തിരുവനന്തപുരം: സഭാ ടിവിയിലെ ദൃശ്യങ്ങളിൽ നിന്ന് തന്റെ പരാമർശം മാത്രം നീക്കം ചെയ്തെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. മുഖ്യമന്ത്രിയും പാർലമെന്ററികാര്യമന്ത്രിയും സ്പീക്കറും പറഞ്ഞതു മാത്രം നൽകാനാണെങ്കിൽ എന്തിനാണ് സഭാ ടിവിയെന്നും സതീശൻ ചോദിച്ചു.

To advertise here,

മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും തമ്മിലുണ്ടായ ഡിബേറ്റ് പൊതുജനം കാണേണ്ടതല്ലേ. ഏകാധിപത്യപരമായ പ്രവർത്തിയാണ് നടക്കുന്നത്. പിണറായി വിജയൻ നരേന്ദ്ര മോദിയാകാൻ ശ്രമിക്കുകയാണ്. വരും ദിവസങ്ങളിലും സഭയിൽ പ്രതിപക്ഷം വിഷയം വീണ്ടും ഉന്നയിക്കുമെന്നും സതീശൻ പറഞ്ഞു.

മുഖ്യമന്ത്രിയുടെ അഴിമതിവിരുദ്ധ പ്രസം​ഗം ചെകുത്താൻ വേദമോതുന്നത് പോലെയാണെന്ന് പ്രതിപക്ഷ നേതാവ് സഭയിൽ പറഞ്ഞിരുന്നു. നിലവാരമില്ലായ്മ എന്തെന്നറിയാൻ സ്വയം കണ്ണാടിയിൽ നോക്കണം. ഭരണപക്ഷത്തിന്റെ നിലവാരത്തിലേക്ക് താഴാതിരിക്കാനാണ് ശ്രമിക്കുന്നതെന്നും സതീശൻ പറഞ്ഞു.

സതീശൻ കാപട്യത്തിന്റെ മൂർത്തികമാണെന്ന് മുഖ്യമന്ത്രി തിരിച്ചടിച്ചു. തന്നോട് കണ്ണാടിയിൽ നോക്കാനൊന്നും പറയണ്ട. അതൊന്നും ഇങ്ങോട്ട് വേണ്ടെന്നും ഏശില്ലെന്നും മുഖ്യമന്ത്രി സഭയിൽ പ്രതികരിച്ചു.

ഇതിന് പിന്നാലെയാണ് നിയമസഭയിൽ നാടകീയ രം​ഗങ്ങൾ അരങ്ങേറിയത്. കയ്യാങ്കളിയിലേക്ക് നീങ്ങുന്ന സാഹചര്യം ഉടലെടുത്തു. പ്രതിപക്ഷം സ്പീക്കറുടെ ഡയസിന് മുന്നിലെത്തി ബാനർ കെട്ടി പ്രതിഷേധിച്ചു. മാത്യു കുഴൽനാടനും അൻവർ സാദത്തും ഐ.സി. ബാലകൃഷ്ണനും സ്പീക്കറുടെ ഡയസിൽ കയറി. ബഹളത്തെ തുടർന്ന് സഭ ഇന്നത്തേക്ക് പിരിഞ്ഞു.