ചോറ്റാനിക്കര: പോക്‌സോ കേസ് അതിജീവിതയായ 20-കാരിയെ വീടിനുള്ളില്‍ അവശനിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പ്രതിയെ തെളിവെടുപ്പിനായി വീട്ടിലേക്ക് എത്തിച്ചു. ചോറ്റാനിക്കരയ്ക്കു സമീപമാണ് ഞായറാഴ്ച ഉച്ചയ്ക്കുശേഷം യുവതിയെ വീട്ടിനുള്ളില്‍ കഴുത്തില്‍ കയര്‍ മുറുകി പരിക്കേറ്റ നിലയിലും കൈയില്‍ മുറിവേറ്റ നിലയിലും പെൺകുട്ടിയെ കണ്ടത്. രണ്ടു ദിവസമായി ആശുപത്രിയില്‍ ഗുരതരാവസ്ഥയില്‍ തുടരുകയാണ്.

To advertise here,

ഇന്നലെ രാവിലെയാണ് പ്രതിയായിട്ടുള്ള അനൂപിനെ പോലീസ് കസ്റ്റഡിയിലെടുത്തത്. ചോദ്യം ചെയ്യലിന് ശേഷമാണ് പ്രതിയെ തെളിവെടുപ്പിനായി സംഭവം നടന്ന വീട്ടിലേക്ക് എത്തിച്ചത്. കനത്ത പോലീസ് സാന്നിധ്യത്തിലാണ് പ്രതിയെ തെളിവെടുപ്പിന് കൊണ്ടുവന്നത്. ശനിയാഴ്ചയാണ് ഇയാള്‍ പെണ്‍കുട്ടി താമസിക്കുന്ന വീട്ടിലെത്തിയതെന്നാണ് വിവരം. തര്‍ക്കമുണ്ടായതിന്റെ പേരില്‍ ഇയാള്‍ പെണ്‍കുട്ടിയെ ക്രൂരമായി മര്‍ദിക്കുകയായിരുന്നു.

പെണ്‍കുട്ടിയുടെ തല ഇയാള്‍ ഭിത്തിയിലിടിക്കുകയും ശ്വാസം മുട്ടിക്കാന്‍ ശ്രമിക്കുകയും ചെയ്തു. ഇയാള്‍ പെണ്‍കുട്ടിയോട് ചത്തൂടേ എന്ന് ചോദിച്ചതായും പോലീസ് പറയുന്നു. ഇതിന് ശേഷമാണ് പെണ്‍കുട്ടി ആത്മഹത്യക്ക് ശ്രമിച്ചത്. പെണ്‍കുട്ടി ഷാളില്‍ തൂങ്ങി മരണവെപ്രാളത്തിലായതോടെ ഇയാള്‍ ഷാള്‍ മുറിച്ചു. അതിന് ശേഷവും അനൂപ് പെണ്‍കുട്ടിയെ ഉപദ്രവിച്ചതായും പിന്നീട് മരിച്ചെന്ന് കരുതി രക്ഷപ്പെടുകയായിരുന്നുവെന്നും പോലീസ് പറയുന്നു. പെണ്‍കുട്ടിയുമായി സൗഹൃദത്തിലായിരുന്ന ഇയാളുടെ സംശയ രോഗമാണ് മര്‍ദനത്തിലേക്ക് നയിച്ചത്.

പെണ്‍കുട്ടിയുടെ കയ്യിലെ മുറിവ് ഉറുമ്പരിച്ച നിലയിലായിരുന്നു. അര്‍ധ നഗ്‌നാവസ്ഥയിലായിരുന്ന പെണ്‍കുട്ടിയെ ചോറ്റാനിക്കര പോലീസും ബന്ധുക്കളും ചേര്‍ന്ന് തൃപ്പൂണിത്തുറ ഗവണ്‍മെന്റ് ആശുപത്രിയിലും തുടര്‍ന്ന് എറണാകുളം ജനറല്‍ ആശുപത്രിയിലും എത്തിച്ചു. പരിക്ക് ഗുരുതരമായതിനാല്‍ പിന്നീട് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. യുവതി ഇപ്പോള്‍ അതീവ ഗുരുതരാവസ്ഥയില്‍ തീവ്രപരിചരണ വിഭാഗത്തിലാണ്.