
തിരുവനന്തപുരം: കോൺഗ്രസ് നേതാവ് രാഹുൽഗാന്ധി ടി ഷർട്ടിലേക്കും ജീൻസിലേക്കും വഴിമാറി. ശശി തരൂർ എംപി തിളങ്ങുന്നത് മിക്കപ്പോഴും കളർജുബ്ബയിൽ. കേരളത്തിലും ഖദറിലും വെള്ളയിലുമുള്ള നേതാക്കൾ കുറയുന്നു, പ്രത്യേകിച്ചും യുവനിരയിൽ. ഖാദിയിൽനിന്ന് കോൺഗ്രസുകാർ വഴിമാറിനടക്കുമ്പോൾ പാർട്ടിയിൽനിന്ന് ചോദ്യമുയരുകയാണ്, ഖദറിടാതെ നടക്കുന്നതാണ് ന്യൂജെൻ എന്ന ധാരണയാണോ കോൺഗ്രസുകാർക്കെന്ന്?
കേരളത്തിലെ യുവനേതാക്കൾ പലരും വേഷം മാറിക്കഴിഞ്ഞു. എംപിമാരായ ഹൈബി ഈഡനും ഷാഫി പറമ്പിലും എംഎൽഎമാരായ രാഹുൽ മാങ്കൂട്ടവും മാത്യു കുഴൽനാടനും മുൻ എംഎൽഎമാരായ വി.ടി. ബൽറാമും ശബരീനാഥുമൊക്കെ ഇക്കൂട്ടത്തിൽപ്പെടും.
യുവനേതാക്കൾ കള്ളിയും പുള്ളിയും കളറുമുള്ള ഷർട്ടിലേക്കും ടി ഷർട്ടിലേക്കും ജീൻസിലേക്കുമൊക്കെ മാറുന്നതുകണ്ട് കെപിസിസി രാഷ്ട്രീയകാര്യസമിതി അംഗമായ അജയ് തറയിലാണ് ഫെയ്സ്ബുക്ക് കുറിപ്പിലൂടെ ‘മനംനൊന്ത്’ ഈ ചോദ്യമുന്നയിച്ചിരിക്കുന്നത്. മുതലാളിത്തത്തിനെതിരേ ഒരുകാലത്ത് കോൺഗ്രസുകാർ ആയുധമാക്കിയ ഖദറിനെ യുവനിരകോൺഗ്രസുകാർ ഉപേക്ഷിക്കുന്നെന്ന് കുറ്റപ്പെടുത്തിയ കുറിപ്പിന്റെപേരിൽ പാർട്ടിയിൽ അലക്കലും തേക്കലും നടക്കുകയാണിപ്പോൾ.
ഈ ഖദർവാദത്തെ കോൺഗ്രസ് നേതാക്കൾ അത്രയങ്ങ് പിന്തുണച്ചില്ലെന്നതാണ് നേര്. ‘‘വസ്ത്രധാരണത്തിൽ നിർദേശം കൊടുക്കാനില്ല. പണ്ട് ഖദറിനെ പ്രതീകമായാണ് കണ്ടത്. ഖദർധരിക്കുന്ന ചെറുപ്പക്കാരുണ്ട്, ധരിക്കാത്തവരുമുണ്ട്. ഞാനും എല്ലാതരത്തിലുമുള്ള വസ്ത്രങ്ങൾ ഉപയോഗിക്കുന്നയാളാണ്’’ -പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ പറഞ്ഞു.
യുവാക്കൾക്ക് ഇഷ്ടവസ്ത്രം ധരിക്കാമെന്നായിരുന്നു കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫിന്റെ പ്രതികരണം. ‘‘വസ്ത്രം ഏതായാലും മനസ്സ് നന്നായാൽമതി, അല്ലേ’’ എന്നായിരുന്നു മുൻ എംഎൽഎ കെ.എസ്. ശബരീനാഥിന്റെ പ്രതികരണം. ‘‘ഖദറിനോട് വിയോജിപ്പില്ല, കംഫർട്ടായത് ധരിക്കുക’’ -വി.ടി. ബൽറാം നയം വ്യക്തമാക്കി.
95 ശതമാനം കോൺഗ്രസുകാർ ഖദർ ധരിക്കുന്നുണ്ടെന്നും ഖാദിയുടുക്കാതെനടക്കുന്ന ചിലർ തങ്ങളാണ് ശരിയെന്നും മറ്റുള്ളവർ മണ്ടന്മാരാണെന്നു പറയുകയാണെന്നും സഹിക്കാൻ കഴിയാതെയാണ് പ്രതികരിച്ചതെന്നും അജയ് തറയിൽ പിന്നീട് പ്രതികരിച്ചു.
Content Highlights: Khadi's Decline in Kerala Congress? Young Leaders' Clothing Choices Spark Party Debate
Published: 03 Jul 2025, 06:43 am IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented