
തിരുവനന്തപുരം: നേതൃമാറ്റത്തെച്ചൊല്ലി കോൺഗ്രസിൽ നിഴൽയുദ്ധം. ഉപതിരഞ്ഞെടുപ്പ് പ്രവർത്തനത്തിൽനിന്ന് അകറ്റിനിർത്തിയെന്ന പരാതി പരസ്യപ്പെടുത്തി ചാണ്ടി ഉമ്മൻ എം.എൽ.എ.യാണ് വിവാദത്തിന് തിരികൊളുത്തിയത്. കെ.പി.സി.സി. പ്രസിഡന്റ് കെ. സുധാകരനെ പഴിക്കേണ്ടെന്ന് കൂടി കൂട്ടിച്ചേർത്തതോടെ കാര്യങ്ങൾക്ക് വ്യക്തത കൈവന്നു.
ഉപതിരഞ്ഞെടുപ്പ് പ്രവർത്തനം ഏകോപിപ്പിച്ചത് പ്രതിപക്ഷ നേതാവായിരുന്നതിനാൽ ചാണ്ടി ഉമ്മന്റെ വിമർശനലക്ഷ്യം വ്യക്തം. പിന്നാലെ കെ. മുരളീധരനും സുധാകരനെ പിന്തുണച്ച് രംഗത്തുവന്നു. നേതൃത്വമാറ്റമുണ്ടെങ്കിൽ സുധാകരൻ മാത്രമായി മാറേണ്ടെന്നാണ് ഇവരുടെ അഭിപ്രായം. കോൺഗ്രസിൽ ഉയർന്നുവരുന്ന ഷാഫി പറമ്പിൽ ഉൾപ്പെടുന്ന പുതുനിരയുമായി ചാണ്ടി ഉമ്മനുള്ള അകൽച്ചയുടെ പ്രതിഫലനമായിരുന്നു ഇത്. ശശി തരൂരും രമേശ് ചെന്നിത്തലയും നേരത്തെതന്നെ ഈഭാഗത്ത് നിലയുറപ്പിച്ചിരുന്നു.
ഉപതിരഞ്ഞെടുപ്പ് കഴിഞ്ഞപ്പോൾതന്നെ സംസ്ഥാന കോൺഗ്രസ് പുനഃസംഘടനയും അനൗപചാരിക ചർച്ചകളിൽ നിറഞ്ഞിരുന്നു. സംഘടനാദൗർബല്യം പരിഹരിച്ച് പഞ്ചായത്ത് തിരഞ്ഞെടുപ്പിന് ഒരുങ്ങുകയാണ് അടുത്ത ലക്ഷ്യമെന്ന പ്രഖ്യാപനം പുനഃസംഘടനാനീക്കം ബലപ്പെടുത്തി. അനാരോഗ്യംമൂലം കെ. സുധാകരനെ പ്രസിഡന്റ് സ്ഥാനത്തുനിന്നു മാറ്റാൻ ഇടയ്ക്ക് നീക്കം നടന്നതിനാൽ ചർച്ച പോയത് ആ ദിശയിൽ.
എന്നാൽ താൻ മാറുന്നില്ലെന്ന് പ്രഖ്യാപിച്ച സുധാകരൻ, വേണമെങ്കിൽ പുനഃസംഘടന പത്തുമിനിറ്റ് കൊണ്ട് നടത്താമെന്നും വ്യക്തമാക്കി. ലോക്സഭ, നിയമസഭാ ഉപതിരഞ്ഞെടുപ്പുകളെല്ലാം വിജയിച്ചഘട്ടത്തിൽ കെ.പി.സി.സി. പ്രസിഡന്റിനെ മാറ്റുന്നത് ശരിയല്ലെന്ന് ഒരു വിഭാഗം താത്പര്യപ്പെടുന്നു. എന്നാൽ പ്രതിപക്ഷനേതാവാണ് എല്ലാറ്റിനും ചുക്കാൻ പിടിച്ചതെന്നും അദ്ദേഹത്തോട് ഒരുമയോടെ മുന്നോട്ടുപോകുന്ന ഒരാൾ പ്രസിഡന്റ് സ്ഥാനത്ത് വരണമെന്നുമാണ് മറ്റൊരു വിഭാഗത്തിന്റെ ആവശ്യം. കെ.പി.സി.സി. ഭാരവാഹികൾ, ഡി.സി.സി. പ്രസിഡന്റുമാർ എന്നിവരുടെ മാറ്റവും ഇതോടൊപ്പം നടക്കേണ്ടതാണ്.
കെ.പി.സി.സി. പ്രസിഡന്റിനെ മാറ്റണോയെന്ന കാര്യത്തിൽ ഹൈക്കമാൻഡാണ് വ്യക്തത വരുത്തേണ്ടതെന്ന് സംസ്ഥാനത്തെ മുതിർന്ന നേതാക്കൾ ചൂണ്ടിക്കാട്ടുന്നു. മാറ്റാനാണ് തീരുമാനമെങ്കിൽ അതുടനെ വേണം. തീരുമാനം നീട്ടിക്കൊണ്ടുപോകുന്നത് വിഭാഗീയത കനപ്പിക്കും. പ്രസിഡന്റിനെ മാറ്റുന്നില്ലെങ്കിൽ അക്കാര്യം വൃക്തമാക്കി ആ വഴിക്കുള്ള ചർച്ച ഒഴിവാക്കണം. ഇക്കാര്യം കേന്ദ്രനേതൃത്വത്തെ സംസ്ഥാനനേതാക്കൾ അറിയിച്ചിട്ടുണ്ട്.
എ.ഐ.സി.സി. ജനറൽ സെക്രട്ടറി ദീപാദാസ് മുൻഷിയടക്കം സുധാകരൻ മാറണമെന്ന അഭിപ്രായത്തിനൊപ്പമാണെന്നാണ് സൂചന. എന്നാൽ പകരമാര് എന്ന ചോദ്യത്തിന് ഉത്തരം കണ്ടെത്തുക ഹൈക്കമാൻഡിന് അത്ര എളുപ്പമല്ല. സുധാകരനെ വിശ്വാസത്തിലെടുത്തേ മാറ്റാവൂയെന്ന നിലപാടിലാണ് കെ.സി. വേണുഗോപാലെന്നാണ് സൂചന.
ഹൈക്കമാൻഡ് സ്വതന്ത്രമനസോടെ തീരുമാനമെടുക്കട്ടെയെന്ന അഭിപ്രായത്തിലാണ് വി.ഡി. സതീശൻ. അതേസമയം തന്നെ എതിർക്കുന്ന ഒരു ചേരി രൂപപ്പെടുന്നുവെന്ന തിരിച്ചറിവും അദ്ദേഹത്തിനുണ്ട്.
Content Highlights: Congress faces leadership crisis as calls for KPCC president K. Sudhakaran`s removal intensify
Published: 11 Dec 2024, 06:30 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented