കല്‍പറ്റ: വയനാട്ടില്‍ ആത്മഹത്യ ചെയ്ത ഡിസിസി ട്രഷറര്‍ എന്‍.എം. വിജയന്റെ കുടുംബത്തെ അനുനയിപ്പിക്കാനുള്ള ശ്രമങ്ങളുമായി കോണ്‍ഗ്രസ് നേതൃത്വം. എ.പി. അനില്‍കുമാര്‍ എംഎല്‍എയുടെ നേതൃത്വത്തിലുള്ള സംഘം വൈകാതെ എന്‍.എം. വിജയന്റെ കുടുംബവുമായി ചര്‍ച്ച നടത്തും. കുടുംബം പാര്‍ട്ടിക്കെതിരെ പരസ്യപ്രതികരണം ശക്തമാക്കിയതോടെയാണ് കോണ്‍ഗ്രസിന്റെ പുതിയ നീക്കം. വിഷയത്തില്‍ 10 ദിവസത്തിനകം നടപടിയെടുത്തില്ലെങ്കില്‍ പല നേതാക്കളുടേയും യഥാര്‍ത്ഥ മുഖം വെളിപ്പെടുത്തുമെന്ന് കുടുംബം പറഞ്ഞിരുന്നു. പിന്നാലെയാണ് അനുനയത്തിനുള്ള നീക്കങ്ങളുമായി കോണ്‍ഗ്രസ് രംഗത്തെത്തിയത്. 

To advertise here,

പത്തുലക്ഷം രൂപ നല്‍കുകയല്ലാതെ മറ്റ് സഹായങ്ങളൊന്നും പാര്‍ട്ടി നല്‍കിയിട്ടില്ല, എന്നും എന്തിനും ഒപ്പമുണ്ടാകും എന്ന് പറഞ്ഞ നേതാക്കളാരും പിന്നീട് എത്തിനോക്കുക പോലും ചെയ്തിട്ടില്ല എന്നുമായിരുന്നു കുടുംബത്തിന്റെ ആരോപണം. തങ്ങള്‍ എന്തെങ്കിലും കടുംകൈ ചെയ്താല്‍പോലും അതിന് ഉത്തരവാദി ഐ.സി. ബാലകൃഷ്ണന്‍ എംഎല്‍എ ആയിരിക്കും എന്നും കുടുംബം മാധ്യമങ്ങളോട് പറഞ്ഞിരുന്നു. 

ഡിസംബറിലെ കണക്കുപ്രകാരം രണ്ടര കോടി രൂപയുടെ കടമാണ് ഉള്ളത്. അതില്‍ 10 ലക്ഷം രൂപ മാത്രമാണ് കെപിസിസി നേതൃത്വം ഇതുവരെ നല്‍കിയിട്ടുള്ളത്. ഇത്രയും വലിയ കടബാധ്യത തങ്ങളെ കൊണ്ട് വീട്ടിത്തീര്‍ക്കാന്‍ കഴിയില്ല എന്ന വസ്തുത പല തവണയായി കെപിസിസി നേതൃത്വത്തേയും വയനാട് എംപി പ്രിയങ്കാ ഗാന്ധിയടക്കം മറ്റ് കോണ്‍ഗ്രസ് നേതാക്കളേയും പലതവണ കണ്ട് പറഞ്ഞിരുന്നതായി എന്‍.എം. വിജയന്റെ കുടുംബം പറയുന്നു. 

പറഞ്ഞ വാക്കുകള്‍ക്ക് വിലനല്‍കാത്ത രീതിയിലേക്ക് കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്വം മാറുന്നു എന്ന സ്ഥിതി വന്നതോടെയാണ് ഇതുസംബന്ധിച്ച് പരാതി ഉന്നയിക്കാനായി കഴിഞ്ഞ ദിവസം പ്രിയങ്കാ ഗാന്ധിയെ കാണാന്‍ കുടുംബം ശ്രമിച്ചത്. എന്നാല്‍ സ്ഥലത്തെ പ്രാദേശിക നേതാക്കള്‍ ചേര്‍ന്ന് തങ്ങളെ തടഞ്ഞുവെക്കുകയായിരുന്നു എന്നായിരുന്നു കുടുംബം ഇന്നലെ ആരോപിച്ചത്. ഇനി, പത്തുദിവസം കൂടി നല്‍കുമെന്നും അതിനുള്ളില്‍ പ്രശ്‌നപരിഹാരം കാണാത്ത പക്ഷം കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കളുടെ യഥാര്‍ത്ഥ മുഖം വെളിവാക്കും എന്നും കുടുംബം വ്യക്തമാക്കി. 

ഇതിനുപിന്നാലെ, ഇന്ന് രാവിലെ ടി. സിദ്ദിഖ് എംഎല്‍എ എന്‍.എം. വിജയന്റെ കുടുംബവുമായി ചര്‍ച്ച നടത്തിയിരുന്നു. ചര്‍ച്ചയുടെ വിശദാംശങ്ങള്‍ പരസ്യമായി പറയാന്‍ തയ്യാറല്ല എന്നായിരുന്നു കൂടിക്കാഴ്ചയ്ക്ക് ശേഷം എംഎല്‍എ മാധ്യമങ്ങളോട് പറഞ്ഞത്. പിന്നാലെ, വൈകുന്നേരത്തോടെയാണ് എ.പി. അനില്‍കുമാര്‍ എംഎല്‍എ അടക്കമുള്ള നേതാക്കള്‍ കുടുംബവുമായി സമവായ ചര്‍ച്ചയ്ക്ക് തയ്യാറെടുക്കുന്നു എന്ന വിവരം പുറത്തുവന്നത്. 

തെരഞ്ഞെടുപ്പും കെപിസിസി പുനഃസംഘടനയും അടക്കമുള്ളവ അടുത്തിരിക്കെ ഈ വിഷയം വലിയ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കും എന്ന തിരിച്ചറിവിന്റെ പുറത്താണ് കോണ്‍ഗ്രസിന്റെ പുതിയ നീക്കം എന്നാണ് വിവരം.