പാലോട്: നാലുവയസ്സുവരെ ലോകം കാണാതിരുന്ന ശ്രേയസ്സിന് ഇപ്പോൾ അച്ഛനമ്മമാരെ കാണാം, നിറങ്ങൾ തിരിച്ചറിയാം. ഇനി സ്കൂളിലും പോകാം. അതിനു വഴിയൊരുക്കിയ ഐഎംഎയുടെ നെടുമങ്ങാട് ശാഖാഭാരവാഹികളെയും അവൻ ആദ്യമായി കണ്ടു. പെരിങ്ങമ്മല പഞ്ചായത്തിലെ കല്ലണകരിക്കകം ആദിവാസി ഉന്നതിയിലെ ശ്രേയസ്സിനു വെളിച്ചമായത് ‘മാതൃഭൂമി’യുടെ വാർത്തയാണ്.

To advertise here,

ജന്മനാ കാഴ്ചയില്ലാത്ത ഈയക്കോട് കല്ലണകരിക്കകം സേതുകുമാർ-മാവിക ദമ്പതിമാരുടെ മകൻ ശ്രേയസ്സിന്റെ സങ്കടം ഏപ്രിൽ 20-നാണ് ‘മാതൃഭൂമി’ പ്രസിദ്ധീകരിച്ചത്. കുഞ്ഞിന്റെ കാഴ്ച വീണ്ടെടുക്കാൻ ചികിത്സയ്ക്കു പണമില്ലാത്ത നിർധനരായ ആദിവാസിക്കുടുംബത്തിന്റെ സങ്കടമറിഞ്ഞ് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ (ഐഎംഎ) നെടുമങ്ങാട് ശാഖ സഹായത്തിനെത്തുകയായിരുന്നു. കുട്ടിയുടെ ചികിത്സാച്ചെലവുകൾ മുഴുവൻ അവർ ഏറ്റെടുത്തു.

തമിഴ്‌നാട്ടിലെ അരവിന്ദ് കണ്ണാശുപത്രിയിൽ മൂന്ന് ഘട്ടങ്ങളിലായി നടത്തിയ ശസ്ത്രക്രിയയിലാണ് കാഴ്ചശേഷി കിട്ടിയത്. അവസാന ശസ്ത്രക്രിയ ജൂൺ 17-ന് നടന്നു. 27-ന് തിരിച്ചെത്തി. ഞാറനീലി കാണി യുപിഎസിൽ ശ്രേയസ്സിനെ ചേർക്കുകയുംചെയ്തു. ഇന്നവനു ലോകം മുഴുവൻ കാണാം. കാറ്റും മഴയും പ്രകൃതിയും കാടിനുള്ളിലിരുന്ന് അവൻ കണ്ട് ആസ്വദിക്കുകയാണ്..

ഐഎംഎയുടെ ഭാരവാഹികളും അഭ്യുദയകാംക്ഷികളും കഴിഞ്ഞദിവസം മലകയറി ശ്രേയസ്സിനെ കാണാനെത്തി. ഐഎംഎയുടെ നെടുമങ്ങാട് മേഖലാ പ്രസിഡന്റ് ഡോ. ഹേമ ഫ്രാൻസിസ്, സ്ഥാപക പ്രസിഡന്റ് ഡോ. ദിനേശ്, എക്സിക്യുട്ടീവ് അംഗം ഡോ. ആദിൽഖാൻ, മാതൃഭൂമി പാലോട് ഏജന്റ് രാധാകൃഷ്ണൻ, പൊതുപ്രവർത്തക സോഫിയ എന്നിവരടങ്ങുന്ന സംഘമാണ് ശ്രേയസ്സിനെ കാണാൻ കൈനിറയെ സമ്മാനങ്ങളുമായി ആദിവാസി ഉന്നതിയിലെത്തിയത്. കുട്ടിയുടെ പഠനത്തിന് ആവശ്യമായ സഹായങ്ങൾ ഏർപ്പെടുത്തുമെന്ന് ഡോ. ഹേമാ ഫ്രാൻസിസ് പറഞ്ഞു.