കോഴിക്കോട്: പി.വി. അന്‍വര്‍ എം.എല്‍.എയ്ക്ക് പിന്നാലെ സി.പി.എമ്മുമായി കൊമ്പുകോര്‍ക്കാനൊരുങ്ങി സി.പി.എം. സഹയാത്രികനും മുന്‍ കൊടുവള്ളി എം.എല്‍.എയുമായ കാരാട്ട് റസാഖ്. മന്ത്രി മുഹമ്മദ് റിയാസിനെതിരെ കടുത്ത വിമര്‍ശനവുമായാണ് രംഗത്തെത്തിയിരിക്കുന്നത്. താന്‍ നടപ്പാക്കിയ വികസന പ്രവര്‍ത്തനങ്ങള്‍ പാര്‍ട്ടിയുടെ പ്രാദേശിക ഘടകങ്ങളും മുസ്ലിം ലീഗുമായും ചേര്‍ന്ന് മുഹമ്മദ് റിയാസ് അട്ടിമറിക്കുന്നുവെന്നാണ് റസാഖിന്റെ ആരോപണം. പരാതികള്‍ പാര്‍ട്ടിയില്‍ നല്‍കിയിട്ടുണ്ട്, പരിഗണിക്കുന്നില്ലെങ്കില്‍ മറ്റ് വഴികള്‍ തേടേണ്ടിവരുമെന്നും റസാഖ് മുന്നറിയിപ്പ് നല്കി.
മുഹമ്മദ് റിയാസ് അട്ടിമറിച്ച വികസന പ്രവര്‍ത്തനങ്ങള്‍ പാര്‍ട്ടി ഇടപെട്ട് തിരുത്താന്‍ കഴിയുന്നതേയുള്ളൂവെന്നും കാരാട്ട് റസാഖ് പറഞ്ഞു. പത്ത് ദിവസത്തിനുള്ളില്‍ ഇത് പരിഗണിച്ചില്ലെങ്കില്‍ മറ്റ് വഴികള്‍ തേടും. മദ്രസ ബോര്‍ഡ് ചെയര്മാന് സ്ഥാനം മാറാനുള്ള അറിയിപ്പ് ഇതുവരെ ലഭിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. അന്‍വറിന്റെ കൂടെ പ്രവര്‍ത്തിക്കുമോയെന്ന ചോദ്യത്തിന് അതൊന്നും തീരുമാനിച്ചിട്ടില്ലെന്നും പുതിയ പാര്‍ട്ടി ഉണ്ടാക്കുന്നതും നിലവിലുള്ള പാര്‍ട്ടികളില്‍ ചേരുന്നതും അന്‍വറിനൊപ്പം പ്രവര്‍ത്തിക്കുന്നതുമുള്‍പ്പെടെ നിരവധി മാര്ഗങ്ങളുണ്ടെന്നുമായിരുന്നു പ്രതികരണം.
താന്‍ മണ്ഡലത്തിലേക്ക് കൊണ്ടുവന്ന പല വലിയ പദ്ധതികളും മുഹമ്മദ് റിയാസും ലോക്കല്‍ കമ്മിറ്റിയും ഏരിയ കമ്മിറ്റിയും മുസ്ലിം ലീഗുമായി ചേര്‍ന്ന് അട്ടിമറിച്ചിരിക്കുകയാണ്. താന്‍ കൊണ്ടുവന്ന പദ്ധതികള്‍ നടപ്പാകരുതെന്ന് ആഗ്രഹിക്കുന്നവരാണ് മുസ്ലിം ലീഗ്. അതിന് സഹായിക്കുന്നത് സി.പി.എം. കൊടുവള്ളി ലോക്കല്‍ സെക്രട്ടറിയും താമരശ്ശേരി ഏരിയ സെക്രട്ടറുമാണ്. ഇവര്‍ക്ക് എല്ലാ പിന്തുണയും നല്കി പദ്ധതികളെ പൂര്‍ണമായും അട്ടിമറിക്കുന്നത് മുഹമ്മദ് റിയാസാണെന്നും കാരാട്ട് റസാഖ് കുറ്റപ്പെടുത്തി.
ഇക്കാര്യത്തില്‍ മന്ത്രി മുഹമ്മദ് റിയാസ് സ്വീകരിക്കുന്ന നിലപാടിനോടും പാര്‍ട്ടിയുടെ നിലപാടിനോടും യോജിക്കാന്‍ കഴിയില്ല. മുസ്ലിം ലീഗ് വിട്ടുവന്ന ഒരാള്‍ നടത്തുന്ന വികസന പദ്ധതികള്‍ തടയാനും വരാതിരിക്കാനും ആയിരിക്കും ലീഗ് പ്രവര്‍ത്തിക്കുന്നത്. അതിന് ഇവര്‍ പിന്തുണ നല്‍കുന്നത് ശരിയല്ലെന്നാണ് കാരാട്ട് റസാഖ് പറയുന്നത്. പല തവണ ഇക്കാര്യങ്ങള്‍ റിയാസിന്റെ ശ്രദ്ധയില്‍ പെടുത്തിയിരുന്നെങ്കിലും പരിശോധിക്കാമെന്ന് മാത്രമാണ് മറുപടി ലഭിച്ചതെന്നും അദ്ദേഹം പറഞ്ഞു.
'ഇക്കാര്യങ്ങളെല്ലാം ജില്ലാ കമ്മിറ്റിയിലും സംസ്ഥാന കമ്മിറ്റിയും അറിയിക്കുകയും മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പെടുത്തുകയും ചെയ്തിട്ടുണ്ട്. കുറച്ച് കാത്തിരിക്കണമെന്നാണ് മോഹനന് മാഷ് പറഞ്ഞിട്ടുള്ളത്. അതുകൊണ്ടുതന്നെ പ്രതീക്ഷ പൂര്‍ണമായും നഷ്ടപ്പെട്ടിട്ടില്ല. പിണറായി വിജയന്, എം.വി.ഗോവിന്ദന് തുടങ്ങിയവരെല്ലാം നല്ല വ്യക്തിത്വങ്ങളാണ് അവരുമായൊന്നും അഭിപ്രായ വ്യത്യസങ്ങളില്ല. മുഹമ്മദ് റിയാസ് പൊതുവെ ഹൈജാക്ക് ചെയ്യുകയാണെന്ന ആരോപണങ്ങള്‍ ഇല്ല' - കാരാട്ട് റസാഖ് പറയുന്നു.
മുസ്ലിം ലീഗിലേക്ക് ഒരിക്കലും തിരിച്ചുപോകില്ല. ആ പാര്‍ട്ടിയിലെ അണികളെല്ലാം നല്ലവരാണ്. എന്നാല്‍, ചില നേതാക്കളുടെ നിലപാടുകളോട് ചേര്‍ന്ന് പോകാനാകില്ല. അതുകൊണ്ടുതന്നെ മടങ്ങിപ്പോകില്ലെന്നും റസാഖ് ഉറപ്പിച്ച് പറയുന്നു. സി.പി.എം. ബന്ധം ഉപേക്ഷിച്ചാല്‍ ഒന്നുകില്‍ പുതിയ പാര്‍ട്ടി രൂപീകരിക്കും അല്ലെങ്കില്‍ മറ്റ് രാഷ്ട്രിയ പാര്‍ട്ടിയുമായി സഹകരിക്കും. അന്‍വര്‍ വിളിച്ചിരുന്നു, അദ്ദേഹത്തിനൊപ്പം യോജിച്ച് പ്രവര്‍ത്തിക്കാന്‍ സാധിക്കുമോയെന്ന് പരിശോധിക്കുമെന്നും റസാഖ് പറഞ്ഞു.
Content Highlights: CPIM Ally Karat Razak to Break Ties with Party Accuses Minister Riyas of Sabotage
Published: 26 Oct 2024, 01:53 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented