തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍ ഭക്തന്‍ ആണെന്ന എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ വാദം തള്ളി സിപിഎം ജനറല്‍ സെക്രട്ടറി എം.എ.ബേബി.

To advertise here,

പിണറായി വിജയന്‍ സ്വന്തം ചിന്തയിലും വിശ്വാസത്തിലും എങ്ങനെയാണ് കമ്യൂണിസ്റ്റ് മൂല്യങ്ങള്‍ പുലര്‍ത്തുന്നതെന്ന് നേരിട്ട് അറിയുന്നവരില്‍ ഒരാളാണ് താനെന്ന് എം.എ.ബേബി പറഞ്ഞു.

പിണറായി ഭക്തനാണെന്ന് പറഞ്ഞതിനെ വെള്ളാപ്പള്ളിയുടെ നിരീക്ഷണമായി മാത്രമേ കാണേണ്ടതുള്ളൂവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ആഗോള അയ്യപ്പ സംഗമത്തിലൂടെ വളരെ കാലികമായ ഒരു ഇടപെടലാണ് ദേവസ്വം ബോര്‍ഡ് നടത്തിയതെന്നും സിപിഎം ജനറല്‍ സെക്രട്ടറി വ്യക്തമാക്കി.

കമ്യൂണിസ്റ്റുകാര്‍ നിരീശ്വരവാദം പറയുമെങ്കിലും മുഖ്യമന്ത്രിയടക്കം ഭൂരിപക്ഷംപേരും ഭക്തന്മാരാണെന്നും വെള്ളാപ്പള്ളി പറഞ്ഞിരുന്നു. 'ഈ പറയുന്നവരെല്ലാം ആദര്‍ശത്തിന് വേണ്ടി നിരീശ്വരത്വം പറയുമെങ്കിലും അയ്യപ്പനെ കാണാന്‍ വരുന്നവരില്‍ 90 ശതമാനവും കമ്യൂണിസ്റ്റുകാരാണ്. പണ്ട് ഏതാണ്ടൊക്കെ പറഞ്ഞിട്ടുണ്ടെങ്കിലും പിണറായി തന്നെ രണ്ട് തവണ ഇവിടെ വന്നിട്ടുണ്ട്. ഭക്തനല്ലെങ്കില്‍ അദ്ദേഹത്തിന് ഇവിടെ വരാന്‍ സാധിക്കുമോ. ഇവര്‍ക്കൊക്കെ മനസ്സില്‍ ഭക്തിയുണ്ട്. അയ്യപ്പനെ ഇന്ന് അദ്ദേഹം ഹൃദയം കൊണ്ട് സ്വീകരിച്ചില്ലേ' എന്നും വെള്ളാപ്പള്ളി പറയുകയുണ്ടായി.