
കോഴിക്കോട്: നെല്ലിക്കോട് വയോധികയുടെ ഭൂമി സ്വകാര്യവ്യക്തികള്‍ തട്ടിയെടുക്കാന്‍ ശ്രമിക്കുന്നതായി പരാതി. തൊണ്ടയാട് ബൈപ്പാസിന് സമീപം നെല്ലിക്കോട് കുന്നത്തുതാഴത്ത് തോട്ടപ്പാട്ടില് സുമതിയുടെ അഞ്ച് സെന്റ് ഭൂമിയിലേക്കുള്ള വഴി മുടക്കുന്നതായാണ് പരാതി. ഇവരുടെ സ്ഥലത്തോടു ചേര്‍ന്നുള്ള ഭൂമിയുടെ ഉടമകള്‍ ജെ.സി.ബി. ഉപയോഗിച്ച് വലിയ ഗര്‍ത്തം ഉണ്ടാക്കിയെന്നാണ് സുമതി പറയുന്നത്.
വഴി ഇല്ലാതായതോടെ സുമതിയ്ക്ക് തന്റെ സ്ഥലത്തേക്ക് കടക്കാന്‍ പറ്റാതായി. ഇവര്‍ക്ക് പൈതൃക സ്വത്തായി ലഭിച്ചതാണ് ഈ അഞ്ച് സെന്റ് സ്ഥലം. 1995-ലാണ് ഈ ഭൂമി സുമതിയുടെ പേരിലേക്ക് രജിസ്റ്റര്‍ ചെയ്തത്. മകനോടൊപ്പം താമസിക്കുന്ന സുമതി ബാങ്ക് വായ്പയെടുത്ത് ഈ ഭൂമിയില്‍ സ്വന്തമായി വീട് ഉണ്ടാക്കാന്‍ ശ്രമം തുടങ്ങിയതോടെയാണ് ഇതിനോട് ചേര്‍ന്ന് ഭൂമിയുള്ള വ്യക്തികള്‍ ഈ ഭൂമി കൈവശപ്പെടുത്താനുള്ള ശ്രമങ്ങള്‍ തുടങ്ങിയതെന്ന് സുമതി പറയുന്നു.
ഭൂമി വില്‍ക്കുമോയെന്ന് ബ്രോക്കര്‍മാരെ വിട്ട് പലതവണ അന്വേഷിച്ചിരുന്നു. എന്നാല്‍ ഭൂമി വില്‍ക്കില്ലെന്നും അവിടെ വീട് ഉണ്ടാക്കുമെന്നും താന്‍ നിലപാട് എടുത്തതോടെയാണ് സ്ഥലത്തേക്കുള്ള വഴി നശിപ്പിച്ചത് എന്ന് സുമതി പറയുന്നു. പന്തീരങ്കാവ് വില്ലേജില്‍ റി.സ.നമ്പര്‍ 14-ല്‍പ്പെട്ട 15 സെന്റ് ഭൂമിയില്‍ നിന്ന് 1926-ാം നമ്പര്‍ ആധാരപ്രകാരം അഞ്ച് സെന്റ് ഭൂമി ഇഷ്ടദാനമായി നല്കുമ്പോള് കൃത്യമായി നാല് അടി വഴി രേഖപ്പെടുത്തിയിട്ടുണ്ട്. 1965- മുതല്‍ ഈ വഴി ഉപയോഗിച്ചുവരുന്നുണ്ട്. ഈ സ്ഥലത്തിന് കൃത്യമായി നികുതി അടയ്ക്കുന്നുണ്ടെന്നും സുമതി പറയുന്നു.
നേരത്തെ ഈ ഭൂമിയിലേക്ക് നടപ്പാതയായി ഉപയോഗിച്ചുവരുന്ന വഴിയും ഇത്തരത്തില്‍ നശിപ്പിച്ചിട്ടുണ്ടെന്നും എന്നാല്‍ അത് ആധാരത്തിലില്ലാത്ത വഴി അല്ലാത്തതിനാല്‍ പരാതി നല്കാന് കഴിഞ്ഞില്ലെന്നും സുമതി പറയുന്നു. ഇപ്പോള്‍ ആധാരത്തില്‍ രേഖപ്പെടുത്തിയ വഴിയും പോയതോടെയാണ് സുമതി പന്തീരങ്കാവ് പോലീസിലും വില്ലേജ് ഓഫീസിലും കമ്മീഷണര്‍ക്കും കളക്ടര്‍ക്കും പരാതി നല്‍കിയത്.
പന്തീരങ്കാവ് പോലീസ് അന്വേഷണം നടത്തി പോവുകയും വില്ലേജ് ഓഫീസില്‍ നിന്ന് ഉദ്യോഗസ്ഥര്‍ എത്തി പരിശോധിക്കുകയും ചെയ്തതല്ലാതെ രണ്ട് മാസമായിട്ടും നടപടി ഒന്നും ഉണ്ടായില്ലെന്നും സുമതി പറയുന്നു. സുമതിയുടെ സ്ഥലത്തേക്കുളള വഴി ഇല്ലാതായാല്‍ ഈ ഭൂമി സുമതിയുടെ കൈയ്യില്‍ നിന്ന് വിട്ടുകിട്ടുമെന്ന് കരുതിയാണ് തൊട്ടടുത്തുള്ള ഭൂവുടമകള്‍ ഇത് ചെയ്തതെന്നും സുമതി ആരോപിക്കുന്നു. വഴിയില്‍ കിടങ്ങുണ്ടാക്കി നശിപ്പിച്ചവര്‍ക്കെതിരെ എസ്.സി. = എസ്ടി അതിക്രമ നിയമപ്രകാരം കേസ് എടുക്കണമെന്നും അവര്‍ ആവശ്യപ്പെടുന്നു.
ആഗസ്റ്റ് മാസത്തില്‍ കിട്ടിയ പരാതിയെ തുടര്‍ന്ന് സ്ഥലത്തു പോയി പരിശോധന നടത്തിയിട്ടുണ്ടെന്നാണ് പന്നിയങ്കര വില്ലേജ് ഓഫീസില്‍ നിന്ന് ലഭിക്കുന്ന വിശദീകരണം. അവിടെ ചെന്നപ്പോള്‍ പരാതിക്കാരി ഉണ്ടെന്ന് പറയുന്ന വഴി കണ്ടെത്താനായില്ല. തൊട്ടടുത്തുള്ള ഭൂമിയുടെ സര്‍വേ നടത്തണമെന്നും പരാതിയില്‍ ഉണ്ടായിരുന്നു. ഇത് പ്രകാരം സുമതിയുടെ ഭൂമിയോട് ചേര്‍ന്നുള്ള ഭൂമി അളക്കണമെന്നു് കാണിച്ച് തഹസില്‍ദാര്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ടെന്നും പന്തീരങ്കാവ് വില്ലേജ് ഓഫീസ് അധികൃതര്‍ പറയുന്നു.
Content Highlights: blocked the way to the woman's land
Published: 22 Nov 2022, 12:27 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented