“നമുക്കിനി ഒന്നിച്ച് യാത്രകൾ പോകാം”. അന്നുമുതൽ മൂവാറ്റുപുഴ നാളിയത്ത് എൻ.എം. സലിമിനെയും (69) ഭാര്യ സീനത്തിനെയും (63) കൊണ്ട് ചേതക്ക് പലനാടുകൾ ചുറ്റി

പത്തനംതിട്ടയിൽ വിന്റേജ് ക്ലാസിക് സ്കൂട്ടർ ക്ലബിന്റെ സംഗമത്തിൽ പങ്കെടുക്കാനെത്തിയ സലിമും ഭാര്യ സീനത്തും
പത്തനംതിട്ട: പലനാടുകളിലെ കാഴ്ചകൾതേടി യാത്രപോകണമെന്നത് സീനത്തിന്റെ വലിയ സ്വപ്‌നമായിരുന്നു. ബസിലും കാറിലും ദൂരങ്ങൾ താണ്ടാൻ പ്രയാസം. തലചുറ്റലും ഛർദിയുമൊക്കെ ശരീരം തളർത്തിയതോടെ വീട്ടിലിരിപ്പായി. മക്കളെ വളർത്തുന്ന തിരക്കിൽ സ്വപ്‌നം ഉള്ളിലൊതുക്കി. എന്നാൽ സീനത്തിന്റെ ഉള്ളറിഞ്ഞ ഭർത്താവ് സലിം, കാൽനൂറ്റാണ്ട് പ്രായമായ തന്റെ ചേതക്കിലേക്ക് ഭാര്യയെ ചേർത്തിരുത്തി മൂന്നുവർഷം മുൻപ് പറഞ്ഞു- “നമുക്കിനി ഒന്നിച്ച് യാത്രകൾ പോകാം”. അന്നുമുതൽ മൂവാറ്റുപുഴ നാളിയത്ത് എൻ.എം. സലിമിനെയും (69) ഭാര്യ സീനത്തിനെയും (63) കൊണ്ട് ചേതക്ക് പലനാടുകൾ ചുറ്റി.
2022-ൽ വീട്ടിൽനിന്ന് 125 കിലോമീറ്റർ അകലെയുള്ള മറയൂരിലേക്കായിരുന്നു ആദ്യയാത്ര. പിന്നീട് ധനുഷ്‌കോടി, രാമേശ്വരം, മൂന്നാർ, ഊട്ടി തുടങ്ങിയ ഇടങ്ങളിലേക്ക് ജീവിതപാത നീണ്ടു. കേരളത്തിലെ മിക്കയിടത്തേക്കും യാത്ര പോയിട്ടുണ്ട്.
ചേതക്കിൽ മാത്രമാണ് ഈ യാത്രകളെല്ലാം. ഡ്രൈവറും മെക്കാനിക്കും സലിം തന്നെ. ആറുവർഷം മെക്കാനിക്കായി ജോലിചെയ്തതിന്റെ പരിചയമുണ്ട്. 1999-ൽ 13,000 രൂപയ്ക്ക് സ്വന്തം പേരിൽ വാങ്ങിയതാണ് സ്കൂട്ടർ. ചേതക്കിലെ ദൂരയാത്രകൾ സുഖകരമാണെന്നും ഭാര്യയോടൊത്താകുമ്പോൾ അത് കൂടുതൽ സുന്ദരമാകുന്നെന്നും സലിം പറയുന്നു. നേരത്തേ ഓട്ടോ ഡ്രൈവറായിരുന്നു.
ഞായറാഴ്ച പത്തനംതിട്ടയിൽ നടന്ന വിന്റേജ് ക്ലാസിക് സ്‌കൂട്ടർ ക്ലബ്ബിന്റെ സംഗമത്തിൽ മൂവാറ്റുപുഴയിൽനിന്ന് സീനത്തുമായാണ് സലിം എത്തിയത്. പേരക്കുട്ടി പഠിക്കുന്ന ബെംഗളൂരുവിലേക്കൊരു യാത്രയുടെ തയ്യാറെടുപ്പിലാണ് സലിമും സീനത്തും. “അഞ്ചോ ആറോ വർഷം കഴിയുമ്പോൾ പുറത്തുപോകണമെങ്കിൽ മക്കൾ കൊണ്ടുപോകേണ്ട അവസ്ഥയാകും. അതിനുമുന്നേ നാടുകാണണം. പ്രായം തളർത്തുന്നതിന് മുന്നേ ഒരുമിച്ച് കുറേ യാത്രപോകണം.” സീനത്തിന്റെ വാക്കുകളിൽ യാത്രകളോടുള്ള അടങ്ങാത്ത പ്രണയം. നജീബ്, നെജിയ, നെസിയ എന്നിവരാണ് മക്കൾ.
Content Highlights: Dreams Bloomed on a Scooter: Salim and Zeenath with Age-Defying Journeys
Published: 21 Oct 2025, 07:27 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented