ആലപ്പുഴ: സമീപകാലത്തെ തിരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ സിപിഎം ആലപ്പുഴ ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തിൽ പിണറായി വിജയനും എം.വി. ഗോവിന്ദനും എതിരെ കടുത്ത വിമർശനം. പിണറായി വിജയൻ പ്രതിപക്ഷ നേതൃസ്ഥാനത്ത് നിന്ന് മാറണമെന്നും പാർട്ടി സംസ്ഥാന സെക്രട്ടറി ഒരു ബ്രാഞ്ച് സെക്രട്ടറിയുടെ നിലവാരത്തിൽ മാത്രമാണ് സംസാരിക്കുന്നതെന്നും യോഗത്തിൽ ആക്ഷേപം ഉയർന്നു. മുതിർന്ന നേതാവ് ജി. സുധാകരനെ തിരഞ്ഞെടുപ്പ് രംഗത്ത് സജീവമാക്കാത്തത് തിരിച്ചടിക്ക് കാരണമായെന്നും സംസ്ഥാന കമ്മിറ്റിയിൽ അഴിച്ചുപണി വേണമെന്നും അംഗങ്ങൾ ആവശ്യപ്പെട്ടു.

To advertise here,

പാർട്ടിക്കുള്ളിലെ വിഭാഗീയതയും സ്ഥാനാർഥി നിർണ്ണയത്തിലെ പാളിച്ചകളും ജില്ലയിലെ പരാജയത്തിന് ആക്കം കൂട്ടിയതായി റിപ്പോർട്ട് വിലയിരുത്തുന്നു. നേതൃത്വത്തിന്റെ വീഴ്ചകൾ ഇത്രയും പരസ്യമായി ചോദ്യം ചെയ്യപ്പെടുന്നത് പാർട്ടി നേരിടുന്ന വലിയ ആഭ്യന്തര പ്രതിസന്ധിയുടെ സൂചനയായാണ് വിലയിരുത്തപ്പെടുന്നത്.

ജി. സുധാകരനെ സ്ഥാനാർഥിയാക്കിയിരുന്നുവെങ്കിൽ ആലപ്പുഴ ജില്ലയിലെ കനത്ത പരാജയം ഒഴിവാക്കാമായിരുന്നുവെന്നും സംസ്ഥാന കമ്മിറ്റി പുനഃസംഘടിപ്പിക്കണമെന്നും യോഗത്തിൽ അഭിപ്രായമുയർന്നു. പിണറായി വിജയനെതിരെ ഒരു വാക്ക് പോലും ഉന്നയിക്കാൻ നേരത്തെ ഏതെങ്കിലും ഒരു ഘടകം തയ്യാറായിരുന്നില്ല. എന്നാൽ കനത്ത തിരഞ്ഞെടുപ്പ് തോൽവിക്ക് ശേഷം അടുത്തിടെ കൂടിയ ജില്ലാ കമ്മിറ്റികൾ അല്ലെങ്കിൽ ജില്ലാ നേതൃത്വയോഗങ്ങളിലെല്ലാം പിണറായി വിജയനും എം.വി. ഗോവിന്ദനും എതിരെ കടുത്ത ഭാഷയിലുള്ള വിമർശനം ഉയരുന്നുണ്ട്. ഇന്ന് ചേർന്ന ആലപ്പുഴ ജില്ലാ സെക്രട്ടറിയറ്റ് യോഗത്തിലും സമാനമായ രീതിയിലുള്ള വിമർശനം ഉയർന്നു. ഒന്നുകിൽ ജി. സുധാകരനെ പാർട്ടിയിൽ നിന്ന് ആദ്യഘട്ടത്തിൽ തന്നെ പുറത്താക്കണമായിരുന്നു അല്ലെങ്കിൽ തിരഞ്ഞെടുപ്പ് അടുത്ത ഘട്ടത്തിൽ അദ്ദേഹം പാർട്ടി വിടുന്നത് ഒഴിവാക്കാനുള്ള നടപടികൾ സ്വീകരിക്കണമായിരുന്നു എന്നും വിമർശനമുയർന്നു.