പറവൂര്‍: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ കീഴിലുള്ള ദക്ഷിണ മൂകാംബികക്ഷേത്രം ശ്രീകോവിലിനുള്ളില്‍ കയറി ഭക്തദമ്പതിമാര്‍ വിഗ്രഹത്തില്‍ മാലചാര്‍ത്താന്‍ ശ്രമം നടത്തി. ശ്രീകോവിലിന്റെ രണ്ട് ചവിട്ടുപടികള്‍ കയറി ശ്രീലകത്ത് എത്തുംമുന്‍പ് മേല്‍ശാന്തിയെത്തിയാണ് ഇവരെ പിന്തിരിപ്പിച്ചത്. ഇതുമൂലം ക്ഷേത്രത്തില്‍ ബുധനാഴ്ച വൈകീട്ട് പരിഹാരക്രിയയും ശുദ്ധികലശവും നിശ്ചയിച്ചിട്ടുണ്ട്.

To advertise here,

തിങ്കളാഴ്ച വൈകീട്ടാണ് ദര്‍ശനത്തിനെത്തിയ ഉത്തരേന്ത്യയില്‍ നിന്നുള്ള ദമ്പതിമാര്‍ വിഗ്രഹത്തില്‍ നേരിട്ട് മാലചാര്‍ത്താനുള്ള ഉദ്ദേശ്യത്തോടെ ശ്രീകോവിലിനുള്ളില്‍ പ്രവേശിക്കാന്‍ ശ്രമിച്ചത്. ഈ സമയം മേല്‍ശാന്തി ശ്രീകോവിലിന് പുറത്തായിരുന്നു. മാലയുമായി ഇവര്‍ നില്‍ക്കുന്നതുകണ്ട ചിലര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് മേല്‍ശാന്തിയെത്തി ഇവരെ പുറത്താക്കുകയായിരുന്നു.

ഉത്തരേന്ത്യയിലെ ക്ഷേത്രങ്ങളില്‍ വിഗ്രഹങ്ങളില്‍ ഭക്തര്‍ നേരിട്ട് മാലചാര്‍ത്തുന്ന രീതിയുണ്ട്. ഇവിടെ അത്തരത്തില്‍ ചെയ്യാമെന്ന് തെറ്റിദ്ധരിച്ചാണ് ഇവര്‍ ശ്രീകോവിലില്‍ പ്രവേശിച്ചതെന്നാണ് അറിയുന്നത്. രാത്രി ക്ഷേത്രം തന്ത്രിയെത്തി പുണ്യാഹം നടത്തി.