച്ചു, വിഷയങ്ങളില്‍ മൗനം പാലിച്ചു. നിലവില്‍ മന്ത്രികൂടിയായ വി. അബ്ദുറഹ്മാന് ഈ വിഷയങ്ങളിലൊന്നും പ്രതികരിച്ചിട്ടില്ല. തന്നെ മറികടന്ന് അബ്ദുറഹ്മാനെ മന്ത്രിയാക്കിയതില്‍ അൻവറിന് നീരസമുണ്ടായിരുന്നെന്നതും രഹസ്യമല്ല. പിണറായി സര്‍ക്കാരില്‍ മന്ത്രിയായിരിക്കുന്ന അബ്ദുറഹ്മാന്റേതും സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കുന്ന അന്‍വറിന്റേതും സമാനമായ രാഷ്ട്രീയ പശ്ചാത്തലമാണ്. ജലീല്‍ ലീഗുകാരനായിരുന്നു. കാരാട്ട് റസാഖും പി.ടി.എ. റഹീമുമാകട്ടെ മുന്‍ ലീഗുകാരും.
ആദ്യം എസ്.പിയേയും പിന്നീട് എ.ഡി.ജി.പിയേയും ഏറ്റവും ഒടുവില്‍ മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറിയെത്തന്നേയും സ്വര്‍ണക്കടത്തില്‍ ബന്ധപ്പെടുത്തിയാണ് അന്‍വര്‍ ആരോപണങ്ങള്‍ ഉന്നയിച്ചത്. അതേനാണയത്തില്‍ മറുപടി നല്കിയ മുഖ്യമന്ത്രി, അന്‍വറിനെ കടത്തുകാരുടെ സംരക്ഷകനാക്കാന് ശ്രമിക്കുകയും അതിന്മേലുള്ള വ്യാഖ്യാനങ്ങള്‍ക്ക് പരസ്യമായി തന്നെ അനുമതി നല്‍കുകയും ചെയ്തു. മുഖ്യമന്ത്രിക്ക് പിന്നാലെ പാര്‍ട്ടിയും തന്നെ തള്ളിയതാണ് അന്‍വറിനെ കൂടുതല്‍ പ്രകോപിപ്പിച്ചത്. പാര്‍ട്ടി സെക്രട്ടേറിയറ്റിന്റെ 'അഭ്യര്‍ഥന' സ്വീകരിച്ച് മിണ്ടാതിരുന്ന അന്‍വറിന്റെ 'ആത്മാഭിമാനം' ഇടിച്ചത് ശശി അത്തരം കാര്യങ്ങളൊന്നും ചെയ്യില്ലെന്ന സി.പി.എം. സംസ്ഥാന സെക്രട്ടറിയുടെ ക്ലീന്ചിറ്റായിരുന്നു.
നിലമ്പൂരിലെ സഖാക്കളെ നിരാശരാക്കുന്ന ഒരു പ്രസ്താവനയുമുണ്ടാവില്ലെന്ന് പ്രഖ്യാപിച്ച അന്‍വര്‍, സര്‍ക്കാരിനേയും പാര്‍ട്ടിയേയും കൂടുതല്‍ പ്രതിസന്ധിയിലാക്കി മുന്നോട്ടുപോകാന്‍ തന്നെയാണ് തീരുമാനമെന്നാണ് പ്രഖ്യാപിക്കുന്നത്. പാര്‍ട്ടിക്ക് വിധേയനാകാനില്ലെന്ന് വ്യക്തമാക്കുന്ന അന്‍വറിനെ ഇനി പാര്‍ട്ടി എന്തുചെയ്യുമെന്നാണ് അറിയേണ്ടത്.
കാഞ്ഞിരപ്പള്ളിയില്‍ സ്വതന്ത്ര എം.എല്‍.എയായി കാലാവധി പൂര്‍ത്തിയാക്കിയ അല്‍ഫോണ്‍സ് കണ്ണന്താനത്തെ പിന്നെക്കണ്ടത് ബി.ജെ.പി. കേന്ദ്രമന്ത്രിയായാണ്. മങ്കടയില്‍ ലീഗിന്റെ മുതിര്‍ന്ന നേതാവ് കെ.പി.എ. മജീദിനെ വിറപ്പിച്ച മഞ്ഞളാംകുഴി അലി പിന്നീടെത്തിയത് മുസ്ലിം ലീഗില്‍. മങ്കടയില്ത്തന്നെ മത്സരിച്ച് മന്ത്രിവരെയായി. ഇതില്‍ കണ്ണന്താനത്തിന്റെ വഴിയേ പോകാന്‍ അന്‍വറിന് സാധിക്കില്ലെന്ന് ഏറെക്കുറേ ഉറപ്പാണ്. മഞ്ഞളാംകുഴി അലിയുടെ വഴി അന്‍വറിന് ഒറ്റയ്ക്ക് തീരുമാനിക്കാനും കഴിയില്ല. സി.പി.എമ്മിനെ ഉപേക്ഷിച്ചുപോയാല്‍ താനുന്നയിക്കുന്ന കാര്യങ്ങള്‍ക്ക് വേണ്ടത്ര ഗൗരവം വരില്ലെന്ന ബോധ്യം മറ്റാരേക്കാളുമുണ്ടാവുക അന്‍വറിന് തന്നെയാണ്. ഇക്കാരണങ്ങൾക്കൊണ്ടുതന്നെ വിധേയനല്ലാത്ത സ്വതന്ത്ര പാര്ട്ടിക്കാരനായാകും അന്‍വര്‍ മുന്നോട്ടുപോകുക എന്നാണ് കരുതേണ്ടത്. അൻവറിന്റെ കാര്യത്തിൽ സിപിഎം ഇനി എന്ത് തീരുമാനിക്കുമെന്നതാണ് ഏവരും ഉറ്റുനോക്കുന്ന കാര്യം.
Content Highlights: CPM independent candidates causing trouble to party after victory
Published: 26 Sept 2024, 07:32 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented