തിരുവനന്തപുരം: കേന്ദ്രസർക്കാരിനെതിരേ ഡൽഹിയിൽ സെപ്റ്റംബർ ഒന്നിനു നടക്കുന്ന സമരത്തിൽ പങ്കെടുക്കാൻ സി.പി.ഐ. ബുക്ക് ചെയ്തിരുന്ന പ്രത്യേക തീവണ്ടികൾ റദ്ദാക്കി. സമരത്തെ നേരിടാൻ കേന്ദ്രസർക്കാർ ജനാധിപത്യവിരുദ്ധ മാർഗം ഉപയോഗിക്കുകയാണെന്ന് സി.പി.ഐ. സംസ്ഥാനസെക്രട്ടറി ബിനോയ് വിശ്വം പത്രസമ്മേളനത്തിൽ ആരോപിച്ചു.

To advertise here,

രാജ്യത്തിന്റെ വിവിധ സംസ്ഥാനങ്ങളിൽനിന്നായി ഒരു ലക്ഷം പേരാണ് സമരത്തിൽ പങ്കെടുക്കാൻ തീരുമാനിച്ചത്. കേരളം ഉൾപ്പെടെ വിവിധ സംസ്ഥാനങ്ങളിൽനിന്ന് പ്രത്യേക തീവണ്ടികൾ ബുക്ക് ചെയ്തിരുന്നു. സംസ്ഥാനത്ത് നിന്ന് 22 ബോഗികൾ അടങ്ങുന്ന ട്രെയിനാണ് ബുക്ക് ചെയ്തിരുന്നത്. അഡ്വാൻസ് തുക ആയി പത്തുലക്ഷം രൂപ അടയ്ക്കുകയുംചെയ്തു. പണം തിരിച്ചുനൽകിയതു കണ്ട് അന്വേഷിച്ചപ്പോഴാണ് ട്രെയിൻ റദ്ദാക്കിയ വിവരം അറിയുന്നതെന്ന് ബിനോയ് വിശ്വം പറഞ്ഞു. തമിഴ്‌നാട്, തെലങ്കാന, ആന്ധ്ര ഇവിടെനിന്നെല്ലാം പ്രത്യേകം ട്രെയിൻ ബുക്ക് ചെയ്തിരുന്നു. ഇവർക്കെല്ലാം ഇതേ അനുഭവമാണ് ഉണ്ടായിരിക്കുന്നത്. എന്ത് ന്യായീകരണം പറഞ്ഞാലും രാഷ്ട്രീയമാണ് കാരണമെന്ന് എല്ലാവർക്കും ബോധ്യപ്പെടുന്നതാണെന്നും അദ്ദേഹം പറഞ്ഞു.

മുന്നോട്ടു പോകാനാണ് തീരുമാനമെന്നും സാധ്യമായ എല്ലാ വഴിയിൽക്കൂടിയും കേരളത്തിലെ പ്രവർത്തകരും നേതാക്കളും ഡൽഹിയിലെത്തുമെന്നും ബിനോയ് വിശ്വം പറഞ്ഞു. ട്രെയിൻ റദ്ദാക്കിയതിൽ പ്രതിഷേധിച്ച് വെള്ളിയാഴ്ച ജില്ലകളിലെ പ്രധാന റെയിൽവേസ്റ്റേഷനുകളിലേക്ക് മാർച്ച് നടത്തും.

നിയമസഭയിലെ ഉപ നേതൃസ്ഥാനം വേണമെന്ന ആവശ്യത്തിൽനിന്ന് പിന്നോട്ടില്ലെന്നും എൽ.ഡി.എഫ്. യോഗത്തിൽ ഇത് ചർച്ച ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.