സുല്‍ത്താന്‍ബത്തേരി: പ്രിയങ്കാഗാന്ധിയെ കാണാനാകാത്തതിനെത്തുടര്‍ന്ന് കോണ്‍ഗ്രസ് നേതൃത്വത്തിനെതിരേ അമര്‍ഷവുമായി രംഗത്തെത്തിയ എന്‍.എം. വിജയന്റെ മകനെയും മരുമകളെയും അനുനയിപ്പിച്ച് കോണ്‍ഗ്രസ് നേതൃത്വം. കെപിസിസി വര്‍ക്കിങ് പ്രസിഡന്റ് ടി. സിദ്ദിഖ് എംഎല്‍എയും കെപിസിസി രാഷ്ട്രീയകാര്യസമിതിയംഗം എ.പി. അനില്‍കുമാര്‍ എംഎല്‍എയുമാണ് കല്പറ്റയിലേക്ക് വിളിപ്പിച്ച് തിങ്കളാഴ്ച കുടുംബവുമായി ചര്‍ച്ചനടത്തിയത്.

To advertise here,

എന്‍.എം. വിജയന്റെ ബാധ്യതകള്‍ തീര്‍ക്കുന്നതുസംബന്ധിച്ച് കരാറാക്കിയെന്നും ഇത് തയ്യാറാക്കാന്‍ കൊടുത്തിരിക്കുകയാണെന്നും എന്‍.എം. വിജയന്റെ മകന്‍ വിജേഷ് മാതൃഭൂമിയോടുപറഞ്ഞു. കരാറായശേഷം വിവരങ്ങള്‍ പറയാം. കരാര്‍ വേണമെന്ന് തങ്ങള്‍ ആവശ്യപ്പെട്ടതാണെന്നും വിജേഷ് പറഞ്ഞു.

''അവര്‍ വിളിച്ചതനുസരിച്ചാണ് തിങ്കളാഴ്ച ഉച്ചയോടെ ഭാര്യ പദ്മജയ്‌ക്കൊപ്പം കല്പറ്റയിലെത്തിയത്. അരമണിക്കൂറോളം സംസാരിച്ചു. ഞായറാഴ്ച പദ്മജ കാണാന്‍ കാത്തിരുന്നകാര്യം പ്രിയങ്കാഗാന്ധി അറിഞ്ഞിരുന്നില്ലെന്ന് നേതാക്കള്‍ പറഞ്ഞു. കരാര്‍ കിട്ടിയശേഷം കൂടുതല്‍ കാര്യങ്ങള്‍ പറയാം'' -വിജേഷ് വ്യക്തമാക്കി.

എന്‍.എം. വിജയന്റെ സാമ്പത്തികബാധ്യതകള്‍ ഏറ്റെടുക്കാമെന്ന് ഉറപ്പുനല്‍കിയ കോണ്‍ഗ്രസ് നേതൃത്വം അത് പാലിച്ചില്ലെന്നാരോപിച്ച് മകനും മരുമകളും ഞായറാഴ്ച മാധ്യമങ്ങളെ കണ്ടിരുന്നു. ബത്തേരി ഗജയിലെ ചടങ്ങിനെത്തിയ പ്രിയങ്കാഗാന്ധി എംപിയെ നേരില്‍ക്കാണാന്‍ ശ്രമിച്ചെങ്കിലും സാധിച്ചിരുന്നില്ല. ഇതേത്തുടര്‍ന്നാണ് മാധ്യമങ്ങള്‍ക്കുമുന്‍പില്‍ പ്രതിഷേധവുമായി ഇവരെത്തിയത്.

രണ്ടരക്കോടിയിലേറെ രൂപയുടെ കടബാധ്യതകള്‍ തീര്‍ക്കാന്‍ ആകെ 10 ലക്ഷംരൂപയാണ് കെപിസിസി നല്‍കിയതെന്നും കടക്കാര്‍ നിരന്തരം വീട്ടില്‍ കയറിയിറങ്ങുകയും ധനകാര്യസ്ഥാപനങ്ങള്‍ നോട്ടീസ് അയക്കുകയുമാണെന്ന് ഇരുവരും പറഞ്ഞിരുന്നു.

അവസാനംവരെയും പോരാടുമെന്നും കുടുംബത്തിന് എന്തെങ്കിലും സംഭവിച്ചാല്‍ ഐ.സി. ബാലകൃഷ്ണന്‍ എംഎല്‍എ ആയിരിക്കും ഉത്തരവാദിയെന്നും പറഞ്ഞിരുന്നു.

അതേസമയം 10 ലക്ഷംരൂപ നല്‍കിയതിനുപുറമേ ബാങ്കുകളിലെ ബാധ്യതാവിവരങ്ങള്‍ കെപിസിസി തേടിയിട്ടുണ്ടെന്നാണ് വിവരം. ടി. സിദ്ദിഖാണ് ഈ കാര്യങ്ങളില്‍ ഇടപെടുന്നതെന്ന് കുടുംബം പറയുന്നു.

ഇടവേളയ്ക്കുശേഷം വീണ്ടും തലപൊക്കി കോണ്‍ഗ്രസില്‍ വിവാദം

സുല്‍ത്താന്‍ബത്തേരി: ഏറെ രാഷ്ട്രീയവിവാദങ്ങളുയര്‍ത്തിയ എന്‍.എം. വിജയന്റെയും മകന്റെയും ആത്മഹത്യ കുടുംബത്തിന്റെ കഴിഞ്ഞദിവസത്തെ പ്രതികരണത്തോടെ വീണ്ടും ചൂടുപിടിക്കുന്നു. ഐ.സി. ബാലകൃഷ്ണന്‍ എംഎല്‍എ, ഡിസിസി പ്രസിഡന്റ് എന്‍.ഡി. അപ്പച്ചന്‍, മുന്‍നേതാവ് കെ.കെ. ഗോപിനാഥന്‍ എന്നിവരുടെ അറസ്റ്റിനും ജാമ്യത്തിനുംശേഷം രാഷ്ട്രീയകോലാഹലങ്ങള്‍ ഒഴിഞ്ഞുനില്‍ക്കുമ്പോഴാണ് ഞായറാഴ്ച വീണ്ടും കുടുംബം പാര്‍ട്ടിനേതൃത്വത്തിനെതിരേ രംഗത്തെത്തിയത്.

തുടക്കത്തിലും പാര്‍ട്ടിക്കെതിരേ കുടുംബം രംഗത്തെത്തിയെങ്കിലും കെപിസിസി പ്രസിഡന്റ് കെ. സുധാകരന്‍ വീട്ടിലെത്തി സംസാരിച്ചതോടെ വിവാദം മഞ്ഞുപോലെ ഉരുകിയിരുന്നു. പിന്നീട് പ്രതിപക്ഷനേതാവ് വി.ഡി. സതീശനും പ്രിയങ്കാഗാന്ധിയും രമേശ് ചെന്നിത്തലയുമടക്കം വീട്ടിലെത്തി കുടുംബത്തിന് പിന്തുണ അറിയിച്ചിരുന്നു. കെപിസിസി സഹായിച്ചില്ലെങ്കില്‍ എന്‍.എം. വിജയന്റെ ബാധ്യതകള്‍ ഏറ്റെടുക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും പറഞ്ഞിരുന്നു.

തുടക്കത്തില്‍ വളരെശക്തമായി വിഷയത്തില്‍ പ്രതിഷേധവുമായെത്തിയ സിപിഎം, ഡിവൈഎഫ്ഐ തുടങ്ങിയ സംഘടനകള്‍ എംഎല്‍എയുടെ അറസ്റ്റോടെ പ്രതിഷേധത്തിന്റെ ശക്തി കുറച്ചു. എംഎല്‍എയാണ് ഉത്തരവാദിയെന്നനിലയില്‍ കുടുംബത്തിന്റെ പ്രതികരണമുണ്ടായതോടെ കഴിഞ്ഞദിവസം ബത്തേരി ഏരിയാകമ്മിറ്റി കുടുംബത്തിന് പിന്തുണയുമായെത്തി. ബാക്കിയുള്ളവരെക്കൂടി ബലികൊടുക്കരുതെന്നും പ്രിയങ്കഗാന്ധിയുടെ നിലപാടില്‍ കോണ്‍ഗ്രസ് മാപ്പുപറയണമെന്നുമാണ് പ്രസ്താവനയില്‍ സിപിഎം ആവശ്യപ്പെട്ടത്. വിഷയം വീണ്ടും ആയുധമാക്കാന്‍ ഇടതുപക്ഷം ഒരുങ്ങുമ്പോള്‍ അതിന് ഇടനല്‍കാതിരിക്കാനുള്ള ശ്രമമാണ് കോണ്‍ഗ്രസ് നേതൃത്വം നടത്തുന്നത്.

തിങ്കളാഴ്ച കുടുംബത്തെ അനുനയിപ്പിക്കാന്‍ ചര്‍ച്ചനടത്തിയതും ഇതിന്റെ ഭാഗമാണ്. എന്‍.എം. വിജയന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട വിഷയം മുന്‍പ് ജില്ലാ കോണ്‍ഗ്രസ് നേതൃത്വത്തെയാണ് പ്രതിക്കൂട്ടില്‍ നിര്‍ത്തിയിരുന്നത്.

ഇപ്പോള്‍ കെപിസിസിയെയും പ്രിയങ്കാഗാന്ധിയെയും അടക്കം ബാധിക്കുന്ന തരത്തിലേക്ക് മാറിയതായാണ് കോണ്‍ഗ്രസിനുള്ളില്‍ത്തന്നെയുള്ള വിലയിരുത്തല്‍.