
പാലക്കാട്: അമ്മ ആര്‍. രമ്യയുടെ കൈ പിടിച്ചാണ് തിങ്കളാഴ്ച മുണ്ടൂര്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ അഞ്ചാം ക്ലാസിലേക്ക് അവ്യക്ത് എത്തിയത്. ചൂരല്‍മല, മുണ്ടക്കൈ ഉരുള്‍പൊട്ടലില്‍നിന്ന് അദ്ഭുതകരമായി രക്ഷപ്പെട്ട പത്തുവയസ്സുകാരന്‍ ഇനി അമ്മയുടെ നാടായ പാലക്കാട് മുണ്ടൂരിലെ സ്‌കൂളില്‍ പഠനം തുടരും. അവ്യക്തിനും രമ്യയ്ക്കും പുതുജീവിതത്തിലേക്കുള്ള ആത്മവിശ്വാസത്തിന്റെ ചുവടുവെയ്പുകൂടിയാണിത്.
മലയുടെ മടിത്തട്ടിലെ വെള്ളാര്‍മല എല്‍പി സ്‌കൂള്‍ അവ്യക്തിന്റെ ഓര്‍മ്മകളില്‍ ഇപ്പോഴുമുണ്ട്. പഴയ കൂട്ടുകാരെയും അധ്യാപകരെയും കിട്ടാത്തതിന്റെ ചെറിയ നിരാശയുണ്ടായിരുന്നെങ്കിലും മിഠായിയുമായി പുതിയ കൂട്ടുകാരും തമാശകള്‍ പറഞ്ഞ് അധ്യാപകരും എത്തിയതോടെ അവ്യക്ത് ഹാപ്പിയായി. മുതിര്‍ന്ന ചേട്ടന്‍ തയ്യാറാക്കിയ റോബോട്ടും അവ്യക്തിനെ സ്വാഗതം ചെയ്യാനുണ്ടായിരുന്നു.
അച്ഛനെയും അനിയത്തിയെയും കവര്‍ന്ന ദുരന്തം തത്കാലത്തേക്ക് മറന്ന് അവന്‍ കൂട്ടുകാരോടൊപ്പം കളിച്ചു, ചിരിച്ചു. സ്‌കൂളിലെ യുപി വിഭാഗം പ്രവേശനോത്സവത്തിലെ മുഖ്യാതിഥികൂടിയായിരുന്നു അവ്യക്ത്.
അവ്യക്തിന്റെ അച്ഛന്‍ മഹേഷ്, അനുജത്തി ആരാധ്യ, മഹേഷിന്റെ അച്ഛന്‍ വാസു, അമ്മ ഓമന എന്നിങ്ങനെ കുടുംബത്തിലെ നാലുപേരെയാണ് അന്ന് ഉരുള്‍ കൊണ്ടുപോയത്. ഒരു രാത്രിമുഴുവന്‍ പരിക്കുകളോടെ ചെളിയില്‍ കിടന്ന് അവ്യക്തും മരണത്തോട് മല്ലടിച്ചു. മൂക്കിലും വായിലും ശ്വാസകോശത്തിലുമടക്കം ചെളി നിറഞ്ഞ് ഗുരുതരാവസ്ഥയിലായി. പാറകള്‍ക്കിടയില്‍നിന്ന് ഒരു മിടിപ്പുമാത്രമായാണ് അവ്യക്തിനെ പുറത്തെടുത്തത്. ആഴ്ചകള്‍ നീണ്ടുനിന്ന വിദഗ്ധചികിത്സയ്ക്കുശേഷമാണ് അവന്‍ ജീവിതത്തിലേക്ക് തിരിച്ചുവന്നത്.
ദുരന്തത്തിന്റെ ഓര്‍മകളില്‍നിന്ന് കര കയറാനാണ് വയനാട്ടില്‍നിന്നും പാലക്കാട് മുണ്ടൂര്‍ കയറംകോടത്തെ വീട്ടിലേക്ക് രമ്യയും അവ്യക്തും തിരിച്ചുവന്നത്. 2007-ല്‍ താന്‍ പഠിച്ചിറങ്ങിയ മുണ്ടൂര്‍ സ്‌കൂളില്‍തന്നെ മകനെയും ചേര്‍ക്കാന്‍ തീരുമാനിക്കുകയായിരുന്നുവെന്ന് രമ്യ പറഞ്ഞു. ''ഞാനും മഹേഷേട്ടനും ചേര്‍ന്നാണ് എല്ലാ വര്‍ഷവും സ്‌കൂളിലേക്ക് വരിക. ഇത്തവണ അദ്ദേഹമില്ല. അവ്യക്തിന്റെ കൈ പിടിക്കാന്‍ മകളുമില്ല. ദുരന്തം അവ്യക്ത് മറന്നുതുടങ്ങിയെങ്കിലും ഇടയ്ക്ക് അച്ഛനെയും അനിയത്തിയെയും ചോദിക്കും. എന്തെങ്കിലുമൊക്കെ പറഞ്ഞ് സമാധാനിപ്പിക്കും. ഇനി ഞങ്ങള്‍ വയനാട്ടിലേക്കില്ല. മകന്റെ പഠനമാണ് ലക്ഷ്യം. എന്തെങ്കിലും ജോലി കണ്ടെത്തി കുടുംബം മുന്നോട്ടുകൊണ്ടുപോകണം. കഴിയുമോയെന്ന് അറിയില്ലെങ്കിലും വേദനിപ്പിക്കുന്ന ഓര്‍മകളെ മറന്നുതുടങ്ങണം'' -രമ്യ പറഞ്ഞു.
Content Highlights: A 10-year-old miraculously survives a landslide and begins 5th grade in Palakkad, Kerala
Published: 03 Jun 2025, 08:25 am IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented